ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ചത് പ്രളയത്തില്‍ വെള്ളം കയറിയ വാഹനങ്ങള്‍
മഞ്ചേരി: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു വിതരണം ചെയാനായി മഞ്ചേരി നഗരസഭയിലെത്തിച്ചത് പ്രളയത്തില്‍ മുങ്ങിയ മുച്ചക്ര വാഹനങ്ങള്‍. അംഗപരിമിതരായ 19 പേര്‍ക്ക് 13 ലക്ഷം രൂപ ചെലവിട്ടാണ് വാഹനം എത്തിച്ചത്. താക്കോല്‍ സ്വീകരിക്കാനായി ഇന്നലെ രാവിലെ ചുള്ളക്കാട് സ്‌കൂള്‍ മൈതാനത്തെത്തിയ ഗുണഭോക്താക്കളാണ് വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തിയത്. ഇവയില്‍ മിക്കതും പ്രവര്‍ത്തനരഹിതമാണ്. ചില വാഹനങ്ങളുടെ എന്‍ജിന്‍ പൂര്‍ണമായും തുരുമ്പിച്ച നിലയിലാണ്. പെയിന്റിളകിയ വാഹനങ്ങളും കൂട്ടത്തിലുണ്ട്. എന്‍ജിനകത്തടക്കം വെള്ളം കയറി ചളിപിടിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളാണ് വിതരണം ചെയ്യാനായി എത്തിച്ചതെന്നാണ് ആക്ഷേപം. തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു മുച്ചക്ര വാഹനങ്ങള്‍ സ്വീകരിക്കാതെ ഭിന്നശേഷിക്കാര്‍ മടങ്ങി. വിതരണം ചെയുന്നതിനു മുന്‍പു വാഹനങ്ങള്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. യാതൊരു പരിശോധനയും നടത്താതെയാണ് വാഹനങ്ങള്‍ നഗരസഭാ അധികൃതര്‍ ഏറ്റുവാങ്ങിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
തകരാറിലായ മുച്ചക്ര വാഹനങ്ങള്‍ നല്‍കി വഞ്ചിച്ച വാഹന വിതരണ കമ്പനിക്കെതിരേ നടപടിയെടുക്കണമെന്ന് ഭിന്നശേഷിക്കാരും കുടുംബങ്ങളും ആവശ്യപ്പെട്ടു. വാഹന നിര്‍മാതാക്കളായ ഹീറോ കമ്പനിയുടെ മാസ്‌ട്രോ സ്‌കൂട്ടറാണ് തിരൂരിലെ എയ്‌സ് മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് വിതരണ ഏജന്‍സി മഞ്ചേരിയില്‍ എത്തിച്ചത്. എന്നാല്‍, എയ്‌സ് മോട്ടോഴ്‌സുമായി ബന്ധമില്ലെന്നും കെല്‍ട്രോണ്‍ കേരളാ ലിമിറ്റഡിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമത നല്‍കിയതെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. വിതരണോദ്ഘാടന ചടങ്ങിന് കെല്‍ട്രോണ്‍, എയ്‌സ് മോട്ടോഴ്‌സ് അധികൃതര്‍ എത്തിയിരുന്നു. താക്കോല്‍ ഏറ്റുവാങ്ങിയ ഗുണഭോക്താക്കള്‍ വാഹനം പരിശോധിച്ചപ്പോഴാണ് തകാരാറുകള്‍ കണ്ടെത്തിയത്. ഇതോടെ കമ്പനി അധികൃതരും നഗരസഭാ അധ്യക്ഷയും വൈസ് ചെയര്‍മാനുമായി വാക്കേറ്റമുണ്ടായി. കഴിഞ്ഞ വര്‍ഷം 33 പേര്‍ക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്തിരുന്നത്. ഇതില്‍ മിക്ക വാഹനങ്ങള്‍ക്കും യന്ത്രത്തകരാര്‍ ഉള്ളതായി ആരോപിച്ച് വാഹനങ്ങളുമായി ഗുണഭോക്താക്കള്‍ എത്തിയിരുന്നു. പ്രശ്‌നം വഷളായതോടെ വാഹനങ്ങള്‍ മാറ്റിനല്‍കാമെന്ന് ഉറപ്പുനല്‍കി വിതരണക്കാര്‍ മടങ്ങുകയായിരിന്നു.
കെല്‍ട്രോണ്‍ കബളിപ്പിച്ചു: നഗരസഭ
മഞ്ചേരി: വെള്ളം കയറി തകരാറിലായ മുച്ചക്ര വാഹനങ്ങള്‍ എത്തിച്ച് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നഗരസഭയെയും ഭിന്നശേഷിക്കാരെയും കബളിപ്പിക്കുകയാണ് ചെയ്തതെന്നു നഗരസഭാധ്യക്ഷ വി.എം സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് എന്നിവര്‍ പറഞ്ഞു. കെല്‍ട്രോണ്‍ കേരളയ്ക്കാണ് നഗരസഭ കരാര്‍ നല്‍കിയത്. ഇവര്‍ സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയതു നഗരസഭ അറിഞ്ഞിട്ടില്ല. കെല്‍ട്രോണ്‍ കേരളയും തിരൂരിലെ എയ്‌സ് മോട്ടോഴ്‌സും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."