ബല പ്രയോഗത്തിനില്ല, എന്‍.പി.ആറിനോട് മുഖം തിരിച്ച സംസ്ഥാന മുഖ്യന്‍മാരുമായി സമവായത്തിന് കേന്ദ്രം
ന്യുഡല്‍ഹി: കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയത് അനുനയ ചര്‍ച്ചയുടെ ഭാഗമായി. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രമേയം പാസാക്കിയ പഞ്ചാബിന്റെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുരഞ്ജനത്തിന്റെ പാലമാണ് കേന്ദ്രമിടുന്നത്.
ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് തയാറാവുകയാണ് കേന്ദ്രം. ഇതിന്റെ ആദ്യപടിയായിരുന്നു ചര്‍ച്ച. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായെല്ലാം ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തുന്നത്. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് അവരെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം.
ദല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് ഫലം കൂടി പുറത്തുവന്നതോടെ ഇനി ബല പ്രയോഗിച്ചുള്ള നടപടികള്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വിദ്വേഷ പ്രസംഗങ്ങള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നുവെന്ന തിരിച്ചറിവുകൂടിയുണ്ട് ബി.ജെ.പി നേതൃത്വത്തിന്. അത് ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ തന്നെ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
പൗരത്വ നിയമഭേദഗതിയും, അതിനുള്ള വിവരശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം നിയമസഭയില്‍ പ്രമേയം അവരപ്പിച്ചത് കേരളമായിരുന്നു. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും നേടിയിരുന്നു. തുടര്‍ന്ന് പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഇവിടുത്തെ മുഖ്യമന്ത്രിമാരെ കണ്ടും ചര്‍ച്ചയിലൂടെ സമവായത്തിലെത്താനാണ് നീക്കം. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ മുഖം തിരിച്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിവേക് ജോഷി നേരിട്ട് കാണുന്നുണ്ട്.
ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ ദേശീയ പൗരത്വ റജിസ്റ്ററിലെ വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിക്കാന്‍ തുടങ്ങും. മാതാപിതാക്കളുടെ ജന്മസ്ഥലമുള്‍പ്പടെയുള്ള എന്‍.പി.ആറിലെ വിവാദചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."