കുടിവെള്ള ക്ഷാമം: നടപടികളുണ്ടാവുന്നില്ലെന്ന് എം.എല്‍.എയുടെ കുറ്റപ്പെടുത്തല്‍
കോട്ടയം: നഗരത്തിലെ ജലവിതരണം സ്തംഭനത്തിലേക്കു നീങ്ങുകയാണെന്നും മൂന്നു മാസമായി ചര്‍ച്ച നടക്കുന്നതല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മന്ത്രിക്കുള്‍പ്പെടെ നിവേദനം നല്‍കുകയും അഞ്ചു തവണ യോഗം ചേരുകയും ചെയ്തിരുന്നുവെങ്കിലും ഉപ്പുവെള്ള ഭീഷണി തടയുന്ന കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി.എല്ലാ ജില്ലകളും വരള്‍ച്ചാ ബാധിതമെന്നു രണ്ടു മാസം മുമ്പേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഉദാസീനത കാണിച്ചു. ചാമത്തറ, താഴത്തങ്ങാടി, താഴത്തങ്ങാടിതാഴെ, നേരെകടവ്, കല്ലുങ്കത്ര, ഉപ്പൂട്ടില്‍, പാറമ്പുഴ എന്നിവിടങ്ങളില്‍ യഥാസമയം ഓരുമുട്ട് സ്ഥാപിച്ചിരുന്നുവെങ്കില്‍ ഉപ്പുവെള്ള ഭീഷണി തടയാന്‍ കഴിയുമായിരുന്നു.
ഒരു ലിറ്റര്‍ വെള്ളത്തിലെ ഉപ്പിന്റെ അംശം 730 മില്ലീമീറ്ററാണ്.ഇതിനു പിന്നാലെ തണ്ണീര്‍മുക്കം ബണ്ട് തുറക്കാനുള്ള തീരുമാം കൂടിയുണ്ടായാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകും. കുടിവെള്ളത്തിനായി പദ്ധതികള്‍ ഏറെ രൂപീകരിച്ചെങ്കിലും പണമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും നടപടിയൊന്നുമുണ്ടാകുന്നില്ല.
അതേസമയം, ബജറ്റില്‍ കോട്ടയത്തത്തിനു അര്‍ഹതപ്പെട്ടതു കിട്ടിയില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ ലഭിച്ചതു പോലുള്ള പദ്ധതികള്‍ ഇത്തവണ ലഭിച്ചില്ല. പടിഞ്ഞാറന്‍ ബൈപ്പാസില്‍ ടാറിങ്ങ് മാത്രമാണ് അവശേഷിക്കുന്നത്. ഇതിനു തുകയും അനുവദിച്ചിട്ടുണ്ട്. ഈരയില്‍ക്കടവ് റോഡിന്റെ ടാറിങ്ങിനായി പുതിയ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ചിങ്ങവനം കായിക കോളജിന്റെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. കോട്ടയത്തെ മറ്റു പല പദ്ധതികളുടെ കാര്യത്തിലും മനപൂര്‍വം തടയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."