മുസ്‌ലിംകളെ രണ്ടുതട്ടിലാക്കാന്‍ സര്‍വേ, ബംഗാളി സംസാരിക്കുന്നവര്‍ക്കെതിരായ നീക്കമെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: അസമില്‍ അസമീസ് ഭാഷ സംസാരിക്കുന്ന മുസ്ലിംകളെയും ബംഗാളി സംസാരിക്കുന്ന മുസ്്ലിംകളെയും രണ്ടായി തിരിച്ച് കണ്ടെത്താന്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വീടുവീടാന്തരം കയറി പ്രത്യേക സര്‍വേ നടത്തുന്നു. ബംഗാളി സംസാരിക്കുന്ന മുസ്്ലിംകളെ ലക്ഷ്യമിട്ട് നടപ്പാക്കിയ അസം പൗരത്വപ്പട്ടികയ്ക്കു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
വംശീയ വിവേചനം ലക്ഷ്യംവച്ചുള്ള നടപടിയാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അസം പൗരത്വപ്പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ഇതില്‍ എട്ടു ലക്ഷത്തോളം പേര്‍ ബംഗാളി സംസാരിക്കുന്ന അസം മുസ്്ലിംകളാണ്. 11 ലക്ഷം ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും പട്ടികയില്‍ നിന്ന് പുറത്തായെങ്കിലും ഇവര്‍ക്കു പുതിയ പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതുകൊണ്ട് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായാല്‍ ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ പോകാതെ തന്നെ മുസ്്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നേടാനാവും.
അസം പൗരത്വപ്പട്ടികയില്‍ നിന്ന് 50 ലക്ഷം ബംഗാളി സംസാരിക്കുന്ന മുസ്്ലിംകളെങ്കിലും പുറത്തുപോകേണ്ടതാണെന്നും അവരെല്ലാം ബംഗ്ലാദേശികളാണെന്നുമുള്ള നിലപാടാണ് ബി.ജെ.പിയുടേത്. അതിനാല്‍ നിലവിലെ പൗരത്വപ്പട്ടികയെ അവര്‍ അംഗീകരിച്ചിട്ടില്ല. രാജ്യമൊന്നാകെ വീണ്ടും പൗരത്വപ്പട്ടിക വരുമ്പോള്‍ കൂടുതല്‍ മുസ്്ലിംകളെ പൗരരല്ലാതാക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപം ശക്തമാണ്.
നിലവില്‍ അസമിലെ 3.12 കോടി ജനങ്ങളില്‍ 34 ശതമാനമാണ് മുസ്്ലിംകള്‍. ഇതില്‍ നാലു ശതമാനം മാത്രമാണ് ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ ആദിമനിവാസി വിഭാഗത്തില്‍പ്പെട്ട അസമീസ് സംസാരിക്കുന്ന മുസ്്ലിംകളുള്ളത്. ബാക്കിയുള്ളവരെല്ലാം ബ്രിട്ടീഷ് കാലത്തും അതിനു മുമ്പും കുടിയേറിയ ബംഗാളി സംസാരിക്കുന്നവരോ അവരുടെ പിന്‍മുറക്കാരായ അസമീസ് ഭാഷ സംസാരിക്കുന്നവരോ ആയ മുസ്്ലിംകളാണ്. ആദിമനിവാസികളെ കണ്ടെത്താനെന്ന പേരിലാണ് സര്‍വേ.
ഇതിനായി സെന്‍സസ് നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായും റവന്യൂ, ന്യൂനപക്ഷ വകുപ്പുകള്‍ ചേര്‍ന്ന് വീടുവീടാന്തരം കയറിയുള്ള സര്‍വേയായിരിക്കും നടത്തുകയെന്നും അസം ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി രഞ്ജിത് ദത്ത അറിയിച്ചു. ഇക്കാര്യം 2019-20ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ദത്ത വ്യക്തമാക്കി.
ആദിമനിവാസികളെ കണ്ടെത്താനെന്ന പേരിലായിരുന്നു ആദ്യം സര്‍വേ നടത്താന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് ആ പേര് ഒഴിവാക്കി. പകരം ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ പേരുകള്‍ പ്രത്യേകം എടുത്തുപറഞ്ഞാണ് സര്‍വേ നടത്തുന്നത്. ബംഗ്ലാദേശി മുസ്്ലിംകള്‍ സര്‍വേ പട്ടികയില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുമെന്നതിനാലാണ് അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബംഗാളി സംസാരിക്കുന്ന മുസ്്ലിംകള്‍ക്കെതിരേ വ്യാപകമായ വംശീയ കലാപങ്ങള്‍ അരങ്ങേറാറുള്ള അസമില്‍ സര്‍വേ വംശീയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് നിരവധി പേര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മുസ്്ലിംകളെ വംശത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."