കോണ്‍ഗ്രസിനെ തള്ളി ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ ഭരിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയില്‍നിന്ന് ഇത്തരമൊരു നിലപാടുണ്ടായതോടെ സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഭിന്നത രൂക്ഷമായി.
പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമ്പോഴാണ് ഉദ്ധവ് സര്‍ക്കാരിന്റെ ഈ നിലപാട്. മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് എന്‍.പി.ആര്‍ വിവരശേഖരണം തുടങ്ങുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍, എന്‍.പി.ആര്‍ നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതു ഗൗനിക്കാതെയാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നുമാണ് വിവരം.
വിഷയത്തില്‍ എതിരഭിപ്രായവുമായി കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറും എന്‍.പി.ആറിനെതിരായ നിലപാട് വ്യക്തമാക്കിയതാണെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു എന്‍.സി.പി നേതാവ് മജീദ് മേമം പ്രതികരിച്ചത്. വിഷയത്തില്‍ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഇതാദ്യമായല്ല മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നത്. ഭീമാ കൊറേഗാവ് കേസന്വേഷണം എന്‍.ഐ.എയ്ക്കു വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച ശിവസേനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവ് ശരത് പവാര്‍ രംഗത്തെത്തിയിരുന്നു.
ആ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ ശിവസേനയെടുത്ത നിലപാട് തെറ്റാണെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."