പട്ടാമ്പി ബൈപാസ് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന്
പട്ടാമ്പി: ബൈപാസ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് നഗരസഭ അധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി ജി. സുധാകരനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പട്ടാമ്പി-പുലാമന്തോള്‍ റോഡ് പുനര്‍നിര്‍മാണോദ്ഘാടന ചടങ്ങിലാണ് സ്വാഗത പ്രാസംഗത്തിനിടെ അധ്യക്ഷന്‍ ഈ വിഷയം ഉന്നയിച്ചത്.
പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റോഡ് നിര്‍മാണം നഗരസഭയ്ക്കു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്നും പൊതുമരാമത്തു വകുപ്പിന് ഏറ്റെടുക്കാന്‍ തരത്തില്‍ വീതി റോഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് വര്‍ഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്താണ് റോഡിനു സ്ഥലം ഏറ്റെടുത്തു നിര്‍മാണം തുടങ്ങിയത്. പട്ടാമ്പിയെ ഗതാഗക്കുരുക്കില്‍നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
റോഡ് പണി പൂര്‍ത്തിയാക്കിയാല്‍ പെരിന്തല്‍മണ്ണ റോഡിലൂടെ പട്ടാമ്പിയിലേക്കു വരുന്ന വാഹനങ്ങള്‍ക്കു മേലേ പട്ടാമ്പിയിലും ടൗണിലും വരാതെ പെരുമുടിയൂരില്‍ പട്ടാമ്പി പള്ളിപ്പുറം റോഡിലെത്തി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കെത്താം.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പിന്നാക്ക പ്രദേശ വികസന ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് റോഡ് നിര്‍മാണം തുടങ്ങിയത്. ഈ പദ്ധതി പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി. അതോടെ ബ്ലോക്ക് പഞ്ചായത്തിന് റോഡ് പണി മുന്നോട്ട് കൊണ്ടുപോകകുവാനായില്ല. പട്ടാമ്പി പഞ്ചായത്ത് നഗരസഭ ആയതോടെ റോഡ് നഗരസഭയുടേതായി. നഗരസഭ റോഡ് പണിക്ക് ഫണ്ട് മാറ്റിവച്ചു. എന്നാല്‍ റോഡിനായി വന്‍തുക മാറ്റിവയ്ക്കാന്‍ നഗരസഭയ്ക്ക്‌നാകാത്തതിനാല്‍ റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടും. ഈ സാഹചര്യത്തിലാണു പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തു പണി പൂര്‍ത്തീകരിക്കണമെന്ന് നഗരസഭ അധ്യക്ഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്. എം.ബി രാജേഷ് എം.പിയും ഫണ്ട് നല്‍കി സഹായിക്കണമെന്നും നഗരസഭ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."