പിണറായിക്ക് വധഭീഷണി; വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ആര്.എസ്.എസ് നേതാവിന്റെ കൊലവിളിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
തൊടുപുഴയില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം ടൗണ്‍ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗം പാര്‍ടി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ദളിതരെയും മത ന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കാനുള്ള ശ്രമത്തെ കേരളത്തില്‍ സിപിഎം എതിര്‍ത്തു തോല്പ്പിക്കുന്നതാണ് പിണറായി വിജയനോടും സി.പി.എമ്മിനോടും ആര്.എസ്.എസിന് വിരോധമുണ്ടാകാന്‍ കാരണമെന്ന് ജയചന്ദ്രന് പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ പാര്‍ടി ചെറുതാണെങ്കിലും വര്‍ഗീയ വാദികള്‍ക്കെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. ഇതാണ് പാര്‍ടിയുടെ കേന്ദ്രക്കമ്മിറ്റി ഓഫീസ് ആക്രമിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പിണറായി വിജയന്റെ തലയ്ക്ക് ആര്‍എസ്എസ് നേതാവ് വിലപറയുമ്പോള്‍ ഒരു എംപിയും എംഎല്‍യും വേദിയിലുണ്ടായിരുന്നു എന്നത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ അധ്യക്ഷനായി. പാര്‍ടി ജില്ലാ സെക്രട്ടിയറ്റംഗം സി.വി വര്‍ഗീസ് സംസാരിച്ചു.
അറക്കുളത്ത് പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ പി .ഡി സുമോന്, കെ .വി. ജോയി എന്നിവര്‍ സംസാരിച്ചു. ഉടുമ്പന്നൂരില്‍ എം. ലതീഷ്, പി .ജെ. ഉലഹന്നന്‍, കെ. ഇ. ഹമീദ് എന്നിവര്‍ സംസാരിച്ചു. കരിമണ്ണൂര്‍ ടൗണില്‍ പ്രകടനത്തിന് ശേഷം ചേര്‍ന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എന്‍. സദാനന്ദന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."