കണ്ണൂര്‍ സ്വദേശിക്ക് രണ്ടുകോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി
.
ഷാര്‍ജ: ദുബൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ സിവില്‍ കോടതി വിധിച്ചു.
കണ്ണൂര്‍ പള്ളിപറമ്പ് സ്വദേശി അയടത്തു പുതിയപുരയില്‍ സിദ്ദീഖിനാണ് (42) നഷ്ടപരിഹാരം ലഭിക്കുക.
ഷാര്‍ജയില്‍ കഫ്റ്റീരിയ നടത്തിവരികയായിരുന്ന സിദ്ദീഖിനെ 2017 മെയ് 20നു ദുബൈ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മുഹമ്മദ് സല്‍മാന്‍ എന്ന പാകിസ്താനി പൗരന്‍ ഓടിച്ചുവന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ സിദ്ദീഖിനെ ആദ്യം ഷാര്‍ജയിലെ അല്‍ഖാസിമി ആശുപത്രിയിലും പിന്നീട് തുടര്‍ചികിത്സക്കായി നാട്ടിലെ ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.
വാഹനം ഓടിച്ച പാകിസ്താനി ഡ്രൈവറെ ഷാര്‍ജ ട്രാഫിക് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയും അശ്രദ്ധയോടെയും ട്രാഫിക് നിയമം ലംഘിച്ചും വാഹനം ഓടിച്ചതിനാല്‍ കുറ്റവാളിയായി കണ്ടെത്തുകയും 3000 ദിര്‍ഹം പിഴയും മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും ശിക്ഷ വിധിച്ചിരുന്നു.
ഇതോടെ വാഹനാപകട നഷ്ടപരിഹാരത്തിനായി സിദ്ദീഖിന്റെ സഹോദരന്‍ സുബൈറും ബന്ധുക്കളും ചേര്‍ന്ന് ഷാര്‍ജയിലെ നിയമസ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സിനെ സമീപിക്കുകയായിരുന്നു.
വാഹന ഇന്‍ഷുറന്‍സ് കമ്പനിയെയും ഡ്രൈവറെയും എതിര്‍കക്ഷിയാക്കി ഫയല്‍ചെയ്ത കേസിലാണ് ഇപ്പോഴത്തെ വിധി.
ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ദുബൈ സിവില്‍ കോടതി അപകടത്തില്‍ പരാതിക്കാരനുണ്ടായ ശാരീരിക, സാമ്പത്തിക, മാനസിക നഷ്ടങ്ങള്‍ പരിഗണിച്ച് 10,90000 ദിര്‍ഹം (രണ്ടുകോടി ഇന്ത്യന്‍ രൂപ) നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചുകിട്ടാന്‍ അപ്പീല്‍കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."