വിനോദസഞ്ചാരികള്‍ വരുന്നത് മദ്യം കഴിക്കാനോ?
മദ്യവില്‍പനശാലകളുടെ നിര്‍വചനത്തില്‍, ബാറുകള്‍ പെടില്ലെന്ന അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക് ഇടതുപക്ഷസര്‍ക്കാരിന്റെ മദ്യാനുകൂല നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇതുവഴി വിനോദസഞ്ചാരമേഖല തകര്‍ച്ചയുടെ വക്കിലാണെന്നും സംസ്ഥാനത്തിന് ഇതുവഴി വരുമാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.
മദ്യവും ടൂറിസ്റ്റുകളുടെ സന്ദര്‍ശനവും തമ്മില്‍ ബന്ധമില്ലെന്നതാണ് യാഥാര്‍ഥ്യം. സി.പി.എമ്മിന്റെയും ഇടതുപക്ഷസര്‍ക്കാരിന്റെയും മദ്യനയത്തിലുള്ള പ്രകടമായ മാറ്റത്തെയാണു മന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ നടക്കാത്തത് മദ്യം ലഭിക്കാത്തതിനാലാണെന്നും അതുവഴി സംസ്ഥാനത്തിനു റവന്യൂ നഷ്ടമുണ്ടാകുന്നുവെന്നുമാണ് തോമസ് ഐസക്കിന്റെ കണ്ടെത്തല്‍.
മന്ത്രിയുടെ നിഗമനം വസ്തുക്കളുടെയോ വിശദമായ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല. ഇതേവാദം നേരത്തേ എ.സി മൊയ്തീനും ഉന്നയിച്ചിരുന്നു. വിനോദസഞ്ചാരികള്‍ കേരളത്തില്‍ വരുന്നത് മദ്യപിക്കാനാണെന്ന വിചിത്രവാദമാണ് ഇതുവഴി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണിത്. വിനോദസഞ്ചാരികളുടെ കേരളസന്ദര്‍ശനത്തില്‍ കുറവുവന്നിട്ടുണ്ടെങ്കില്‍ അത് നോട്ടുനിരോധനത്തെ തുടര്‍ന്നായിരുന്നു. അത് ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മേഖലകളിലും സംഭവിച്ചിട്ടുണ്ട്.
മദ്യപിക്കാനായി ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ വരേണ്ടതില്ല. അവരുടെ നാട്ടില്‍തന്നെ അത് യഥേഷ്ടം ലഭ്യമാണ്. വിനോദസഞ്ചാരമേഖലയില്‍ മുപ്പതുശതമാനം കുറവുവന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ടൂറിസത്തിന്റെ വെബ്‌സൈറ്റില്‍ ഇത്തരമൊരു പരാമര്‍ശമില്ല. ടൂറിസം ഡയറക്ടറേറ്റ് കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കണക്കില്‍ പറയുന്നത,് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ആഭ്യന്തരവിനോദസഞ്ചാരത്തില്‍ എട്ടുശതമാനം വര്‍ധനവുണ്ടായെന്നും ടൂറിസം ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
നാല്‍പതു ബാറുകള്‍ തുറന്നുകൊടുത്ത് മദ്യലോബികള്‍ക്കു പ്രത്യുപകാരം ചെയ്യുന്നതിന് ടൂറിസത്തിന്റെ നഷ്ടക്കണക്ക് നിരത്തേണ്ടതില്ല. അത് ജനവഞ്ചനയാണ്. മദ്യാസക്തിയില്‍നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നവരെ വീണ്ടും മദ്യത്തിലേക്കു തിരിച്ചുകൊണ്ടുവരികയാണു സര്‍ക്കാര്‍ ഇതുവഴി.
2015 ല്‍ രാജ്യത്തെ മെച്ചപ്പെട്ട ക്രമസമാധാനമുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. 2017ലെത്തുമ്പോള്‍ ക്രമസമാധാനം തകര്‍ന്നുവെന്നാണു രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എട്ടു മാസത്തിനുള്ളില്‍ 1,75,000 ക്രിമിനല്‍ കേസുണ്ടായി. 3200 പീഡനക്കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യം വ്യാപകമാകുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കും. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയകളും പൂര്‍വാധികം ശക്തിയോടെ കേരളത്തിന്റെ ശാന്തിയും സമാധാനവും തകര്‍ക്കും.
മദ്യനിരോധനമല്ല, മദ്യനിര്‍മാര്‍ജനമാണു ലക്ഷ്യമെന്നു പറഞ്ഞ് തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം നടത്തിയ ഇടതുമുന്നണി ആ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നു. ബിയറും വൈനും മദ്യമല്ലെന്നും ദേശീയപാതയോരങ്ങളില്‍ നിന്നു ബാറുകള്‍ മാറ്റേണ്ടതുണ്ടോ തുടങ്ങിയ ബാലിശങ്ങളായ സംശയങ്ങള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉന്നയിക്കുന്നതിലൂടെ മദ്യരാജാക്കന്‍മാര്‍ക്കുവേണ്ടി ഏതറ്റംവരെയും പോകാന്‍ ഈ സര്‍ക്കാര്‍ സന്നദ്ധമാണെന്ന സൂചനയാണു നല്‍കുന്നത്.
സാമാന്യ ബുദ്ധിക്കു നിരക്കാത്ത അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ ഒരുപടികൂടി മുന്നിലാണു മന്ത്രി തോമസ് ഐസക്കിന്റെ പുതിയ കണ്ടുപിടിത്തം. മാര്‍ച്ച് 31 നകം പാതയോരങ്ങളിലെ മദ്യശാലകള്‍ നീക്കം ചെയ്യണമെന്ന സുപ്രിംകോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ മദ്യമുതലാളിമാരും സര്‍ക്കാരും ഒത്തൊരുമിച്ചു മുന്നോട്ടുപോകുന്ന കാഴ്ചയാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."