ബിരിയാണി വിവാദമാവുമ്പോള്‍
അതെ, അങ്ങനെയുണ്ടായി കുറച്ചു മുന്‍പ് ഒരു വിവാദം. ഈ വിവാദത്തിലെ മുഖ്യ കഥാപാത്രം ബിരിയാണിയാണ്. ബിരിയാണി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഭക്ഷ്യ സംസ്‌കാരത്തിനുള്ള മുസ്‌ലിം സംഭാവനയാണ്. മുഗള്‍ വാഴ്ചക്കാലത്ത് മാംസവും അരിയും മസാലയുമൊക്കെച്ചേര്‍ത്തു പാകപ്പെടുത്തുന്ന ഈ വിഭവം പ്രചാരത്തിലായി. കുതിരക്ക് കൊടുക്കാനായിരുന്നു ആദ്യമൊക്കെ ബിരിയാണി ഉണ്ടാക്കിയിരുന്നത് എന്ന് പറയുന്നവരുണ്ട്. ഏതായാലും ഇപ്പോള്‍ ഇത് ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമാണ്. ഹൈദരാബാദി ബിരിയാണി, ലക്‌നൗ ബിരിയാണി, മലബാര്‍ ബിരിയാണി എന്നൊക്കെ വ്യത്യസ്ത തരം ബിരിയാണികള്‍ ആളുകളുടെ അഭിരുചികള്‍ക്കനുസരിച്ച് വെപ്പുപുരകളില്‍ സുലഭം. ജാതി, മത, ദേശഭേദങ്ങളെ അതിജീവിച്ച് ബിരിയാണി രാജകീയ വിഭവമായി വിരാജിക്കുന്നു ഇന്ത്യയില്‍ ഉടനീളം. കടുത്ത മുസ്‌ലിം വിരുദ്ധനു പോലും ബിരിയാണിയെ നിരാകരിക്കാനാവുകയില്ല. വെജിറ്റബിള്‍ ബിരിയാണിയെന്ന ദരിദ്രമായ അനുകരണമെങ്കിലും വേണം അത്തരക്കാര്‍ക്ക്. ഏതായാലും ബിരിയാണി ബിരിയാണി തന്നെ.
ഏതാണ്ട് രണ്ടാഴ്ച മുമ്പാണ് ബിരിയാണി സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായത്. ആരുടെ ബിരിയാണിയാണ് രുചികരം എന്നതായിരുന്നു തര്‍ക്കം. മലബാറികളുടേതോ ഹൈദരാബാദികളുടേതോ എന്നൊക്കെപ്പറഞ്ഞ് തര്‍ക്കം തന്നെ. രണ്ടു ഭാഗത്തും അണിനിരന്നത് കേമന്മാര്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നീതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ് കാന്ത് ഒരു വശത്ത്. തെലങ്കാന മന്ത്രി കെ.ടി രാമറാവു മറുവശത്ത്. അതോടെ ഫേസ്ബുക്കില്‍ ആളുകള്‍ സംഗതി ഏറ്റുപിടിച്ചു. ഓരോരുത്തരും പറയുന്നത് തങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുന്ന ബിരിയാണിയാണ് കെങ്കേമം എന്നാണ്.
തര്‍ക്കം തുടങ്ങിയത് ഭക്ഷണ സംബന്ധിയായി ആനുകാലികങ്ങളില്‍ എഴുതുന്ന വീര്‍ സംഘ്‌വിയുടെ ഒരു പോസ്റ്റില്‍ നിന്നാണ്. അതിന് അമിതാഭ് കാന്ത് ഒരു കമന്റിട്ടു. ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണി തലശ്ശേരി പാരീസ് ഹോട്ടലിലെ ഫിഷ് ബിരിയാണെന്നായിരുന്നു അമിതാഭ് കാന്തിന്റെ കമന്റ്. പ്രാദേശികമായി ലഭ്യമായ കുറിയ അരിയും അയക്കൂറയും ചേര്‍ത്തുണ്ടാക്കുന്ന ഈ ബിരിയാണി ഗംഭീരമാണന്നും മറ്റു ബിരിയാണികളെ അതു ഒരു പാട് പിന്നിലാക്കുമെന്നും അദ്ദേഹം കമന്റിട്ടു. ഇതാണ് തെലങ്കാന മന്ത്രി കെ.ടി രാമറാവുവിനെ പ്രകോപിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണിയെന്ന് പറയാനുള്ള അര്‍ഹതയുള്ളത് ഹൈദരാബാദ് ബിരിയാണിക്കാണ് അമിതാഭ് ജി എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നു മാത്രമല്ല ബാക്കിയെല്ലാം ഹൈദരാബാദി ബിരിയാണിയുടെ ദരിദ്രമായ അനുകരണമാണെന്ന് വരെ പറഞ്ഞു അദ്ദേഹം.
തങ്ങളുടെ ഭക്ഷ്യ സംസ്‌കാരത്തെ ഈയിടെ യുനസ്‌കോ അംഗീകരിച്ചിട്ടുണ്ടെന്നും രുചിയും പോഷക ഗുണവുമുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമായ നഗരമെന്ന നിലയില്‍ ഹൈദരാബാദിന് ക്രിയേറ്റീവ് സിറ്റി ഓഫ് ഗാസ്‌ട്രോണമി എന്ന പദവി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു രാമറാവുവിന് പറയാനുള്ള ന്യായം. അതോടെ ഹൈദരാബാദുകാര്‍ റാവുവിന് പിന്നില്‍ അണിനിരന്നു.
പക്ഷെ അമിതാഭ് കാന്ത് വിടുമോ, കേരളവുമായി ദീര്‍ഘകാല ബന്ധമുണ്ട് അമിതാഭിന്. അതും തലശ്ശേരിയുമായിട്ട്. 1980 ബാച്ചിലെ ഐ.എ.എസ് കാരനായി തന്റെ സിവില്‍ സര്‍വിസ് അദ്ദേഹം ആരംഭിച്ചത് തലശ്ശേരി സബ് കലക്ടറായാണ്. പാരീസ് ഹോട്ടലിലെ ബിരിയാണിയുടെ രുചി അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വിട്ടു പോവാത്തതില്‍ അത്ഭുതമില്ല തന്നെ. റാവുവുമില്ല വിടാന്‍ ഭാവം. യുനെസ്‌കോയുടെ സര്‍ഗ്ഗാത്മക നഗരങ്ങളില്‍ ഹൈദരാബാദിന് ഇടം ലഭിച്ചത് അവിടത്തെ കുശിനി മൂലമാണ്. അതില്‍ ഹൈദരാബാദി ബിരിയാണിക്ക് നല്ല പങ്കുണ്ട്. ഇങ്ങനെ പോയി അദ്ദേഹത്തിന്റെ വാദങ്ങള്‍. ഇത്രയുമൊക്കെ ആയാല്‍ ജനം അടങ്ങിയിരിക്കുമോ? ഓരോരുത്തരും സ്വന്തം നാട്ടിലെ ബിരിയാണിക്ക് വേണ്ടി രംഗത്തു വരുന്നതാണ് പിന്നീട് കണ്ടത്. മെല്ലെ മെല്ലെ തര്‍ക്കം കെട്ടടങ്ങുകയായിരുന്നു.
പാരീസ് ഹോട്ടലിലെ ബിരിയാണിയുടെ രുചി സ്വന്തം നാക്കില്‍ ബാക്കിയായതു കൊണ്ട് മാത്രം അമിതാഭ് കാന്ത് തലശ്ശേരിയുടെ ബിരിയാണി മാഹാത്മ്യം ഉദ്‌ഘോഷിച്ചതാവാന്‍ ഇടയില്ല. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച ദേശമാണ് തലശ്ശേരി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔട്ട്‌ലുക്ക് മാസിക ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് ഫുഡ് സെന്ററുകളെപ്പറ്റി ഒരു ഫീച്ചര്‍ തയാറാക്കിയപ്പോള്‍ അവയിലൊന്ന് തലശ്ശേരിയായിരുന്നു. കുരുമുളകിന്റെ ലോകവിപണിയില്‍ ഈ ദേശമുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് കുരുമുളക് വില്‍ക്കാന്‍ ടൗണില്‍ വന്ന് ചരക്ക് വിറ്റ് പാരീസ് ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച് മുകുന്ദ് ടാക്കീസില്‍ നിന്ന് സിനിമ കണ്ട ശേഷം വീടണയുന്നതിനെപ്പറ്റി ഫീച്ചറില്‍ പരാമര്‍ശിച്ചിരുന്നു. ഇന്നും പാരീസ് ഹോട്ടല്‍ ഒരനുഭവമാണോ ആവോ!
ഇതേ പോലെ ജിയോഗ്രഫിക്കല്‍ ടാഗ് കൈവശപ്പെടുത്തിയ ഭക്ഷ്യ പദാര്‍ഥങ്ങള്‍ വേറെയുമുണ്ട്. അമ്പലപ്പുഴ പാല്‍പായസവും രാമശ്ശേരി ഇഡ്ഡലിയുമൊക്കെ. കോഴിക്കോടന്‍ ഹല്‍വയും ഈ ടാഗിന് മത്സരിക്കുന്നുണ്ടാവണം. കുറച്ചു കാലം മുമ്പ് രസഗുളയുടെ ദേശീയ മുദ്രക്കുവേണ്ടി പശ്ചിമ ബംഗാളും ഒഡിഷയും ഒച്ചപ്പാടുണ്ടാക്കിയത് ഓര്‍ക്കുക. തങ്ങളുടെ തനതു വിഭവമാണ് രസഗുള എന്ന് ഓരോ ബംഗാളിയും കരുതുന്നു. എന്നാല്‍ രേഖകള്‍ വെച്ചാണ് ഒഡിഷ രസഗുളയുടെ പൈതൃകം അവകാശപ്പെട്ടത്. ഇപ്പോഴും തര്‍ക്കം ശരിക്കും അവസാനിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബിരിയാണിയെപ്പറ്റി ഈയിടെയുണ്ടായ തര്‍ക്കത്തില്‍ ഒട്ടും അതിശയിക്കേണ്ട. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരം അതാത് ദേശത്തിന്റെ ഭക്ഷ്യ പദാര്‍ഥത്തിന്റെ ചേരുവയായിരിക്കും. തലശ്ശേരി ബിരിയാണിയില്‍ നിന്ന് ഭിന്നമാണ് കോഴിക്കോടന്‍ ബിരിയാണി. ഭിന്ന ദേശങ്ങളില്‍ അത് ഭിന്നരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇറച്ചിച്ചോറായും കപ്പ ബിരിയാണിയായും മറ്റും വേഷം മാറ്റുന്നു. ഹൈദരാബാദ് ബിരിയാണിയും തലശ്ശേരി ബിരിയാണിയും രണ്ടു സാംസ്‌കാരിക പ്രതിനിധാനങ്ങളാവുന്നത് അങ്ങനെയാണ്.
ഒഡിഷയില്‍ ഒരു പ്രത്യേക വിഭവമുണ്ട് ചെന പോഡ. ഗജപതി ജില്ലയിലെ മഹേന്ദ്രഗിരി മലയടിവാരത്തുള്ള ഗ്രാമങ്ങളിലാണ് പ്രധാനമായും ഈ പലഹാരമുണ്ടാക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയുടെ അതിര്‍ത്തിയിലാണ് ഈ ഗ്രാമങ്ങള്‍. ചെന പോഡ കഴിക്കാന്‍ വേണ്ടി മാത്രം സംസ്ഥനാതിര്‍ത്തി കടന്ന് ദിവസവും നൂറുകണക്കിന് ആളുകള്‍ ഒഡിഷയിലെത്തുന്നു. പാലും ഒരു സവിശേഷമായ ഇലയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഈ പലഹാരത്തിന്റെ ആവശ്യക്കാര്‍ ഗര്‍ഭിണികളാണ്. കാട്ടില്‍ മേയുന്ന എരുമകളുടെ പാല്‍ കൊണ്ട് വേണം ഉണ്ടാക്കാന്‍ എന്നൊക്കെ നിഷ്‌ക്കര്‍ഷയുണ്ട് പോലും. സംസ്ഥാനങ്ങളുടെയെന്നല്ല രാജ്യങ്ങളുടെ അതിരുകള്‍ പോലും ഭേദിച്ച് ഭക്ഷ്യവിഭവങ്ങളുടെ സാംസ്‌കാരിക മുദ്രകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കും.
ചില ഭക്ഷ്യവസ്തുക്കള്‍ ചില സാംസ്‌കാരിക മുദ്രകള്‍ കൂടിയാണ്. അത് കൊണ്ടാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ വിമര്‍ശിക്കപ്പെട്ടതും മറ്റൊരു തലത്തില്‍ നിന്നുകൊണ്ട് കെ.പി രാമനുണ്ണി ബലിയാണി എന്നൊരു കഥയെഴുതിയതും. ബിരിയാണിയെ മുസ്‌ലിം സ്വത്വവുമായി ചേര്‍ത്തു നിര്‍ത്തി വായിച്ചു അന്ന് കഥയെ വിമര്‍ശിച്ചവര്‍. കെ.ടി രാമറാവുവും അമിതാഭ് കാന്തും സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ ഇടപെട്ട ആളുകളും അതിനെ സ്വന്തം ദേശത്തിന്റെ സ്വത്വവുമായി ബന്ധിപ്പിക്കുന്നു. കൗതുകകരമായ രണ്ടു പ്രതിനിധാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."