ഉല്‍സവപ്പറമ്പില്‍ യുവാവ് കുത്തേറ്റു മരിച്ചു; പിന്നില്‍ ആര്‍.എസ്.എസ്സെന്ന് ഡി. വൈ.എഫ്.ഐ
ആലപ്പുഴ: ഉല്‍സവപറമ്പില്‍ നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആലപ്പുഴ വലിയകുളം വാര്‍ഡില്‍ തൈപറമ്പില്‍ വീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍ നൗഷാദ് (18) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെ ആലപ്പുഴ ആലിശേരി ദേവിക്ഷേത്ര പരിസരത്താണ് സംഘട്ടനം നടന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
മുഹ്‌സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയും സി.പി.എമ്മും സംയുക്തമായി ഹര്‍ത്താല്‍ നടത്തി. ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെയായിരുന്നു ഹര്‍ത്താല്‍. ഉല്‍സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടി കാണാനാണ് മുഹ്‌സീന്‍ സുഹൃത്തുക്കളുമായെത്തിയത്. പരിപാടിക്കിടയില്‍ കോമഡി ഷോ നടത്തിയ ആര്‍ട്ടിസ്റ്റിനെ മുഹ്‌സിന്റെ സുഹൃത്തുക്കളിലൊരാള്‍ ചുംബിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. സ്‌റ്റേജിലേക്ക് ഓടിക്കയറി സുഹൃത്തിനെ ചിലര്‍ തള്ളിയിറക്കാന്‍ ശ്രമിച്ചതോടെ മുഹ്‌സിനും സുഹൃത്തുക്കളും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടന്ന തല്ലിനിടയില്‍ അക്രമി സംഘത്തിലൊരാള്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. ആള്‍ക്കുട്ടത്തിനിടയില്‍നിന്നും കുത്തേറ്റ മുഹ്‌സിനെ സുഹൃത്തുക്കള്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികില്‍സാര്‍ഥം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. രക്തം വാര്‍ന്ന് പൂര്‍ണമായും അവശനിലയിലായ മുഹ്‌സിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഉല്‍സവപറമ്പില്‍ കനത്ത പൊലിസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ബഹളക്കാരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. മര്‍ദ്ദനത്തില്‍ ചില പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരവുകാട് സ്വദേശികളായ നാലുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ആക്രമണം പൂര്‍വവൈരാഗ്യമാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. മരിച്ച മുഹ്‌സിന്‍ ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകനാണ്. മുഹ്‌സിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും സംയുക്തമായി ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വനം ചെയ്തു.
മരിച്ച മുഹ്‌സിന്‍ പ്ലസ് ടു പഠനം കഴിഞ്ഞ് ബന്ധുവിന്റെ ഹോട്ടലില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വലിയകുളം ടി.എം.എ ആഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. പിതാവ് നൗഷാദ് ഡ്രൈവര്‍ ആണ്. മാതാവ്.നദീറ. സഹോദരന്‍ മുക്താര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."