കുലുക്കല്ലൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി
കൊപ്പം: കുലുക്കല്ലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. യു.ഡി.എഫ് സംവിധാനത്തില്‍ ഭരണം നടത്തുന്ന പഞ്ചായത്തില്‍ ഭരണരംഗങ്ങളില്‍ കോണ്‍ഗ്രസ് അപ്രസക്തമാവുന്നതായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
മുന്നണി തീരുമാനത്തിന്റെ ഭാഗമായി ആദ്യ മൂന്ന് വര്‍ഷം കോണ്‍ഗ്രസും ബാക്കി രണ്ടുവര്‍ഷം ലീഗും പ്രസിഡന്റാവുക എന്നായിരുന്നു ധാരണ. അതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. പ്രസിഡന്റും വൈസ് പ്രസിഡന്റും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമടക്കം നാല് അംഗങ്ങളുള്ള ലീഗ് പ്രധാന സ്ഥാനങ്ങള്‍ കയ്യാളുമ്പോള്‍ ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസിന് ആരോഗ്യവും ക്ഷേമകാര്യവുമാണുള്ളത്. മുന്നണി തീരുമാനം പാലിക്കാന്‍ ലീഗ് ഒരുക്കമാണെങ്കിലും ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അതിന് സമ്മതിക്കുന്നില്ലന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വ്യക്തി വൈസ് പ്രസിഡന്റാവാനാണ് സാധ്യത.
ഇവര്‍ വരുന്നതൊഴിവാക്കാന്‍ വേണ്ടിയാണ് സ്ഥാനക്കൈമാറ്റം നീട്ടിക്കൊണ്ടുപോവുന്നതെന്നാണ് പ്രവര്‍ത്തകരിലെ ഒരുവിഭാഗം പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ നേതൃത്വമുണ്ടെന്നും ജില്ലാ മണ്ഡലം നേതാക്കളില്‍നിന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്നും അതുവരെ കാത്തിരിക്കണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ കാഴ്ച്ചപ്പാട്. അതേ സമയം രാജിക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലുടന്‍ തന്നെ മുന്നണി മര്യാദ പാലിക്കുമെന്നും ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി സൈതലവി മാസ്റ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."