ഹജ്ജ് ഉംറ തീർത്ഥാടകർക്കായി മദീനയിൽ രണ്ട് പുതിയ കെയർ സെൻററുകൾ തുറന്നു
ജിദ്ദ: ഹജ്ജ് ഉംറ തീർത്ഥാടകർക്കായി മദീനയിൽ രണ്ട് പുതിയ കെയർ സെൻററുകൾ തുറന്നു. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണിത്. ബഖീഅ്, അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലായി രണ്ട് കേന്ദ്രങ്ങൾ ആരംഭിച്ചത്. ഹജ്ജ് ഉംറ തീർഥാടകർക്ക് പുറമെ ഇവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾക്കും വേണ്ട സേവനങ്ങൾ, വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കാവശ്യമായ ഇൻഷുറൻസ് നടപടികൾ തുടങ്ങിയവ മന്ത്രാലയ ഓഫീസുകളിൽ പോകാതെ ഈ സേവന കേന്ദ്രങ്ങളിലെ സെൽഫ് സർവീസ് കിയോസ്കുളിലൂടെയോ അല്ലെങ്കിൽ ഇവിടെയുള്ള ജീവനക്കാരുടെ സഹായത്തോടെയോ പൂർത്തീകരിക്കാൻ സാധിക്കും.
വിവിധ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള ജീവനക്കാരാണ് കേന്ദ്രങ്ങളിലുള്ളത്. വിരലടയാളം വഴി തീർഥാടകരുടെ ഡാറ്റകൾ അറിയാനുള്ള സംവിധാനവും കേന്ദ്രത്തിലുണ്ട്. ഏതാനും മാസം മുമ്പാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിൽ കെയർ സെൻററുകൾ ആരംഭിച്ചത്. മദീനയിൽ രണ്ട് സെൻറർ കൂടി വന്നതോടെ മൊത്തം കെയർ സെൻററുകളുടെ എണ്ണം നാലായി. 30ഓളം വിവിധ സേവനങ്ങൾ വ്യക്തിക്കും സ്ഥാപനങ്ങൾക്കും കേന്ദ്രത്തിൽ നിന്ന് ലഭിക്കും. 16 സേവനങ്ങൾ സെൽഫ് സർവീസ് കിയോസ്കുകളിലൂടെയും 14 സേവനങ്ങൾ ഉദ്യോസ്ഥർ മുഖേനയുമാണ്. മൊത്തം സേവനങ്ങളുടെ എണ്ണം 60 ആക്കി ഉയർത്താനുള്ള ശ്രമത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."