ലീഗിന്റെ മൂന്നാം സീറ്റ് യാഥാര്‍ഥ്യമാകണമെന്ന് മുഈനലി തങ്ങള്‍
കോഴിക്കോട്: മുസ്ലിംലീഗ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ആവശ്യപ്പെടണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍.
സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് അഭിപ്രായപ്രകടനം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ കുറിപ്പ് തന്നെയാണെന്ന് തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.
മുസ്ലിംലീഗ് മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പ്രവര്‍ത്തകര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍, നേതൃത്വം ഇക്കാര്യം അറിഞ്ഞ മട്ടുപോലുമില്ല. ഈ അവസ്ഥ മാറണം. ഈ തെരഞ്ഞെടുപ്പിലെങ്കിലും മൂന്ന് പാര്‍ലമെന്റ് സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ ഉണ്ടാവണം. കാസര്‍കോടോ പാലക്കാടോ പോലുള്ള സ്ഥിരം തോല്‍ക്കുന്ന സീറ്റായാലും പ്രശ്നമില്ല. നമുക്കത് നേടിയെടുക്കണം. അതിന് നേതൃത്വം ആര്‍ജവം കാണിക്കണം. തികച്ചും ന്യായമായ ആവശ്യമാണിത്. ഇതിലേക്ക് നേതൃത്വം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
കാലങ്ങളായി മുന്നണി ബന്ധത്തിന്റെ അസ്ഥിവാരം ഇളകുന്നതിലുള്ള സങ്കടംകൊണ്ട് എല്ലാം സഹിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മുഴുവന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി സമവായത്തില്‍ അലിയുന്ന പതിവ് ശൈലിയില്‍ നിന്ന് നേതൃത്വം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ആനക്ക് അതിന്റെ വലിപ്പം അറിയില്ല എന്ന പോലെയുള്ള അവസ്ഥ ഇനിയെങ്കിലും നാം മാറ്റിയേ തീരൂവെന്നും വിട്ടുവീഴ്ചകള്‍ക്കും ഒരു പരിസമാപ്തി വേണ്ടേ? എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."