ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാറിന്റെ കീഴിലാക്കാന്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ സഘ്പരിവാറിന്റെ കീഴിലാക്കാന്‍ തീരുമാനം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് ഉടന്‍ സ്വാഗതസംഘം രൂപീകരിക്കും.
ശബരിമല യുവതീപ്രവേശന വിധിക്കുശേഷം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുഴുവന്‍ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസിനെ ചുമതലപ്പെടുത്തിയത്. ശബരിമല സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചതുപോലെ എറണാകുളത്തും കോഴിക്കോടും അയ്യപ്പ ഭക്ത സംഗമം നടത്താനും ആര്‍.എസ്.എസ് ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നാണ് ഇതിനായി ആളെ ഇറക്കിയത്. എറണാകുളത്തും കോഴിക്കോട്ടും സംഘടിപ്പിക്കുന്ന പരിപാടികളില്‍ ബാബാ രാംദേവിനെയും ശ്രീശ്രീ രവിശങ്കറെയും പങ്കെടുപ്പിക്കുന്നതിനും ആര്‍.എസ്.എസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.എസ് ശ്രീധരന്‍ പിള്ളയെ മാറ്റുന്നതിനുള്ള ആലോചനയും നടക്കുന്നുണ്ട്. ശ്രീധരന്‍ പിള്ളക്ക് എതെങ്കിലും സര്‍ക്കാര്‍ പദവി നല്‍കി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇനി എവിടെയാണ്
ഇടതുപക്ഷത്തിന്റെ ഇടം
അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ചുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരേ 1977ല്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ ഓര്‍മിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന മഹാറാലി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ദേശീയ, പ്രാദേശിക കക്ഷികളടക്കം പ്രതിപക്ഷ കക്ഷികളുടെ അഭൂതപൂര്‍വമായ ഒത്തുചേരലാണുണ്ടായത്. ബി.ജെ.പി ഭരണത്തിനെതിരേ നിലകൊള്ളുന്ന പ്രാദേശിക കക്ഷികളുടെ പ്രതിനിധികളെല്ലാം തന്നെ റാലിക്കെത്തി. റാലിയുടെ തൊട്ടു തലേന്നു പോലും മമത കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടും അതിന്റെ പിണക്കം കാണിക്കാതെ കോണ്‍ഗ്രസ് നേതാക്കളും റാലിക്കെത്തിയതോടെ അക്ഷരാര്‍ഥത്തില്‍ തന്നെ റാലി ബി.ജെ.പി സര്‍ക്കാരിനെതിരായ മഹാസഖ്യത്തിന്റെ തുടക്കമായി മാറുകയായിരുന്നു.
എന്നാല്‍, ഈ കൂട്ടായ്മയില്‍ ശ്രദ്ധേയമായൊരു അസാന്നിധ്യമുണ്ടായി. ദേശീയ തലത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുചേരിയില്‍ പെട്ട കക്ഷികളുടെ അഭാവമായിരുന്നു അത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ മതേതര കക്ഷികളുടെ കൂട്ടായ്മ വേണമെന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം അടക്കമുള്ള ഇടതുകക്ഷികള്‍ക്ക് ഒരു പങ്കുമില്ലാതെയാണ് ഈ പ്രതിപക്ഷ കൂട്ടായ്മ രൂപംകൊള്ളുന്നതെന്ന് ഏറക്കുറേ വ്യക്തമായിരിക്കയാണ്. ഇതോടെ ഏറെ പ്രസക്തമായൊരു ചോദ്യം ഉയരുകയാണ്. രാജ്യത്തെ മതേതര ചേരിയുടെ മുന്നേറ്റത്തില്‍ ഇനി ഇടതുപക്ഷത്തിന്റെ ഇടം എവിടെയാണ്
ദേശീയ രാഷ്ട്രീയത്തില്‍ അങ്ങനെ ഒരിടം ഇല്ലാതായിക്കഴിഞ്ഞു, അല്ലെങ്കില്‍ സി.പി.എം ഇല്ലാതാക്കിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപക്വവും അപ്രായോഗികവുമായ സി.പി.എമ്മിന്റെ നിലപാടാണ് ഈ ഒറ്റപ്പെടലിനു വഴിയൊരുക്കിയത്. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ശത്രുക്കളായി കണ്ട് അവര്‍ക്കെതിരേ മറ്റൊരു ചേരി കെട്ടിപ്പടുക്കുക എന്ന നിലപാടിന്റെ തുടര്‍ച്ചയാണ് അവര്‍ ഈ കൂട്ടായ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു കാരണം. രണ്ടാമത്തേതും കൂടുതല്‍ പ്രധാനപ്പെട്ടതുമായ കാരണം പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ അടിത്തറ തകര്‍ത്ത മമത എന്ന രാഷ്ട്രീയ നേതാവിനോടുള്ള വിരോധമാണ്. കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ അടിത്തറയില്ലാത്ത ഇത്തരം വിരോധങ്ങളില്‍ ആവിയായിപ്പോകുകയാണ് അവരുടെ ഫാസിസ്റ്റ് വിരോധം.
രാഷ്ട്രീയ യാഥാര്‍ഥ്യത്തിനു നിരക്കാത്ത സി.പി.എമ്മിന്റെ വ്യാമോഹങ്ങളാണ് ഇടതുപക്ഷത്തെ ഈ നിലയിലെത്തിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കക്ഷികളുമായി ഐക്യപ്പെട്ട് ദേശീയതലത്തില്‍ ഒരു രാഷ്ട്രീയ ചേരിക്കു രൂപം നല്‍കാമെന്ന ഇടതു സ്വപ്നം ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇടതുപക്ഷം സഖ്യം പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലെ കക്ഷികളെല്ലാം തന്നെ പ്രതിപക്ഷ മുന്നേറ്റവുമായി ഐക്യപ്പെടുന്നതാണ് കൊല്‍ക്കത്തയില്‍ കണ്ടത്. കടുത്ത ബി.ജെ.പി വിരോധമുണ്ടായിട്ടും കോണ്‍ഗ്രസുമായി അകലം പാലിച്ച അരവിന്ദ് കെജ്്‌രിവാള്‍ പോലും റാലിക്കെത്തി. സി.പി.എം സഖ്യം പ്രതീക്ഷിച്ച കക്ഷികളിലൊന്നായ തെലങ്കാനയിലെ ടി.ആര്‍.എസാകട്ടെ ബി.ജെ.പിയുമായി കൂട്ടുചേരുമെന്ന സൂചന ലഭിച്ചിട്ടുമുണ്ട്.
സ്വയം സൃഷ്ടിച്ച ഈ ഒറ്റപ്പെടല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്, വിശേഷിച്ച് സി.പി.എമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മാനിക്കാന്‍ പോകുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്താന്‍ വലിയ രാഷ്ട്രീയ വിശകലനത്തിന്റെയൊന്നും ആവശ്യമില്ല. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയില്‍ അറുപതിലധികം സീറ്റുമായി നിര്‍ണായക ശക്തിയായി നിലകൊണ്ടിരുന്ന ഇടതുപക്ഷത്തിന്റെ ലോക്‌സഭയിലെ നില ഇപ്പോള്‍ പരമദയനീയമാണ്. നിലവിലെ അവസ്ഥയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അതിനേക്കാള്‍ വലിയ ശക്തിക്ഷയം ഇടതുപക്ഷം നേരിടേണ്ടി വരുമന്ന് ഉറപ്പാണ്.
കോണ്‍ഗ്രസുമായി ധാരണയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തീര്‍ത്തും തടുച്ചുനീക്കപ്പെടുകയായിരിക്കും ഫലം. ത്രിപുരയില്‍ സി.പി.എമ്മിനുള്ള രണ്ടു സീറ്റുകള്‍ നിലവിലെ സാഹചര്യത്തില്‍ നഷ്ടപ്പെടാനാണ് സാധ്യത. ചെറിയ തോതിലെങ്കിലും സ്വാധീനമുള്ള തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂട്ടിനുണ്ടാകുമെന്നു പ്രതീക്ഷിച്ചവരൊക്കെ മമത കൂടി ഉള്‍പെട്ട സഖ്യത്തിനൊപ്പവുമാണ്. അവിടെയൊന്നും ഒറ്റയ്ക്കു മത്സരിച്ച് ഒരു സീറ്റെങ്കിലും നേടാനുള്ള പ്രാപ്തി ഇപ്പോള്‍ ഇടതുപക്ഷത്തിനില്ല.
പിന്നെ ആകെയൊരു ആശ്രയം അവര്‍ ഭരിക്കുന്ന കേരളമാണ്. ഇടതുമുന്നണിക്കു മത്സരിച്ചു ജയിക്കാവുന്ന കുറച്ചു സീറ്റുകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതിലുള്ള വെല്ലുവിളികള്‍ അവര്‍ നേരിടേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് ലോക്‌സഭാ തെരഞ്ഞടുപ്പിലെ രാഷ്ട്രീയം. ദേശീയതലത്തില്‍ ശക്തമായൊരു ചേരിയുടെ പിന്‍ബലമില്ലാത്ത പാര്‍ട്ടികളുടെ പ്രതിനിധികളെ ലോക്‌സഭയിലേക്കു തെരഞ്ഞെടുത്തയയ്ക്കാന്‍ മടിക്കുന്ന വലിയൊരു വിഭാഗം വോട്ടര്‍മാര്‍ കേരളത്തിലുണ്ട്. സ്വയം സൃഷ്ടിച്ചെടുത്ത ഇങ്ങനെയൊക്കെയുള്ള പ്രതികൂല സാഹചര്യത്തില്‍ ലോക്‌സഭയിലെ ഇടതുപക്ഷത്തിന്റെ ഇടം കേരളത്തില്‍ നിന്ന് ലഭിച്ചേക്കാനിടയുള്ള, ഒരുപക്ഷെ രണ്ടക്കം തികയാത്ത അംഗബലത്തില്‍ പരിമിതപ്പെടാനാണ് സാധ്യത. പിന്നെ ചില സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കു മത്സരിച്ച് കെട്ടിവച്ച കാശ് കളയാനും ചില മണ്ഡലങ്ങളില്‍ മതേതര ചേരിയുടെ തോല്‍വി ഉറപ്പുവരുത്തി ബി.ജെ.പിയെ വിജയത്തിലെത്തിക്കാനും ഇടതുപക്ഷത്തിനു സാധിച്ചേക്കും.
ഏതോ കാലത്തു രൂപപ്പെടുത്തിയതും പുതിയ കാലത്ത് ഒട്ടും പ്രസക്തമല്ലാത്തതുമായ വരട്ടുതത്ത്വവാദങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തെ മതേതര ചേരിക്കൊപ്പം നിലകൊള്ളാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ നേതാക്കള്‍ പലവട്ടം ഇടതുപക്ഷത്തോട് അഭ്യര്‍ഥിച്ചതാണ്. എന്നാല്‍, സി.പി.ഐ ഇക്കാര്യത്തില്‍ കുറച്ചെങ്കിലും പ്രായോഗികമായ നിലപാടു സ്വീകരിച്ചിട്ടും പഴയ കടുംപിടുത്തത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം നേതൃത്വം. വലിയൊരു നാശത്തിലേക്കായിരിക്കും ഇതവരെ നയിക്കുക എന്നു വ്യക്തം. വൈകിയ വേളയിലെങ്കിലും അതു തിരിച്ചറിഞ്ഞ് മതേതര ചേരിയുമായി സഹകരണത്തിനു സാധ്യത തേടാനുള്ള വിവേകം ഇടതുപക്ഷത്തിനുണ്ടായാല്‍ അവര്‍ക്കു നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."