പണമുണ്ടെങ്കിലും ഇല്ലെങ്കിലും എ.ടി.എമ്മില്‍ കയറിയാല്‍ ചാർജ്ജ്
നോട്ട് നിരോധനത്തിന്റെ ദുരന്തം ഇപ്പോഴും ജനങ്ങള്‍ അനുഭവിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ കാര്‍ഡുപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിലും ബാങ്കുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു. ഇനി എന്നു തീരും ഈ ദുരിതങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും ആരുമില്ല.
എ.ടി.എമ്മില്‍ കയറി കാര്‍ഡിട്ട് പിന്‍ നമ്പര്‍ അടിച്ചാല്‍ മാത്രം മതി, പണമുണ്ടെങ്കിലും ഇല്ലെങ്കിലും നിശ്ചിത പരിധി കഴിഞ്ഞ ഓരോ ഇടപാടിനും പണം ഈടാക്കുന്നു. ഇപ്പോഴും ഏതാണ്ടെല്ലാ എ.ടി.എമ്മുകളില്‍ നിന്നും നല്‍കുന്ന വിവരം 100, 500 ഗുണിതങ്ങളുള്ള പണം ലഭ്യമല്ലെന്നാണ്. ഉപയോക്താവ് ഈ അറിയിപ്പു സഹിച്ചാല്‍ മാത്രം പോര. കൂടെ അക്കൗണ്ടില്‍ നിന്ന് പണവും ഈടാക്കും. സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന് ഉപഭോക്താവ് പണം നല്‍കേണ്ടി വരുന്നു.
മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ച് ഇടപാടുകളും മാത്രമേ സൗജന്യമായി കാര്‍ഡ് ഉപയോഗിച്ച് നടത്താനാവുകയുള്ളൂ. അതിനുശേഷം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ 20 രൂപ ചെലവാകും. ഇത് നോട്ട് നിരോധനത്തിനു മുമ്പേ ഉണ്ടായിരുന്നതാണ്. എന്നാല്‍ പണമിതര ഇടപാടുകള്‍ക്ക് പല ബാങ്കുകളും 8.50 രൂപയും കൂടെ അതിന്റെ ടാക്‌സും ഈടാക്കുന്നു.
അതായത് ബാലന്‍സ് ഇല്ലെന്ന് അറിയിക്കാന്‍ ഉപയോക്താവ് പണം നല്‍കണം. 100, 500 നോട്ടുകള്‍ ഇവിടെയില്ലെന്ന് അറിയിക്കാനും പണം നല്‍കണം. പിന്‍ നമ്പര്‍ മാറ്റുക, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുക, ബാലന്‍സ് നോക്കുക എന്ന തീര്‍ത്തും പണരഹിതമായിരുന്ന സൗകര്യങ്ങള്‍ക്കും ഇപ്പോള്‍ പണം ഈടാക്കുന്നു.
അഞ്ച് സൗജന്യ ഇടപാട് പണം ലഭിക്കുന്ന ഇടപാടു മാത്രമായിരിക്കില്ല. പണം ലഭിച്ചാലും ഇല്ലെങ്കിലും ഓരോ തവണ കാര്‍ഡിട്ട് പിന്‍ നമ്പര്‍ അടിച്ചാലും ഇടപാടായി എണ്ണും.
കൊള്ള തന്നെയല്ലേ, മെസേജ് പോലുമില്ല
നിശ്ചിത സംഖ്യയായ 20 രൂപയിലോ 8.50 രൂപയിലോ മാത്രം ഒതുങ്ങുന്നില്ല പണം വാരല്‍. അതിന്റെ കൂടെ നികുതിയും ഈടാക്കുന്നുണ്ട്. അക്കൗണ്ടിലെ ഓരോ ഇടപാടും കൃത്യമായി മെസേജ് ചെയ്ത് അറിയിക്കുന്നുണ്ടെങ്കിലും ഈ പണം ഈടാക്കുന്നതു മാത്രം മെസേജായി വരുന്നില്ല. അക്കൗണ്ടില്‍ നിന്നാണ് പണം പോവുന്നതെന്ന നിലയ്ക്ക് എന്തുകൊണ്ടായിരിക്കും മെസേജ് ലഭിക്കാത്തത്. ഇനി എസ്.എം.എസ് അയച്ചാലും നല്‍കണം പണം. ഇത് എത്രയാണെന്നു പോലും കൃത്യമായ വിവരം നല്‍കുന്നില്ല.
(വിവരങ്ങള്‍ ഇന്റര്‍നെറ്റ് ബാങ്കിങില്‍ നിന്ന് അവസാനത്തെ 10 ഇടപാടുകള്‍ എടുത്തപ്പോള്‍ കിട്ടിയത്)[/caption]
പണവും ഉപയോഗിക്കരുത്, പിന്നെങ്ങനെ
ഇതെല്ലാം കൂടാതെ നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ ഓരോ ആയിരം രൂപയ്ക്കും 150 രൂപ വരെ ഈടാക്കുമെന്നും കഴിഞ്ഞയാഴ്ച വിവിധ ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളാണ് വിചിത്രമായ നടപടിയിലേക്കു നീങ്ങിയത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും സര്‍ക്കാരോ ധനമന്ത്രാലയമോ റിസര്‍വ്വ് ബാങ്കോ ഇടപെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."