മനുഷ്യക്കടത്തിലൂടെ നടന്നത് ഗുരുതരമായ രാജ്യസുരക്ഷാ വീഴ്ച
കൊടുങ്ങല്ലൂര്‍: മുനമ്പം മനുഷ്യക്കടത്തിലൂടെ നടന്നത് ഗുരുതരമായ രാജ്യ സുരക്ഷാ വീഴ്ച. ഗുരുവായൂര്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ താമസിച്ച് മുനമ്പം വഴി ന്യൂസിലാന്റിലേക്ക് കടന്നവരില്‍ ഇന്ത്യക്കാരല്ലാത്തവരും ഉണ്ടെന്ന് പൊലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
മുനമ്പം മനുഷ്യകടത്തുമായി ബന്ധപ്പെട്ടവര്‍ താമസിച്ചിരുന്ന ഗുരുവായൂരിലെ മൂന്ന് ഹോട്ടലുകളില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കക്കാര്‍ ഉള്‍പ്പടെയുള്ള രാജ്യത്തിന് പുറത്ത് നിന്നുമുള്ളവര്‍ മുനമ്പം വഴി സമുദ്രാതിര്‍ത്തി കടന്നതിനുള്ള വ്യക്തമായ തെളിവ് ലഭിച്ചത്.ഗുരുവായൂരില്‍ മുറിയെടുക്കുന്നതിനായി നല്‍കിയ ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് പൊലിസ് കണ്ടെടുത്തു. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ 91 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. ഗുരുവായൂര്‍ കിഴക്കേനടയില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സി.എ.ടവര്‍, പ്രസാദം ഇന്‍, പ്രാര്‍ഥന ഇന്‍ എന്നിവിടങ്ങളിലാണ് സംഘം താമസിച്ചിരുന്നത്. ഈമാസം അഞ്ച് മുതല്‍ 11 വരെയായിരുന്നു ഇവരുടെ താമസം. കൊടുങ്ങല്ലൂര്‍ എസ്.ഐ. ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തിയത്. സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ഹിന്ദിയും ശ്രീലങ്കന്‍ തമിഴുമാണ് ഇവര്‍ സംസാരിച്ചിരുന്നത്. ഗുരുവായൂരില്‍ നിന്ന് ചോറ്റാനിക്കരയിലേക്കും അവിടെ നിന്ന് ചെറായിയിലേക്കുമാണ് സംഘം പോയതെന്ന് പൊലിസ് കണ്ടെത്തി. ഈ മാസം 12ന് പുലര്‍ച്ചെയാണ് മുനമ്പത്ത് നിന്ന് 230 പേര്‍ ന്യൂസിലാന്‍ഡിലേക്ക് കടന്നത്. കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ.പത്മരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയത്. എ.എസ്.ഐ. പി.ജെ.ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒ. സി.ആര്‍ പ്രദീപ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് ഗുരുവായൂരില്‍ അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."