കച്ചവടത്തിന് എത്തുന്ന ട്രംപും പരവതാനിയൊരുക്കുന്ന മോദിയും
ഈ മാസം 24ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുകയാണ്. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തില്‍ മുങ്ങിയ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം അമേരിക്കയുടെ പ്രതിച്ഛായ തന്നെ തകര്‍ക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സെനറ്റര്‍മാര്‍ പ്രസിഡന്റിന് കത്തു നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ സാമൂഹിക പശ്ചാത്തലം ആധുനിക മനുഷ്യന്റെ വിശാല വിചാരധാരയുമായി ഏറെ അകല്‍ച്ചയിലാണ് സഞ്ചരിക്കുന്നത്. അധഃസ്ഥിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ഭയത്തിലാണ്. ലോകത്ത് ഒരിടത്തും ദൃശ്യമാകാത്ത സാമൂഹ്യ അരാജകത്വം നിലനില്‍ക്കുന്നു. ഭരണകൂട ഭീകരത ഭയാനകമാംവിധം വര്‍ധിച്ചിരിക്കുന്നു. അമേരിക്ക കാത്തു സൂക്ഷിച്ചുവരുന്ന ജനാധിപത്യ വിശ്വാസങ്ങളും മൂല്യങ്ങളും പരിഗണിച്ചാല്‍ ഇപ്പോഴത്തെ ഇന്ത്യയുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകും. പൗരത്വത്തിന് വേണ്ടി പൗരന്മാര്‍ തന്നെ തെരുവിലിറങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുരാതന ഭാരതത്തിലെ സംസ്‌കൃതിക്ക് അന്യമാണ്. സഹിഷ്ണുതയും സ്വീകാര്യ മനസ്സും ഭരണകൂടങ്ങള്‍ക്ക് നഷ്ടപ്പെട്ടു. രണ്ടുവട്ടം ആലോചിച്ചു മാത്രമേ യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കാവൂ എന്ന മുന്നറിയിപ്പാണ് സെനറ്റര്‍മാര്‍ നല്‍കിയ കത്തിലെ ഉള്ളടക്കം.
ഇറാനിലെ രണ്ടാമനും ബൗദ്ധിക ശക്തിയുമായ സുലൈമാനിയെ റഡാറിന്റെ കണ്ണില്‍ പെടാത്ത ഡ്രോണ്‍ അയച്ചു വധിച്ച അമേരിക്കയുടെ സാങ്കേതിക ശാസ്ത്രവും ഡ്രോണുകളും ഇന്ത്യക്ക് മുന്തിയ വിലക്ക് വില്‍ക്കാനുള്ള പുറപ്പാടിലാണ് ട്രംപ്. അന്ധമായ ദേശീയ വികാരവും വിചാരവും വളര്‍ത്തി 2024ലെ തെരഞ്ഞെടുപ്പ് കടക്കാനുള്ള കുറുക്കു വഴി തേടുകയാണ് മോദി. 40 ധീരജവാന്മാര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഭീകരാക്രമണത്തിലെ വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. അതീവ സുരക്ഷാ മേഖലയില്‍ ആര്‍മിയുടെ കൈവശത്തില്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തീവ്രവാദികള്‍ക്ക് ഇങ്ങനെ ഒരു ഓപ്പറേഷന്‍ നടത്താന്‍ വഴിയൊരുക്കിയത് ആരാണെന്നറിയാന്‍ ലോകത്തിന് താല്‍പര്യമുണ്ട്. 40 ധീരജവാന്മാരുടെ രക്തസാക്ഷിത്വം വോട്ട് ബാങ്ക് നിര്‍മാണ രാഷ്ട്രീയമായി ബി.ജെ.പി ഉപയോഗപ്പെടുത്തി. ഇന്ത്യയുടെ ദേശ സുരക്ഷയും അഭിമാനവും കാത്തുസൂക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ശരിയായ ഉത്തരമായിരുന്നോ? വിജനമായ പ്രദേശത്തെ കുറെ മരങ്ങളും പുല്ലുകളും കത്തിച്ചാമ്പലായി, അതില്‍ കവിഞ്ഞ എന്ത് മറുപടിയാണ് പാകിസ്താന്റെ മണ്ണില്‍ നമുക്ക് നടത്താന്‍ സാധിച്ചത്. ഇപ്പോഴും ദുരൂഹമായ പുല്‍വാമ ദാരുണ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
പൗരത്വ നിയമം എത്രകാലം ബി.ജെ.പിയെ സഹായിക്കും? ബാബരി മസ്ജിദും ശ്രീരാമനും മികച്ച വിപണി മൂല്യമുള്ള പൊളിറ്റിക്കല്‍ എന്‍ജിനീയറിങ് മെറ്റീരിയല്‍സായി ഉപയോഗപ്പെടുത്തി രണ്ടില്‍നിന്ന് 303 ലേക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ആര്‍.എസ്.എസ് ബൗദ്ധിക ശക്തികള്‍ക്ക് സാധ്യമായി. ഇന്ത്യന്‍ മനസ് കീറിമുറിച്ച് മതസത്വ ബോധം ബഹുത്വ സത്വബോധതിനുമേല്‍ കൈയേറ്റം നടത്തി സൗത്ത് ബ്ലോക്ക് തരപ്പെടുത്തികൊടുക്കാന്‍ ബി.ജെ.പിയെ സഹായിച്ച ഫാസിസ്റ്റ് ശക്തികളുടെ അടുത്ത ഇര മതന്യൂനപക്ഷങ്ങള്‍ തന്നെ. ഇന്ത്യക്ക് അകത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ചു ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ രാഷ്ട്രം സ്വപ്നം കാണുകയാണ് ആര്‍.എസ്എസ്. രൂപീകരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന 2025ല്‍ തീവ്ര ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് ആര്‍.എസ്.എസ് സൈദ്ധാന്തിക പക്ഷം.
ഇന്ത്യയിലെ ക്ഷുഭിത യൗവ്വനം അകക്കണ്ണുകൊണ്ട് കാണാന്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് സാധ്യമായിട്ടില്ല. രണ്ടു മാസത്തിലധികമായി നീളുന്ന ശക്തിപ്രാപിച്ചുവരുന്ന ദേശീയ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമായി ഇതിനകം ലോകം വിലയിരുത്തിയിട്ടുണ്ട്. ഭാവി ഭാരതം മതേതര ഭാരതം തന്നെയായിരിക്കുമെന്നാണ് യുവത്വംവിളിച്ചു പറയുന്നത്. റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സര്‍വകലാശാലകള്‍ ഉയര്‍ത്തുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ വിലയിരുത്തിയത് ഭാരതത്തില്‍ വസന്തം വന്നുവെന്നാണ്. യഥാര്‍ഥ മുല്ലപ്പൂവിപ്ലവം. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം അതിന്റെ സാക്ഷ്യവും കൂടിയാണ്. അമിത് ഷാ 35 റോഡ് ഷോകളില്‍ പങ്കെടുത്ത് തീവ്ര വര്‍ഗീയത പ്രസംഗിച്ചു. നരേന്ദ്ര മോദി മൂന്ന് വലിയ സമ്മേളനങ്ങളെ അഭിമുഖീകരിച്ചു സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രതിഷേധിക്കുന്നവരെ ഗോളി മാരോ(വെടി വെക്കൂ) എന്ന് അട്ടഹസിച്ചു. ഇന്ത്യ-പാക് മത്സരമായി തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേതൃത്വം അവതരിപ്പിച്ചു. 80 ശതമാനം ഹിന്ദുക്കള്‍ അധിവസിക്കുന്ന ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പിയെ ബഹുദൂരം പിറകിലാക്കാന്‍ മതേതര ഭാരതത്തിന് സാധിച്ചു. ആര്‍.എസ്.എസ് ഫാസിസ്റ്റ് ശക്തികള്‍ക്ക് ഭാവി ഭാരതത്തില്‍ ഇടമില്ലെന്ന് ഉറപ്പ്.
ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും നിര്‍മിച്ചുനല്‍കിയ ബൈപ്പാസ് വഴിയാണ് ബി.ജെ.പി കരപിടിക്കുന്നത്. അണ്ണാദുരൈയുടെ തമിഴ്‌നാട്ടില്‍ 1967നു ശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഒഡിഷയിലെ ബിജു പട്‌നായിക് കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാണ് രൂപപ്പെടുത്തിയത്. പശ്ചിമബംഗാളും ത്രിപുരയും അപവാദമല്ല. മുലായം സിങ് യാദവും മായാവതിയും ലാലുപ്രസാദ് യാദവും നിര്‍വഹിച്ച ധര്‍മവും ശാശ്വതമായി മതേതരത്വത്തിന് അനുകൂലമായില്ല.
പടല പിണക്കങ്ങളും കലഹങ്ങളും ഉദിച്ചുയര്‍ന്ന പ്രാദേശിക പാര്‍ട്ടികളെ തളര്‍ത്തിയപ്പോള്‍ ഉരുത്തിരിഞ്ഞ വിടവുകളില്‍ താമര വിരിഞ്ഞു. 80 ലോക്‌സഭാ സീറ്റുള്ള യു.പിയില്‍ 73 ബി.ജെ.പി നേടി. ബിഹാറിലും ഹരിയാനയിലും സ്ഥിതി മറിച്ചല്ല. മതേതര ചേരികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തയാറായാല്‍ ഫാസിസത്തിന് ഇടം ഒട്ടും ഉണ്ടാവില്ല. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വോട്ടര്‍മാര്‍ നല്‍കുന്ന കനത്ത താക്കീതാണ്. നേതൃത്വം തിരിച്ചറിയാന്‍ വൈകിയാല്‍ കടുത്ത പാഠം പഠിപ്പിക്കും.
അധികാര രാഷ്ട്രീയത്തിനുവേണ്ടി മതേതര ചേരികളില്‍ വിള്ളലുണ്ടാക്കുന്ന പ്രവണത ഫാസിസ്റ്റുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്തത്. ഇന്ത്യയിലെ 16 ശതമാനം വരുന്ന ദലിതര്‍ക്ക് പറയത്തക്ക പുരോഗതികള്‍ നേടാനായില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ അവരുടെ നിഴല്‍പ്പാടുകളും ദൃശ്യമല്ല. ന്യൂനപക്ഷങ്ങളുടെ അവസ്ഥയും മറിച്ചല്ല. പ്രാദേശിക താല്‍പര്യങ്ങള്‍, വ്യക്തി വിരോധങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി രൂപപ്പെട്ടുവന്നിട്ടുള്ള സംഘടനകള്‍ വസ്തു നിഷ്ഠ അപഗ്രഥനത്തില്‍ ശത്രുവിനെയാണ് സഹായിച്ചത്. ഒന്നിച്ചുനില്‍ക്കാന്‍ ആവശ്യപ്പെടുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഇത്തരക്കാരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. സമീപനരീതികള്‍ മാറേണ്ടതുണ്ട്. മിതവാദം ഒരു ദുര്‍ബലമായി വിലയിരുത്തി പരിഹസിക്കരുത്. നമ്മുടെ പരിസരങ്ങളെ പരിഗണിക്കാതെ ശബ്ദകോലാഹലങ്ങള്‍ കൊണ്ട് പ്രശ്‌നപരിഹാരം അസാധ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."