ഡി.ജി.പിക്കായി വില്ല പണിതത് കരിമ്പട്ടികയില്‍പ്പെട്ട കമ്പനി
തിരുവനന്തപുരം: ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതത് പൊലിസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി. പൊലിസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള തുക വകമാറ്റി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വില്ല പണിയുന്നുവെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു.
അതിനു പിന്നാലെയാണ് പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഹാബിറ്റാറ്റിനെക്കൊണ്ട് വില്ലകളുടെ നിര്‍മാണം നടത്തിയ വിവരം പുറത്തുവരുന്നത്.
നിര്‍മാണം പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാതെയാണ് ഹാബിറ്റാറ്റിന് നല്‍കിയത്.
പാലക്കാട് അഗളി സി.ഐ ഓഫിസ് നിര്‍മിച്ചത് ഹാബിറ്റാറ്റായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ ഈ ഓഫിസ് ചോര്‍ന്നൊലിച്ചു. നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ പൊലിസ് മേധാവി ഡി.ജി.പിക്ക് കത്തും നല്‍കി.
അറ്റകുറ്റപ്പണി ചെയ്യണമെന്നാവശ്യപ്പെട്ട് കരാറുകാരായ ഹാബിറ്റാറിനെ സമീപിച്ചുവെങ്കിലും അവര്‍ പ്രതികരിച്ചില്ല.തുടര്‍ന്നാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പൊലിസ് ആസ്ഥാനത്തുനിന്ന് കോര്‍പ്പറേഷന്‍ എം.ഡിക്ക് നിര്‍ദേശം ലഭിച്ചത്.
2015 ഒക്ടോബര്‍ 17നാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയില്‍പ്പെടുത്തി കോര്‍പ്പറേഷന്റെ എം.ഡിയായിരുന്ന എ.ഡി.ജി.പി അനില്‍കാന്ത് ഉത്തരവിറക്കിയത്. ഇതൊന്നും പരിഗണിക്കാതെയാണ് വില്ലകളുടെ നിര്‍മാണം ലോക്‌നാഥ് ബെഹ്‌റ ടെന്‍ഡര്‍പോലും ക്ഷണിക്കാതെ ഹാബിറ്റാറ്റിന് നല്‍കിയത്. സര്‍ക്കാര്‍ പട്ടികയിലുള്ള കമ്പനിയായത് കൊണ്ടാണ് കരാര്‍ നല്‍കിയതെന്നാണ് പൊലിസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."