ട്രെംപിന്റെ സന്ദര്‍ശനം: അഹമ്മദാബാദിലെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ പണിയുന്നു
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വമ്പന്‍ സ്വീകരണമൊരുക്കാനായി അഹമ്മദാബാദില്‍ ചേരിപ്രദേശങ്ങള്‍ മതില്‍കെട്ടി മറച്ചു നഗരം സൗന്ദര്യവല്‍ക്കരിക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായുള്ള ചുവരുകളുടെ നിര്‍മാണം ആരംഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തില്‍ ഇറങ്ങുന്ന ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയാണിത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈമാസം 24നാണ് ട്രംപ് ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്നത്. വിമാനത്താവളത്തില്‍ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡിന് സമീപത്തെ ചേരിപ്രദേശം മറച്ചുകൊണ്ട് 6-7 അടി ഉയരത്തില്‍ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്‍മിക്കുന്നത്. ഇതിനൊപ്പം പാതയോരത്ത് ഈന്തപ്പനകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശരണ്യവാസ് ചേരി പ്രദേശത്ത് അഞ്ഞൂറോളം കുടിലുകളിലായി 2,500ഓളം ആളുകളാണു താമസിക്കുന്നത്. നഗര വികസനത്തിന്റെ മറുകാഴ്ചയായ ഈ ചേരിപ്രദേശം കാഴ്ചയില്‍ നിന്നു മറയ്ക്കുകയാണ് മതില്‍ നിര്‍മാണത്തിന്റെ ലക്ഷ്യം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ സമാനമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മോദിക്കായി സംഘടിപ്പിച്ച ഹൗഡി മോദി പരിപാടി പോലെ ട്രംപിനും ഇന്ത്യയില്‍ വന്‍ സ്വീകരണം ഒരുക്കാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."