കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മുഖ്യപ്രതിക്ക് ജാമ്യം
തിരൂര്‍: പൊലിസിന്റെയും വില്ലേജ് ഓഫിസറുടെയും അനാസ്ഥയെ തുടര്‍ന്ന് താനൂര്‍ സവാദ് കൊലക്കേസിലെ മുഖ്യപ്രതി ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (40)ന് ജാമ്യം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ പ്രതിരോധത്തില്‍. പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ബഷീറിന് ജാമ്യം ലഭിച്ചത്. മൂന്നുമാസത്തിലേറെയായിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് മുഖ്യപ്രതിക്ക് അനുകൂലമായത്. എന്നാല്‍ വില്ലേജ് ഓഫിസര്‍ സംഭവ സ്ഥല സ്കെച്ച് ഉള്‍പ്പെടെ തയാറാക്കി നല്‍കാത്തതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്നാണ് താനൂര്‍ സി.ഐ എം.ഐ ഷാജിയുടെ വിശദീകരണം.
ഇക്കാര്യം ബോധിപ്പിച്ചതിനെ തുടര്‍ന്ന് കോടതി വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫിസര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി അനുമതി തേടിയിരിക്കുകയാണെന്നും സി.ഐ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ നാലിനായിരുന്നു താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന് സവാദിന്റെ കൊലപാതകം. സവാദിന്റെ ഭാര്യ സൗജത്തും കാമുകന് ബഷീറും ചേര്‍ന്ന് സവാദിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് മുങ്ങിയ ബഷീറിനെ പൊലിസ് സമ്മര്‍ദം ചെലുത്തി നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ തുടക്കത്തില്‍ പൊലിസ് സ്വീകരിച്ച നടപടികള്‍ പിന്നീട് ഉണ്ടാകാത്തതാണ് കേസില്‍ തിരിച്ചടിയായത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളില്‍ ജാമ്യം അനുവദിക്കാമെന്ന ഇളവാണ് ബഷീറിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."