പൊന്ന് കുതിക്കുന്നു; മിന്നും വേഗത്തില്‍ ഒപ്പം നെഞ്ചിടിപ്പും...
കൊച്ചി: സ്വര്‍ണ വില ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നു. ഇന്നലെ പവന് 30,680 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലാണ് എത്തിനില്‍ക്കുന്നത്. ഇതോടെ, ഒരുഗ്രാം സ്വര്‍ണം കിട്ടണമെങ്കില്‍ 3,835 രൂപ നല്‍കണമെന്ന നിലയായി. പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി എന്നിവ വേറെയും നല്‍കണം. സ്വര്‍ണ വില മിന്നും കുതിപ്പ് നടത്തിയതോടെ വിവാഹ പ്രായമെത്തിയ പെണ്‍മക്കളുള്ള മാതാപിതാക്കളുടെ നെഞ്ചില്‍ തീയെരിയാനും തുടങ്ങി.
എടുത്തുപറയാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് വില കുതിക്കുന്നത്. അന്തര്‍ ദേശീയ തലത്തിലെ അസ്ഥിരത മുതല്‍ ചൈനയിലെ കൊറോണ വരെയുള്ള കാരണങ്ങള്‍ നിരത്തുന്നുണ്ടെന്ന് മാത്രം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പവന് ആറായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നാലരവര്‍ഷത്തെ കണക്കെടുത്താല്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 10,000 രൂപയാണ്. 2015 ഒക്ടോബറില്‍ പവന് 20,080 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ഇപ്പോള്‍ 30,680 ലേക്ക് എത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പവന് 24,800 രൂപയായിരുന്നു വില. ഓഗസ്റ്റില്‍ അത് 27,200 രൂപയിലേക്ക് ഉയര്‍ന്നു. പിന്നീട് പടിപടിയായി 30,000 കടക്കുകയായിരുന്നു.
സ്വര്‍ണവില മാത്രം കണക്കിലെടുത്ത് ആഭരണശാലകളിലെത്തിയാല്‍ ബജറ്റ് തെറ്റും. ജി.എസ്.ടി നടപ്പാക്കിയതോടെ സ്വര്‍ണാഭരണത്തിനുള്ള നികുതി മൂന്ന് ശതമാനമായി കുത്തനെ ഉയര്‍ന്നിരുന്നു. അതിനുമുന്‍പ്, ഒന്നര ശതമാനമായിരുന്ന വില്‍പന നികുതിയാണ് മൂന്ന് ശതമാനത്തിലേക്ക് ഇരട്ടിച്ചത്. ഇതിന് പുറമേയാണ് ജ്വല്ലറികള്‍ ഈടാക്കുന്ന പണിക്കൂലി. വിവാഹാവശ്യത്തിനും മറ്റുമെടുക്കുന്ന ആഭരണങ്ങള്‍ക്ക് 10-15 ശതമാനമൊക്കെയാണ് പണിക്കൂലി. മണവാട്ടി അണിയുന്ന ഷോ മാലകള്‍ക്കും മറ്റും പിന്നെയും പണിക്കൂലി ഉയരും.
കേരളത്തില്‍ ഇത് വിവാഹ സീസണാണ്. ശബരിമല തീര്‍ഥാടന കാലം കഴിഞ്ഞതോടെ കഴിഞ്ഞ ഒരുമാസമായി വിവാഹങ്ങളുടെ തിരക്കാണ്. ഏപ്രില്‍ അവസാനം റമദാന്‍ മാസം വരികയായി.
അതുംകൂടി കണക്കിലെടുത്താണ് ഇക്കുറി പരീക്ഷാക്കാലം പോലും നോക്കാതെ വിവാഹങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മുന്‍കൂട്ടി വിവാഹമുറപ്പിച്ച പലരും കുതിച്ചുയരുന്ന സ്വര്‍ണ വിലയുടെ മുന്നില്‍ അന്തിച്ചുനില്‍ക്കുകയാണ്. അതിനിടെ, വരും നാളുകളില്‍ വില കുറയുമെന്ന പ്രതീക്ഷ ആഭരണ വ്യാപാരികളും പ്രകടിപ്പിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."