ഇന്‍വിറ്റേഷന്‍ വോളി: കെ.എസ്.ഇ.ബിക്ക് രണ്ടാം ജയം
പയ്യന്നൂര്‍: ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിയില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ വനിത വിഭാഗത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബിക്ക് രണ്ടാം ജയം. രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് വെസ്റ്റേണ്‍ റെയില്‍വേയെ പരാജയപ്പെടുത്തി (സ്‌കോര്‍ 25-23, 25-10, 21-25, 20-25, 15-10). ടൂര്‍ണമെന്റില്‍ റെയില്‍വെയുടെ രണ്ടാം പരാജയമാണിത്. ദേശീയ താരങ്ങള്‍ അണിനിരന്ന കെ.എസ്.ഇ.ബിക്ക് ആദ്യ സെറ്റ് തുടക്കത്തില്‍ മികച്ചതായിരുന്നു. മികച്ച മുന്നേറ്റം നടത്തിയ കെ.എസ്.ഇ.ബി.യെ സെറ്റ് പകുതിയാകുമ്പോഴേക്കും റെയില്‍വെ പിടിച്ചുകെട്ടി. എന്നാല്‍ ടി.ജി രാജയും രേഖയും ഫോമിലേക്ക് വന്നതോടെ റെയില്‍വേക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യ സെറ്റ് കെ.എസ്.ഇ.ബി നേടി. രണ്ടാം സെറ്റില്‍ കെ.എസ്.ഇ.ബിയുടെ സമഗ്ര ആധിപത്യമായിരുന്നു. മൂന്നാം സെറ്റില്‍ റെയില്‍വെ തിരിച്ചു വന്നു. പോരാട്ട വീര്യമെല്ലാം പുറത്തെടുത്ത ഇരുടീമുകളും ഗാലറിയെ ആവേശത്തിലാഴ്ത്തി. ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ വോളിബോളിന്റെ നിറഞ്ഞ സൗന്ദര്യം തിങ്ങിനിറഞ്ഞ ഗാലറി ആസ്വദിച്ചു. 16 പോയിന്റ് നേടി ഇരു ടീമും തുല്യത പാലിച്ചപ്പോള്‍ റെയില്‍വേയുടെ താരങ്ങള്‍ ഫോമിലെത്തി. ദേശീയ താരങ്ങളായ ശില്‍പ സ്‌കറിയ, റിമ്പിള്‍ ദേവി എന്നിവര്‍ ശക്തമായ സ്മാഷുകളിലൂടെ കെ.എസ്.ഇ.ബി പാളയം തകര്‍ത്തു. മൂന്നാം സെറ്റ് വെസ്റ്റേണ്‍ റെയില്‍വെ നേടി. ഇതിന്റെ തുടര്‍ച്ചയാണ് നാലാം സെറ്റിലും കണ്ടത്. ദേശീയ താരവും ടീമിന്റെ സെറ്ററുമായ ജിനി തുടര്‍ച്ചയായി ഏഴ് പോയിന്റ് നേടുന്നത് കണ്ടാണ് അഞ്ചാം സെറ്റ് ആരംഭിച്ചത്. ഇതില്‍ നിന്ന് കരകയറാന്‍ റെയില്‍വെക്ക് കഴിഞ്ഞില്ല. അനുഭവത്തിന്റെ പിന്‍ബലത്തില്‍ 15-10ന് അഞ്ചാം സെറ്റും കളിയും കെ.എസ്.ഇ.ബി നേടി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി ജ്യോതി കളിക്കാരെ പരിചയപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ അന്തര്‍ദേശീയ താരങ്ങള്‍ അണിനിരന്ന ഒ.എന്‍.ജി.സി ഡെറാഡൂണിന് മികച്ച വിജയം. വോളിബോളിന്റെ എല്ലാ ആവേശവും ഒത്തുചേര്‍ന്ന മത്സരത്തില്‍ ഐ.ഒ.ബി ചെന്നൈയെയാണ് ഒ.എന്‍.ജി.സി പരാജയപ്പെടുത്തിയത്.(സ്‌കോര്‍ 21-25, 25-23, 25-22, 25-14). ഏഷ്യയിലെ മികച്ച പ്രതിരോധ ഭടന്‍ സുബ്ബറാവു നയിച്ച ഒ.എന്‍.ജി.സിയില്‍ നവജിത്ത് സിങ്, വിനോദ് നേഗി, രാഹുല്‍, രഞ്ജിത്ത് സിങ് എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഉത്രപാണ്ഡ്യന്‍, നവീന്‍ രാജ ജേക്കബ്, സെല്‍വ പ്രഭു എന്നിവരുടെ പ്രകടനത്തില്‍ ആദ്യ സെറ്റ് ഐ.ഒ.ബി നേടിയെങ്കിലും തുടര്‍ന്നുള്ള മൂന്നു സെറ്റും വിജയിച്ച് ഒ.എന്‍.ജി.സി മത്സരം നേടി.
ഇന്ന് ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും. വനിതാ വിഭാഗത്തില്‍ കേരളാ പൊലിസ് സായി തലശേരിയെ നേരിടും. പുരുഷ വിഭാഗത്തില്‍ ഒ.എന്‍.ജി.സി ഡെറാഡൂണ്‍ ഇന്ത്യന്‍ നേവിയെയും ബി.പി.സി.എല്‍ കൊച്ചി ഇന്ത്യന്‍ ആര്‍മിയെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."