ദുരന്തബാധിതര്‍ ദുരിതത്തില്‍
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലക്കാര്‍ക്ക് സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ ഇനിയും കാത്തിരിക്കണം. പുനരധിവാസ പദ്ധതിയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് വൈകുന്നതിനാല്‍ വലിയ തുക വാടക നല്‍കി കഴിയേണ്ട ഗതികേടിലാണ് ദുരന്തബാധിതരിപ്പോഴും. വാടക ഇനത്തില്‍ പഞ്ചായത്ത് അധികൃതര്‍ ചില കുടുംബങ്ങള്‍ക്ക് ഓരോ മാസവും തുക നല്‍കുന്നുണ്ടെങ്കിലും ഇത് മതിയാവില്ല. ബാക്കി തുകയും ദുരന്തബാധിതര്‍ തന്നെ നല്‍കിയാണ് ഇപ്പോള്‍ കഴിയുന്നത്.
മേപ്പാടി പഞ്ചായത്തിലെ തന്നെ പൂത്തക്കൊല്ലിയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. തോട്ടം ഭൂമിയാണ് പദ്ധതിയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. ഇത് തരംമാറ്റിയാലേ പദ്ധതിയ്ക്കായി ഉപയോഗിക്കാനാകൂ. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും വേണം. കൂടാതെ രജിസ്‌ട്രേഷന് വരുന്ന ചെലവ് ആരു വഹിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതും സ്ഥലമേറ്റെടുപ്പ് വൈകിപ്പിക്കുകയാണ്. രജിസ്‌ട്രേഷന് ആവശ്യമായി വരുന്ന തുക സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്താല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നിരിക്കെ, വിഷയത്തിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കുന്നില്ലെന്ന ആക്ഷേപവും കുടുംബങ്ങള്‍ക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഈമാസം തന്നെ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്. എന്നാല്‍ മുന്‍പ് കള്ളാടിയില്‍ കണ്ടെത്തിയ സ്ഥലത്ത് തറക്കല്ലിടല്‍ വരെ തീരുമാനിച്ച ശേഷമാണ് നിയമപ്രശ്‌നങ്ങള്‍ കാരണം തുടര്‍നടപടികള്‍ നിലച്ചത്.
പദ്ധതി നടപ്പാക്കാന്‍ സ്‌പോണ്‍സര്‍ ഉണ്ടെന്നിരിക്കെ, ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുക മാത്രമാണ് സര്‍ക്കാരിന്റെ പ്രതിനിധിയായ മേപ്പാടി പഞ്ചായത്തിന് ചെയ്യാനുള്ളത്. എന്നാല്‍ ദുരന്തം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ഇതിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലക്കാരുടെ പുനരധിവാസത്തില്‍ ആകെയുള്ള അതിഥി വേഷവും ഭംഗിയാക്കാനാകാതെ ഒച്ചിഴയും വേഗത്തിലാണ് സര്‍ക്കാര്‍ നടപടികള്‍.
നിലവില്‍ മാസം 7000-8000 രൂപ വരെ വാടക നല്‍കിയാണ് കുടുംബങ്ങള്‍ കഴിയുന്നത്. ഏതാനും കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും മറ്റും ശേഖരിച്ച് 3000 രൂപ വാടകയിനത്തില്‍ നല്‍കുന്നുണ്ടെങ്കിലും ബാക്കി തുകയും ജീവിതച്ചെലവുകള്‍ക്കുമായി കുടുംബങ്ങളുടെ നെട്ടോട്ടം തുടരുകയാണ്.
ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപയുടെ അടിയന്തര സഹായം പോലും ലഭിക്കാത്ത 30ഓളം കുടുംബങ്ങളും ദുരന്തഭൂമിയിലുണ്ട്. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ആര്‍ക്കും ലഭിച്ചിട്ടില്ല.
ഉരുള്‍പൊട്ടലില്‍ ഭൂമി ഇല്ലാതായതോടെ പലര്‍ക്കും ജോലിയും ഇല്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."