വികാരിക്കും തെളിവു നശിപ്പിച്ചവര്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് മാതാവ്
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത മകളെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് അമ്മയോടും, പൊലിസിനോടും ചാനലുകളിലൂടെയും പരസ്യമായി വെളിപ്പെടുത്തിയ പള്ളി വികാരിക്കും, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച രൂപതാ ബിഷപ്പിനെയും നീതിപീഠത്തിനു മുന്നിലെത്തിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2012 ജൂലായ് 23ന് പാലക്കാട് വാളയാര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദ്രാപുരം പള്ളിയില്‍ കൊല്ലപ്പെട്ട ഫാത്തിമാ സോഫിയ (17) എന്ന പെണ്‍കുട്ടിയുടെ അമ്മ ശാന്തി റോസിലിയാണ് താന്‍ അനുഭവിച്ച ദുരന്തങ്ങള്‍ പത്രലേഖകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. തങ്ങളുടെ ഇടവകയിലെ അസി. വികാരിയുടെ പക്കല്‍ പെണ്‍കുട്ടി സ്ഥിരമായി സണ്‍ഡേ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.
ശ്രീകൃഷ്ണ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിക്ക് ചില വിഷയങ്ങളില്‍ ട്യൂഷന്‍ എടുത്തു നല്‍കിയിരുന്നത് ചന്ദ്രാപുരം പള്ളി അസി. വികാരിയായ ആരോഗ്യരാജ് ആയിരുന്നു. 2012 ജൂലായ് 23ന് മകളെ കൊന്നുവെന്ന് ആരോഗ്യരാജ് അമ്മ ശാന്തിയെ വിളിച്ച് അറിയിച്ചു. എന്നാല്‍ പള്ളി അങ്കണത്തില്‍ നടന്ന കൊലപാതകം പള്ളിയുടെ യശസിനെ കളങ്കപ്പെടുത്തുന്നുവെന്നാരോപിച്ച് ബിഷപ്പും കൂട്ടരും കേസ് അട്ടിമറിക്കുകയാണുണ്ടായത്. സോളിഡ് തെളിവുകളുമായി പാലക്കാട് സി.ജെ.എം കോടതിയില്‍ കയറിയിറങ്ങിയശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്.
അതിനുവേണ്ടി താന്‍ സഹിച്ച മാനസിക പീഡനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് രണ്ടര വര്‍ഷമെടുത്തതിന് പിന്നില്‍ ബിഷപ്പിന്റെയും മറ്റ് വികാരിമാരുടെയും ഇടപെടലായിരുന്നു.
സമൂഹത്തിലെ ഉന്നതരും, സമ്പന്നരും ആദരണീയരുമായവര്‍ പ്രതികളായിട്ടും അവരെ അറസ്റ്റു ചെയ്യാത്തതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമായിരുന്നു. പ്രതിക്ക് രക്ഷപ്പെടുന്നതിന് അവസരം നല്‍കിയ കോയമ്പത്തൂര്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് ആവശ്യമായ ശിക്ഷ നല്‍കുന്നതുവരെ തനിക്ക് ജീവനുണ്ടെങ്കില്‍ പോരാട്ടം തുടരുമെന്നും ശാന്തി റോസിലി പറഞ്ഞു.
പെണ്‍കുട്ടി തൂങ്ങിമരിച്ചു വെന്നുപറഞ്ഞ് സംഭവം നടന്ന സ്ഥലത്തെ തെളിവു നശിപ്പിക്കാന്‍ ബിഷപ്പും, അന്നത്തെ വാളയാര്‍ പൊലിസ് എസ്.ഐയും വനിതാ പൊലിസും ഒത്തു കളിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികളായ ഡോ. തോമസ് അമ്യൂനസ്, ഫാദര്‍ മുതലൈ മുത്തു, ഫാദര്‍ കളന്തരാജ്, ഫാദര്‍ ലോറന്‍സ്, ഫാദര്‍ മേല്‍ക്യൂര്‍ എന്നീ പ്രതികള്‍ കോടതിയില്‍ ഹാജരാകാതെ വര്‍ഷങ്ങളായി മുങ്ങി നടക്കുകയാണ്. പണവും സ്വാധീനവുമുള്ള ഇവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വക്കീലന്മാര്‍ മുഖേന കേസ് പല തവണ നീട്ടിവെപ്പിച്ച് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി കടന്നുകളയാനാണ് പ്രതികളുടെ ശ്രമമെന്നും സോഫി പറഞ്ഞു. ആരോഗ്യരാജ് പ്രതിയായ കേസില്‍ പാലക്കാട് വാളയാര്‍ പൊലിസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് നിരന്തരമായ ശ്രമത്തിലൂടെ തെളിവുകളെല്ലാം ഹാജരാക്കിയിട്ടും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ ഇപ്പോഴും സമൂഹമധ്യത്തില്‍ വിലസുന്നത് നാട്ടില്‍ കൂടുതല്‍ ജിഷമാരെ സൃഷ്ടിക്കുമെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."