ചരിത്രം മായ്ക്കപ്പെടുമ്പോള്‍
കെ.എം അക്ബര്‍#
1921ലെ നവംബര്‍ മാസം. നാടിന്റെ നാനാഭാഗത്തുനിന്നും മലബാര്‍ കലാപത്തിന്റെ പേരില്‍ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. നാലുവീതം പോരാളികളെ കാളവണ്ടിയുടെയും കഴുതവണ്ടികളുടെയും ഇടയില്‍ കെട്ടിയിട്ടു നൂറുകണക്കിനുപേരെ നിലത്തുരച്ച് കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. വേഗതയ്ക്കനുസരിച്ചു മുന്നിലും പിന്നിലുമുള്ള കൂര്‍ത്തമുനകള്‍ കൊണ്ടു ശരീരത്തില്‍ കുത്തി വേദനിപ്പിച്ച് ബ്രിട്ടീഷ് പട്ടാലം പുളകംകൊണ്ട മണിക്കൂറുകള്‍. ഓടിയും ചാടിയും കുന്നും മലയും വയലും താണ്ടിയുള്ള യാത്ര സന്ധ്യയോടെ തിരൂരിലെത്തി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന്റെ തുടക്കമായിരുന്നു അത്. കള്ളക്കേസ് ചമച്ചു പിടികൂടിയ ആ 90 മനുഷ്യരെ നേരത്തെ തയാറാക്കിയ മദ്രാസ് സൗത്ത് കമ്പനിക്കാരുടെ എം.എസ്.എം.എല്‍.വി 1711-ാം നമ്പര്‍ വാഗണില്‍ കുത്തിനിറച്ചു. ചരക്ക് സംഭരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ച ഇരുമ്പുതകിടു കൊണ്ടു ചുറ്റപ്പെട്ട ബോഗിയിലായിരുന്നു അത്. ശ്വാസം വലിക്കാന്‍ കഴിയാത്ത രീതിയില്‍ മരണപ്പുക തുപ്പി രാത്രി ഒന്‍പതിന് വാഗണ്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടു.
ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ ദാഹജലവുമില്ലാതെ മണിക്കൂറുകള്‍. വണ്ടി ഷൊര്‍ണൂരും ഒലവക്കോട്ടും പതിനഞ്ച് മിനുറ്റ് നിറുത്തിയപ്പോഴും അവരുടെ ദീനരോദനം കേള്‍ക്കാന്‍ ബ്രിട്ടീഷ് പട്ടാളം തയാറായില്ല. 180 കിലോമീറ്റര്‍ അകലെയുള്ള പോത്തന്നൂര്‍ എത്താതെ ബോഗി തുറക്കില്ലെന്ന വാശിയിലായിരുന്നു ഹിച്ച്‌കോക്കിന്റെ നേതൃത്വത്തിലുള്ള ആ രാക്ഷസസംഘം. നവംബര്‍ 20നു പുലര്‍ച്ചെ വണ്ടി തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി. വാഗണ്‍ തുറന്നപ്പോള്‍ കാഴ്ച ഹൃദയഭേദകമായിരുന്നു. മരണ വെപ്രാളത്തില്‍ പരസ്പരം മാന്തിപ്പൊളിച്ചവര്‍, കണ്ണുകള്‍ തുറിച്ചും ഒരു മുഴം നാക്കുനീട്ടിയും മറ്റു ചിലര്‍. ദാരുണ കാഴ്ച. 64 ശരീരങ്ങള്‍ അപ്പോഴേ മരണത്തിനു കീഴ്‌പ്പെട്ടിരുന്നു. ബാക്കിയുള്ളവരില്‍ പലരും ബോധരഹിതരുമായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേര്‍ മരിച്ചു.
വിദേശാധിപത്യത്തോട് രാജിയാകാന്‍ ഒരിക്കലും സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാര്‍ക്കെതിരേ ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യയായിരുന്നു അത്. ചരിത്രത്തിലെ ഇരുണ്ട ആ അധ്യായത്തിന് വാഗണ്‍ ട്രാജഡി എന്നാണു പേര്.
വാഗണില്‍ കയറ്റി നാടുകടത്തിയ ആയിരക്കണക്കിനു പോരാളികളെ കുറിച്ചുള്ള ചോദ്യചിഹ്നങ്ങള്‍ മാത്രമാണു ചരിത്രയേടുകളില്‍ ഇന്നും ബാക്കി. വെള്ളക്കാര്‍ക്കെതിരേ ആയുധമെടുത്ത ദേശസ്‌നേഹികളെ നാടുകടത്തിയ സംഭവം ലോകം കണ്ടതില്‍ ഏറ്റവും വലിയ മനുഷ്യക്കടത്തായിരുന്നു. 32 തവണകളായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും പലഘട്ടങ്ങളില്‍ സമരക്കാരെ നാടുകടത്തി. യാത്രയ്ക്കിടയില്‍ ശ്വാസം മുട്ടിയും കണ്ണുതുറിച്ചും അന്ത്യം വരിച്ചവരില്‍ ആരും തന്നെ വാഗണ്‍ ദുരന്തചരിത്രത്തിലെ അധ്യായങ്ങളില്‍ ഇടം പിടിച്ചില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജാലിയന്‍ വാലാബാഗ് മാത്രമാണ് വാഗണ്‍ ട്രാജഡിയോടൊപ്പം ചേര്‍ത്തുവായിക്കാനുള്ളത്. പട്ടാളനിയമം നിലവിലില്ലാത്ത ഒരു പ്രദേശത്ത് വാഗണ്‍ തുറന്നതിനാല്‍ ഈ പൈശാചികകൃത്യം പുറംലോകമറിഞ്ഞു. മാര്‍ഷല്‍ ലോ നിലവിലുള്ള കാലത്തും സ്ഥലത്ത് ഒട്ടേറെ വാഗണ്‍ ട്രാജഡികള്‍ നടന്നിട്ടുണ്ടായിരുന്നു. ഓരോ നാടുകടത്തലിനു പിന്നിലും ബ്രിട്ടീഷ് പട്ടാള മേധാവികളുടെ ആസൂത്രിതമായ നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍, അവയൊന്നും പുറംലോകം അറിഞ്ഞില്ലെന്നു മാത്രം. അറിഞ്ഞ വാഗണ്‍ ട്രാജഡിയുടെ കഥ തന്നെ ഏതൊരു മനുഷ്യന്റെയും കരളലിയിക്കും. മനുഷ്യന്, അധികാരിക്ക് ഇത്ര ക്രൂരനാകാന്‍ കഴിയുമോ എന്നോര്‍ത്ത് ആരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു ആ സത്യകഥകള്‍.
രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു വാഗണ്‍ ട്രാജഡി. ജനങ്ങളില്‍ പ്രതിഷേധം അണപൊട്ടിയ ദിവസങ്ങള്‍. അന്വേഷണത്തിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. മലബാര്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ എ.ആര്‍ നാപ്പ് ചെയര്‍മാനും മദിരാശി റിട്ടയേഡ് പ്രസിഡന്‍സി മജിസ്‌ട്രേറ്റ് അബ്ബാസ് അലി, മണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തു, അഡ്വ. മഞ്ചേരി സുന്ദരയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ സംഘത്തിന് റെയില്‍വേ നല്‍കിയ മൊഴിയായിരുന്നു വിചിത്രം. ദ്വാരങ്ങളും വലക്കെട്ടുള്ളതുമായ വാഗണ്‍ പെയിന്റ് ചെയ്തപ്പോള്‍ അടഞ്ഞുപോയെന്നും ആളുകളെ കയറ്റാന്‍ പറ്റിയ വാഗണ്‍ ആവശ്യപ്പടാത്തതിനാലാണു ചരക്ക് കയറ്റുന്ന വാഗണ്‍ നല്‍കിയതെന്നുമായിരുന്നു അവരുടെ മറുപടി. വാഗണ്‍ നിര്‍മിച്ച കമ്പനിക്കാരും അത് ഏല്‍പ്പിച്ചുകൊടുത്ത ഇന്‍സ്‌പെക്ടര്‍മാരും കുറ്റക്കാരാണെന്നു കണ്ടെത്തി സംഘം റിപ്പോര്‍ട്ട് നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് 300 രൂപ വീതം സഹായധനം നല്‍കാനും തീരുമാനമായി. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേ സര്‍ജന്റ് ആന്‍ഡ്രൂസ്, ഒരു പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരെ പ്രതിയാക്കി മദിരാശി ഗവര്‍ണ്‍മെന്റ് കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു. അങ്ങനെ രാജ്യം നടുങ്ങിയ വന്‍കൂട്ടക്കൊലയ്ക്കു കാരണക്കാരായവര്‍ ഉന്നത സ്വാധീനത്താല്‍ രക്ഷപ്പെട്ടു.
സ്വതന്ത്ര സമരത്തിന്റെ ചരിത്രത്തിന്റെ സുപ്രധാന ഏടുകളില്‍ ഒന്നായ വാഗണ്‍ ട്രാജഡിയെ മറവികള്‍ക്കു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നിരിക്കെയാണ് ആ കൊടുംകൃത്യത്തിന്റെ സ്മരണാര്‍ഥം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വരച്ച ചുവര്‍ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമായത്. ഫാസിസ്റ്റ് ശക്തികളുടെ സമ്മര്‍ദമാണ് ഇതിനു കാരണമെന്നു വ്യക്തമായിരിക്കെ ഒരായിരം ചിത്രങ്ങളിലൂടെ നമുക്ക് വാഗണ്‍ സ്മരണകളെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ഓരോ പൗരനും ചരിത്രത്തിലേക്ക് തിരിച്ചുനടക്കേണ്ടിയിരിക്കുന്നു. ചരിത്രമുറങ്ങുന്ന സ്ഥലങ്ങളുടെ പേരുമാറ്റിയും സ്വാതന്ത്ര്യ സമരചരിത്രങ്ങള്‍ വളച്ചൊടിച്ചും സ്വാതന്ത്ര്യ സമരപോരാളികളെ തെറ്റായി ചിത്രീകരിച്ചും ഫാസിസം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ ചരിത്രത്തിലേക്കു തിരിച്ചുനടക്കാതിരിക്കാന്‍ നമുക്കെന്തുണ്ട് ന്യായം!?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."