ജയിച്ചവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഹോം ഗ്രൗണ്ടില്‍ ഈ സീസണിലെ തങ്ങളുടെ അവസാന കളി അവിസ്മരണീയമാക്കി ബ്ലാസ്‌റ്റേഴ്‌സ്. എതിരാളികളായ ബാംഗ്ലൂര്‍ സിറ്റി എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്.
ഐ.എസ്.എല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബാംഗ്ലൂരിനെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിക്കുന്നത്. മത്സരത്തിന്റെ 16ാം മിനുട്ടില്‍ ബാഗ്ലൂരാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 72-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ തങ്ങളുടെ വിജയഗോള്‍ നേടി. പ്ലേ ഓഫിന് യോഗ്യത നേടാനായില്ലെങ്കിലും ബാംഗ്ലൂരിന് തോല്‍പ്പിക്കാനായത് കോച്ച് ഷാട്ടോരിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
അവസാനനാലില്‍ എത്തിയത് കൊണ്ട് ഈ തോല്‍വി ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം കാര്യമായ തിരിച്ചടിയാകില്ല. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും ഓഗ്ബച്ചെയാണ് നേടിയത്. ടി.പി രഹ്നേഷിനെ മാറ്റി നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷേട്ടാറി ബിലാല്‍ഖാനെയായിരുന്നു വലകാക്കാന്‍ നിയോഗിച്ചത്. മെസി-ഒഗ്ബച്ചെ കൂട്ട്‌കെട്ട് തന്നെയാണ് അവസാന ഹോം മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സിനായി മുന്നിലിറങ്ങിയത്.
സസ്‌പെന്‍ഷനിലുള്ള സുനില്‍ ഛേത്രിയില്ലെങ്കിലും ദെഷോണ്‍ ബ്രൗണും ഡിമസ് ഡെല്‍ഗാഡോയും അക്രമണം മുര്‍ച്ചയുള്ളതാക്കി. ആദ്യ പത്തു മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സായിരുന്നു കളി നിയന്ത്രിച്ചത്. എന്നാല്‍, പതിവുപോലെ പിന്നാലെ കളികൈവിട്ടു. അതിന്റെ ആദ്യ 'ഫലം' 16ാം മിനിറ്റില്‍ കണ്ടു. സുരേഷ് സിങ്ങിന്റെ നീളന്‍ പാസ് ഓടിക്കയറി ജമൈക്കന്‍ താരം ബൗണ്‍ പന്ത് കാലിലാക്കി. പൊസിഷനിലല്ലാതിരുന്ന ഗോളിയെ കബളിപ്പിച്ച് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സ് വലയില്‍ അനായാസം പന്തെത്തിച്ചു.
കളി ചൂടുപിടിക്കുന്നതിനു മുന്നെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ നീക്കങ്ങള്‍ പാളി. ആദ്യ പകുതി തന്നെ സുവര്‍ണാവസരങ്ങള്‍ ബംഗളൂരുവിന് ലഭിച്ചെങ്കിലും പ്രതിരോധ നിരയുടെ സമയോചിത ഇടപെടല്‍ കാത്തു. ഒഗ്ബച്ചെയുടെയും മെസ്സിയുടെ ഒന്നു രണ്ടു ഷോട്ടുകള്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങള്‍.
എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങളുള്ളപ്പോള്‍ ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളാക്കി. സുയിവര്‍ലൂണ്‍ ഉരുട്ടിക്കൊടുത്ത പന്ത് ഗ്രൗണ്ട് ഷോട്ടിലൂടെ മഞ്ഞപ്പടയുടെ സൂപ്പര്‍ താരം ഒഗ്ബച്ചെ ഗോളാക്കുകയായിരുന്നു. ഒടുവില്‍ മെസി ബൗളിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴസ് മുന്നില്‍. കിക്കെടുത്ത ഒഗ്ബച്ചെ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. താരത്തിന്റെ സീസണിലെ 13-ാം ഗോളായിരുന്നു അത്. ഐ.എസ്.എല്ലിലെ 25-ാമത്തേതും. പിന്നീട് സമനിലയെങ്കിലും നേടാനുള്ള ബാഗ്ലൂരിന്റെ ശ്രമങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇല്ലതാക്കി. ആതോടെ തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരെ തറപറ്റിച്ച് തലയുയര്‍ത്തി ബ്ലാസ്റ്റേഴ് ഹോം ഗ്രൗണ്ടില്‍ നിന്ന് മടങ്ങി. ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരവും അവസാന മത്സരവും ജയിക്കാനും ഇതോടെ ബ്ലാസ്റ്റേഴ്സിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."