മോഷണം: കേസെടുക്കുന്നതിന് മുന്‍പേ പ്രതി പിടിയില്‍
രാജപുരം: ഒടയംചാല്‍ കുന്നുംവയലിലെ സാന്റോ മാത്യുവിന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ മോഷ്ടാവ് കുടുങ്ങി. സംഭവം നടന്നത് അമ്പലത്തറ പൊലിസ് സ്റ്റേഷന് പരിധിയിലാണെങ്കിലും പ്രതിയെ പിടിച്ചത് ഹൊസ്ദുര്‍ഗ് പൊലിസാണ്.
കഴിഞ്ഞദിവസം പകലാണ് കവര്‍ച്ച നടന്നത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനായി കാഞ്ഞങ്ങാട്ടെ കടയിലേക്ക് പ്രതി സുനിലെത്തിയപ്പോള്, സംശയം തോന്നിയ കടയുടമ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് കവര്‍ച്ച നടത്തിയ കാര്യം സമ്മതിച്ചത്.
എന്നാല്‍ ആ സമയം കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാത്രി 10ന് വീട്ടുകാര്‍ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന കാര്യം അറിയുന്നത്. ഉടന്‍ തന്നെ അമ്പലത്തറ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസാണ് പ്രതിയെ കിട്ടിയ കാര്യം വീട്ടുകാരെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."