പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറ്റണം: മുഖ്യമന്ത്രി
കോഴിക്കോട്: രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളെ തഴയുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ റവന്യൂ 25 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. സര്‍ക്കാരിന്റെ സഹായവും പിന്തുണയുമില്ലാതെയാണ് പ്രവാസികള്‍ വിദേശനാണ്യം രാജ്യത്തേക്ക് എത്തിക്കുന്നത്. എന്നാല്‍ തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുമ്പാകെ കണ്‍സോര്‍ഷ്യം നല്‍കിയിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും, വേണമെങ്കില്‍ പ്രവാസികളുടെ ഫണ്ടും ഉപയോഗപ്പെടുത്തി തിരികെ വരുന്ന പ്രവാസികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള പദ്ധതിയുമായാണ് കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രത്തിന്റെ അംഗീകാരമില്ലാതെ പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നിരിക്കെ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ പ്രവാസികളോട് മുഖംതിരിക്കുന്ന സമീപനമാണ് കാണിക്കുന്നത്. പരാതിയുമായെത്തുന്നവരെ തിരിച്ചയക്കുന്ന പ്രവണതയും കണ്ടു വരുന്നു. വിമാനങ്ങളിലെ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇതിനെ തടയിടുന്നതിനാവശ്യമായ നടപടിയും ഇതുവരെ സ്വീകരിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായ എയര്‍ഇന്ത്യ തന്നെ നിരക്ക് വര്‍ധനവിന്റെ നായക സ്ഥാനത്തിരിക്കുന്നത് ഖേദകരമാണ്. രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ്, ആരോഗ്യപരിരക്ഷ എന്നിവ നല്‍കാന്‍ കേന്ദ്രം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോര്‍ക്ക റൂട്‌സിന്റെ ഭാഗമായി കേരളത്തില്‍ പ്രവാസികള്‍ക്കായി പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്യാവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ തന്നെ പ്രവാസി സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ നിര്‍ദേശങ്ങള്‍ ആവശ്യമാണ്. ലോക കേരള സഭയുടെ രൂപീകരണത്തിന് ശേഷം കേരള പുനര്‍നിര്‍മാണത്തിന് പ്രവാസികളുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടായിട്ടുണ്ട്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം പ്രവാസികള്‍ അവസരമായി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."