നിയമവിരുദ്ധ വാഹന വില്‍പ്പന സജീവം; അംഗീകാരമില്ലാത്ത സബ് ഡീലര്‍മാര്‍ക്കെതിരേ കര്‍ശന നടപടി വരുന്നു
മലപ്പുറം: നിയമവരുദ്ധമായി വാഹന വില്‍പ്പന നടത്തുന്നവര്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ കൂച്ചുവിലങ്ങ്. വാഹനവില്‍പ്പന സജീവമായ സാഹചര്യത്തിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സബ് ഡീലര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തിയത്. നിയമവിരുദ്ധമായി ഡീലര്‍മാരുടെ അനുവാദത്തോടെയും മോട്ടോര്‍ വാഹനവകുപ്പിന്റെ അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്ന സബ് ഡീലര്‍മാര്‍, ഏജന്റുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി വരുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ ഉത്തവിനെ തുടര്‍ന്നാണ് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമവിരുദ്ധ വാഹനവില്‍പ്പനക്കെതിരെ നടപടി കര്‍ശനമാക്കുന്നത്. ഇത്തരം ഡീലര്‍മാര്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും വിവിധ കാര്യങ്ങള്‍ക്കായി അമിത തുക ഇടാക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
വാഹനം വില്‍ക്കുമ്പോള്‍ ഉപഭോക്താവില്‍ നിന്നും ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് ഈടാക്കുക, ഇരുചക്ര വാഹനങ്ങള്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്‍കാതിരിക്കുക, തങ്ങള്‍ക്ക് താല്‍പര്യമുള്ള കമ്പനികളില്‍ നിന്നും ഇന്‍ഷുറന്‍സ്,ഫിനാന്‍സ് എന്നിവ എടുക്കുന്നതിന് ഉപഭോക്താവിനെ നിര്‍ബന്ധിക്കുക തുടങ്ങിയ നിയമവിരുദ്ധമായ കാര്യങ്ങളാണ് പല ഡീലര്‍മാരും ചെയ്യുന്നത്. വാഹനങ്ങളോടൊപ്പം വാഹനത്തിന്റെ ഭാഗങ്ങളും ഉയര്‍ന്ന വിലക്ക് ഉപഭോക്താവിനെ അടിച്ചേല്‍പ്പിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നത്. വാഹന ഉല്‍പാദകര്‍ അംഗീകരിച്ചിട്ടുള്ള ബോണഫൈഡ് ഡീലര്‍മാര്‍ക്ക് മാത്രമേ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്. വാഹനങ്ങള്‍ വില്‍ക്കുന്നതിന് വാഹന ഉല്‍പാദകര്‍ തന്നെ നേരിട്ട് അംഗീകരിച്ചിട്ടുള്ള സ്ഥാപനമാണ് ബോണഫൈഡ് ഡീലര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ സബ് ഡീലര്‍മാര്‍ തകിടം മറിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു പുതിയ നടപടി. ഇതോടെ സംസ്ഥാനത്തു നിരവധി സബ് ഡീലര്‍മാര്‍ക്ക് അനധികൃത വാഹന വ്യാപാരം അവസാനിപ്പിക്കേണ്ടി വരും. തങ്ങളുടെ ഡീലര്‍മാരാണെന്നു വാഹന നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ക്കു മാത്രമേ ഇനിമുതല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവാദമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."