എംഎല്‍എയെ തടയാന്‍ ശ്രമം; രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയെന്ന് മുസ്‌ലിം ലീഗ്
മങ്കട: തകര്‍ന്നു വീണ മങ്കട ഹൈസ്‌കൂള്‍ കെട്ടിടം സന്ദര്‍ശിക്കാനും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനുമെത്തിയ ടി.എ അഹമ്മദ് കബീര്‍ എംഎല്‍എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതു സ്‌കൂള്‍ കെട്ടിട തകര്‍ച്ച സംഭവത്തില്‍ നിന്നു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ച് മുസ്‌ലിം ലീഗ് രംഗത്ത്.
കെട്ടിടം തകര്‍ന്നു വീണ സംഭവം ഗൗരവമായി അന്വേഷിക്കേണ്ട വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും എത്തി നോക്കാത്തതില്‍ ആക്ഷേപം ഉന്നയിക്കാത്തവരാണ് എംഎല്‍എ ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പധികൃതരും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വൈകുന്നേരം മാത്രമാണു സ്‌കൂള്‍ സന്ദര്‍ശിച്ചത്. എന്നാല്‍ സ്‌കൂളിന്റെ പൂര്‍ണ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
നിശ്ചയിച്ചുറപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാന്‍ എംഎല്‍എ പാലക്കാട്ടേക്കു പോകുന്നവഴിയാണു സംഭവം അറിയുന്നത്. ജില്ലാ പഞ്ചായത്തു നേതൃത്വവുമായി നിരന്തരം ബന്ധധപ്പെടുകയും ആളപായമില്ലെന്നു ബോധ്യപ്പെട്ടടുകയും ചെയ്തതിനാല്‍ സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് നീട്ടിയത്. അപകട സമയത്ത് എംഎല്‍എ എത്തിയില്ലെന്ന ആക്ഷേപം ഉയര്‍ത്തി വിവാദം സൃഷ്ടിക്കാന്‍ ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്തംഗവും ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു തടയല്‍ നാടകമെന്നും എംഎല്‍എയെ തടയാനുള്ള നാടകത്തെ രാഷ്ട്രീയമായി നേരിടുമെന്നും മണ്ഡലം മുസ്‌ലിംലീഗ് നേതാക്കളായ ഉമ്മര്‍ അറക്കല്‍, എം.അബ്ദുല്ല മാസ്റ്റര്‍, അഡ്വ. ടി. കുഞ്ഞാലി, എം.അസ്‌ലം മാസ്റ്റര്‍, അഡ്വ. കെ.അസ്ഗറലി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."