മുനമ്പം മനുഷ്യക്കടത്ത്: ഒരാളില്‍നിന്ന് ഈടാക്കിയത് രണ്ടുലക്ഷം രൂപ
കൊച്ചി: മുനമ്പം വഴി ആസ്‌ത്രേലിയയിലേക്ക് കടത്താന്‍ ഒരാളില്‍നിന്ന് ഇടനിലക്കാര്‍ രണ്ടുലക്ഷം രൂപ ഈടാക്കിയിരുന്നതായി പൊലിസ് കണ്ടെത്തി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍നിന്നും ഡെല്‍ഹിയില്‍നിന്നും കസ്റ്റഡിയിലെടുത്തവരില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലിസിന് ലഭിച്ചത്. ദയമാതാ എന്ന ബോട്ടില്‍ നൂറിലധികം പേരാണ് തീരം വിട്ടത്. ആള്‍പ്പെരുപ്പം മൂലം ബോട്ടിന്റെ അടിത്തട്ടില്‍പോലും ആള്‍ക്കാരെ ഇരുത്തിയാണ് കൊണ്ടുപോയത്. സെല്‍വന്‍, ശ്രീകാന്ത് തുടങ്ങി പത്തുപേര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലിസ് തിരിച്ചറിഞ്ഞു.
ആളെക്കൊണ്ടുപോകാന്‍ കഴിയുംവിധം ബോട്ടില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇരുപത് ദിവസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളും ബോട്ടില്‍ കരുതിയിട്ടുണ്ട്. വെള്ളം നിറയ്ക്കുന്ന ടാങ്കില്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു. എന്നാല്‍ ഇടനിലക്കാരുടെ നിര്‍ദേശമനുസരിച്ച് എറണാകുളത്തും തൃശൂരും എത്തിയ നിരവധിപേര്‍ക്ക് പോകാനായില്ല. ഇവര്‍ മുനമ്പത്ത് എത്തിയപ്പോഴേക്കും ബോട്ട് യാത്രപുറപ്പെട്ടിരുന്നു.
അതേസമയം, ഡെല്‍ഹിയില്‍നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് സൂചന. ഡെല്‍ഹിയില്‍ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.
ആളുകളെ ഏകോപിപ്പിച്ചിരുന്നതും പണം വാങ്ങിയിരുന്നതും ഇയാളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യയും മകളും ബോട്ടില്‍ യാത്രപുറപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."