കാക്കുനി സ്ഫോടനം: രണ്ടുപേര്‍ അറസ്റ്റില്‍
കുറ്റ്യാടി: പുതുവത്സരത്തലേന്ന് കാക്കുനി അരൂര്റോഡിലെ വീട്ടുപറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ നടന്നു മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കാനിടയായ കേസില്‍ രണ്ടുപേരെ കുറ്റ്യാടി പൊലിസ് അറസ്റ്റ് ചെയ്തു.
കാക്കുനിയിലെ പറമ്പത്ത് മുനീര്‍(23), മീത്തലെ കക്കുളങ്ങര ഷംസീര്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്്. സംഭവത്തില്‍ ഇവരുള്‍പ്പെടെ മൂന്നുപേര്‍ക്കായിരുന്നു പരുക്കേറ്റത്. സ്ഫോടനത്തിന് ശേഷം ചികിത്സ തേടിയ ഷംസീറും മുനീറും ഒളിവില്‍ പോകുകയായിരുന്നു. കേരളത്തിനകത്തും പുറത്തും ഒളിവില്‍ കഴിഞ്ഞ ഇരുവരും ഇന്നലെ കുറ്റ്യാടിയിലേക്ക് ബസില്‍ വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേവര്‍കോവിലില്‍ വച്ച് പിടികൂടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സംഭവം നടന്നതു മുതല്‍ ഇവര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു.
സ്ഫോടനത്തില്‍ മുനീറിന് കണ്ണിനും ഷംസീറിന് ചെവിക്കും പരുക്കുണ്ട്. അതേസമയം, സംഭവത്തില്‍ രണ്ടു കൈപ്പത്തികള്‍ പൂര്‍ണമായി തകര്‍ന്നും കാലിന് പരുക്കേറ്റും പറമ്പത്ത് സാലിം(20) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിടുന്ന മുറക്ക് ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്ക് ആശുപത്രിയില്‍ കാവലേര്‍പ്പെടുത്തിയതായും പൊലിസ് പറഞ്ഞു.
ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. ബോംബ് നിര്‍മ്മാണത്തിനിടയിലാണ് സ്്ഫോടനമെന്ന് പൊലിസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തിയപ്പാള് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. വിശദമായ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിക്കാന്‍ ഉപയോഗിച്ച കാര്‍ ഒരാഴ്ച്ച മുന്‍പ് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ ഇരുവരേയും ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."