എസ്.എസ്.എല്‍.സി: പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹൈസ്‌കൂളിന് നൂറുശതമാനം വിജയം
പുല്‍പ്പറ്റ: എസ്.എസ്.എല്‍.സി സേ പരീക്ഷ റിസള്‍ട്ട് വന്നതോടെ പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹൈസ്‌കൂളിന് ചരിത്ര വിജയം. ഇത്തവണ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യതനേടി. 996 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇതില്‍ 59 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, 30 പേര്‍ക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസും നേടാനായി. പിന്നാക്ക ഗ്രാമീണ പ്രദേശമായ പൂക്കൊളത്തൂരില്‍ 1976 ല്‍ സ്ഥാപിച്ച ചേക്കുട്ടി ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ 37ാമത് ബാച്ചാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്നത്.
സ്‌കൂളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ഇത്തവണയാണ്.
സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടും സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ കമ്മിറ്റിയും സംയുക്തമായി നടപ്പാക്കിയ വിവിധ പഠന പ്രവര്‍ത്തനങ്ങളും വിജയഭേരി പദ്ധതിയുമാണ് സ്‌കൂളിനെ മികച്ച വിജയത്തിലേക്ക് നയിച്ചതെന്ന് ഹെഡ്മാസ്റ്റര്‍ അജയ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."