പ്രിയതമനെ യാത്രയാക്കാനിറങ്ങിയ അനു സഞ്ചരിച്ചത് മരണത്തിലേക്ക്
എരുമപ്പെട്ടി (തൃശൂര്‍): പ്രിയതമന്‍ സ്‌നിജോയെ തനിച്ചാക്കി മധുവിധു തീരും മുമ്പേ അനു യാത്രയായി. ഒരു മാസം മുന്‍പാണ് അനു സ്‌നിജോയുടെ ജീവിത സഖിയായത്. ജനുവരി 19 നാണ് എരുമപ്പെട്ടി വാഴപ്പിള്ളി ജോസ്-ലിസി ദമ്പതികളുടെ മകനായ സ്‌നിജോ എയ്യാല്‍ കൊള്ളന്നൂര്‍ വര്‍ഗീസ്-മര്‍ഗലി ദമ്പതികളുടെ മകളായ അനുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിഹാഹം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അനു അപകടത്തില്‍ മരിക്കുന്നത്. ബംഗളൂരുവിലെ ഒപ്റ്റം എന്ന സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ഹാര്‍ട്ട് സര്‍ജറിയുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് അനു ജോലി ചെയ്യുന്നത്.
സ്‌നിജോ ഖത്തറിലാണ്. വിവാഹത്തിന് അവധിക്കെത്തിയ സ്‌നിജോ വരുന്ന ഞായറാഴ്ച മടങ്ങിപോകാനിരിക്കുകയായിരുന്നു. പ്രിയതമനെ യാത്രയാക്കാന്‍ നാട്ടിലേക്ക് ബസ് കയറിയ അനുവിന്റെ ജീവനറ്റ ശരീരമാണ് ഭര്‍തൃ ഗൃഹത്തിലെത്തിയത്. അനുവിന് വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം മാത്രമാണ് ഭര്‍തൃഗൃഹത്തില്‍ കഴിയാന്‍ സാധിച്ചത്.
ആഘോഷത്തിലും കുടുംബ സല്‍ക്കാരങ്ങളിലും പങ്കെടുത്ത നവദമ്പതികള്‍ നാലാം തിയതി മധുവിധു ആഘോഷിക്കുന്നതിനായി ദില്ലിയിലേക്ക് വിമാനമാര്‍ഗം യാത്രയായി. നാല് ദിവസത്തിന് ശേഷം ബംഗളൂരുവിലേക്കും. ഒന്‍പതാം തിയതി അനു വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഒരാഴ്ച ബംഗളൂരുവില്‍ ഒരുമിച്ച് കഴിഞ്ഞ സ്‌നിജോ 17 തിയതി തനിച്ച് നാട്ടിലേക്ക് തിരിച്ചു. ലീവ് കിട്ടാത്തതിനാലാണ് അനു കൂടെ വരാതിരുന്നത്. വെള്ളിയാഴ്ച്ചയാണ് കമ്പനി അനുവിന് ലീവ് അനുവദിച്ചിരുന്നത്. ഞായറാഴ്ച സ്‌നിജോ ഖത്തറിലേക്ക് യാത്രയാകുന്നതിനാല്‍ വ്യാഴാഴ്ച ലീവ് അനുവദിച്ച് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ബസില്‍ യാത്ര തിരിച്ചത്. ലീവ് ലഭിച്ചതും നാട്ടിലേക്ക് ബസില്‍ തിരിച്ചതും സ്‌നിജോയെ വിളിച്ചറിയിച്ചിരുന്നു. തന്നെ യാത്രയാക്കാന്‍ വരുന്ന പ്രിയതമയെ കൊണ്ടുവരാന്‍ സ്‌നിജോ കാറുമായി ഇന്ന് പുലര്‍ച്ചെ 3.30ന് തന്നെ തൃശൂര്‍ കെ.എസ്.ആര്‍ടി.സി സ്റ്റാന്റില്‍ കാത്തുനിന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും ബസ് എത്താത്തതിനാല്‍ അനുവിന്റെ ഫോണില്‍ വിളിച്ചു കൊണ്ടിരുന്നെങ്കിലും ഫോണ്‍ എടുത്തില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് അപകടത്തില്‍പ്പെട്ട വിവരം അധികൃതര്‍ അറിയിക്കുന്നത്. ബന്ധുക്കളെ വിവരമറിയിച്ച സ്‌നിജോ അവരോടൊപ്പം അപകടം നടന്ന അവിനാശിയിലേക്ക് യാത്രതിരിച്ചു. ഇതിനിടയില്‍ പിന്നീട് ഫോണ്‍ എടുത്തയാള്‍ അപകടത്തില്‍ അനുവിന് പരുക്കേറ്റിട്ടേയുള്ളൂവെന്നും പെട്ടെന്ന് വരണമെന്നും അറിയിക്കുകയായിരുന്നു. അനുവിനെ ഖത്തറിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു സ്‌നിജോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."