ഞെട്ടല്‍ മാറാതെ പള്ളിക്കര
ഉദുമ: ദുരന്തത്തിന്റെ ഞെട്ടലില്‍നിന്ന് കഴിഞ്ഞ ദിവസവും പള്ളിക്കര മോചിതമായില്ല. ഒരു വലിയ ദുരന്തം നേരില്‍ കണ്ട ഭീതിയോടെയായിരുന്നു സര്‍വരും ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട കാര്‍ ക്രയിനുപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ഇടിയുടെ അഘാതത്തില്‍ ആല്‍മരത്തിന്റെ ഒരുഭാഗം കുഴിഞ്ഞുപോയിരുന്നു.
ചേറ്റുകുണ്ടില്‍നിന്നും മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാണ് ഈ വാഹനം പള്ളിക്കരയില്‍ എത്തുന്നത്. പള്ളിക്കരയില്‍ പാത നവീകരണം നടക്കുന്ന പ്രദേശത്തെത്തിയപ്പോള്‍ അമിത വേഗതയിലായിരുന്ന വാഹനം പെട്ടെന്ന് വെട്ടിച്ചത് റോഡിനു പുറത്തേക്ക് തെറിച്ചുവീഴാനിടയാക്കി.
കനത്ത മഴ പെയ്യുന്ന സമയമായതിനാല്‍ റോഡില്‍നിന്നും എളുപ്പം തെന്നി നീങ്ങിയതും അപകടത്തിന് ആക്കം കൂട്ടി. റോഡില്‍ നിന്നും പത്ത് മീറ്ററോളം ദൂരേക്ക് തെറിച്ചാണ് കാര്‍ പള്ളിക്കര വില്ലേജ് ഓഫിസിന് മുന്നിലെ ആല്‍മരത്തിലിടിച്ചത്.
അനുശോചിച്ചു
കാസര്‍കോട്: ചേറ്റുകുണ്ടില്‍ നടന്ന വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച സംഭവത്തില്‍ നേതാക്കള്‍ അനുശോചിച്ചു.
സമസ്ത സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി, ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, കെ.എസ് അലി തങ്ങള്‍ കുമ്പോള്‍, കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്‍് ടി.പി അലി ഫൈസി, സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ.് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് എന്നിവര്‍ അനുശോചിച്ചു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം.എല്‍.എമാരായ കെ.വി കുഞ്ഞിരാമന്‍, പി.ബി അബ്ദുറസാഖ്, എന്‍.എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദു റഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി
ഇന്നു പ്രത്യേക പ്രാര്‍ഥന
കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടവര്‍ക്കു വേണ്ടി ഇന്നു കാഞ്ഞങ്ങാട് പ്രത്യേക പ്രാര്‍ഥന നടത്തും. കാഞ്ഞങ്ങാട്ടെ റമദാന്‍ പ്രഭാഷണ വേദിയില്‍വച്ചാണ് പ്രത്യേക പ്രാര്‍ഥനാ സദസ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
ഹര്‍ത്താല്‍ ആചരിച്ചു
ഉദുമ: പള്ളിക്കരയിലുണ്ടായ കാറപകടത്തില്‍ ആറുപേര്‍ മരിച്ചതില്‍ അനുശോചിച്ച് പള്ളിക്കരയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
ഉച്ചക്ക് മൂന്നിന് ഖബറടക്ക ചടങ്ങുകള്‍ കഴിയുന്നതുവരെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
അപകടപ്പെരുമഴയില്‍ സംസ്ഥാനപാത
ഉദുമ: നോമ്പുതുറക്ക് പുറപ്പെട്ട കുടുംബം ബേക്കല്‍ പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിക്കാനിടയായതിന്റെ പ്രധാന കാരണം സംസ്ഥാനപാതയിലെ മുന്നറിയിപ്പ് ബോര്‍ഡുകളുടെയും ട്രാഫിക് സിഗ്നലുകളുടെയും അഭാവം. രണ്ടു വര്‍ഷത്തിലേറെ സമയമെടുത്താണ് കാസര്‍കോട് മുതല്‍ ചിത്താരി പാലം വരെയുള്ള പാത കെ.എസ്.ടി.പി പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ പള്ളിക്കരയിലും ബേക്കല്‍കോട്ടക്ക് സമീപമുള്ള പാതയിലും മാത്രമാണ് അല്‍പ്പം നവീകരണ പ്രവൃത്തി ബാക്കിയുള്ളത്. പണി പൂര്‍ത്തിയായ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സ്പീഡ് നിന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അമ്പതോളം അപകടങ്ങള്‍ സംസ്ഥാനപാതയില്‍ മാത്രമുണ്ടായതായാണ് ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ രേഖകളിലുള്ളത്. അപകടം പെരുപ്പിക്കുന്നത് അശാസ്ത്രീയമായ റോഡ് നവീകരണമാണെന്നാരോപിച്ച് പലപ്പോഴും നാട്ടുകാര്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഡിവൈഡറുകള്‍ സ്ഥാപിക്കാത്തതും വിളക്കുകള്‍ പ്രകാശിക്കാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."