പച്ചക്കറി കൃഷിയുടെ പ്രത്യേക ഹബ്ബ്: കര്‍ഷകര്‍ക്ക് നേട്ടമാകും
തൊടുപുഴ: ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ദേവികുളം ബ്ലോക്കിനെ പച്ചക്കറി കൃഷിയുടെ പ്രത്യേക സാമ്പത്തിക പ്രദേശമായി ബജറ്റില്‍ പ്രഖ്യാപിച്ചത് കര്‍ഷകര്‍ക്ക് നേട്ടമാകും.
ദേവികുളത്തെ കേരളത്തിന്റെ പച്ചക്കറി ഹബ്ബായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തുടക്കമിട്ടിരുന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇതിന്റെ ഭാഗമായി രണ്ട് തവണ പ്രദേശം സന്ദര്‍ശിക്കുകയും ജൈവ പച്ചക്കറി വികസന വ്യാപനത്തിനായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കാന്‍ വട്ടവടയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖ തുറന്നു. ബജറ്റില്‍ പ്രത്യേക സാമ്പത്തിക സോണായി പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും. കൂടാതെ പ്രാദേശിക സവിശേഷതയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ മറയൂര്‍ ശര്‍ക്കരയെ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് കരിമ്പ് കര്‍ഷകര്‍ക്കും നേട്ടമാകും. മറയൂര്‍ ശര്‍ക്കരക്ക് അന്താരാഷ്ട്ര തലത്തില്‍ പേറ്റന്റ് എടുക്കാനുള്ള നടപടികള്‍ക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും.
15000 കര്‍ഷകരാണ് അഞ്ചു നാട്ടില്‍ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്നത്. 2000 ഹെക്ടര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയുള്ളത്. പ്രത്യേക സാമ്പത്തിക സോണില്‍ ഉള്‍പ്പെടുത്തി ജൈവ പച്ചക്കറി സ്വയം പര്യാപ്തത പദ്ധതി നടപ്പിലാക്കുന്നതോടെ കൃഷി ഭൂമിയുടെ വ്യാപ്തി വര്‍ധിക്കും. സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ 500 ഹെക്ടര്‍ സ്ഥലത്ത് കൂടി കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ രൂപം നല്‍കുന്നത്. ഇതിനായി സര്‍ക്കാരിന്റെ തരിശ് ഭൂമിയും റവന്യു ഭൂമിയും യൂക്കാലിപ്റ്റ്‌സ് തോട്ടങ്ങളും ഉപയോഗിക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു
ഹോര്‍ട്ടി കോര്‍പ്പ് മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 175ല്‍പരം വാര്‍ഡ് സമിതികള്‍ അഞ്ചുനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പച്ചക്കറി-പഴം കൃഷി വ്യാപിപ്പിക്കുന്നതിനായി അഞ്ച് പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 56 ഏക്കര്‍ സ്ഥലത്ത് പഴം കൃഷിയും പച്ചക്കറി തൈകളുടെ ഉദ്പാതന കേന്ദ്രവും ആരംഭിക്കാനുള്ള പദ്ധതിയാണ് ഒന്ന്. വട്ടവടയില്‍ ജൈവവള ഉദ്പാതന കേന്ദ്രം തുടങ്ങാനുള്ളതാണ് മറ്റൊരു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."