ജില്ലാ വിജിലന്‍സ് സമിതി വില്ലേജ് ഓഫിസുകള്‍ 'വിജിലന്റാകണം'
മലപ്പുറം: വില്ലേജ് ഓഫിസുകളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന് പരിശോധനാവിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ സേവനങ്ങള്‍ വന്നതോടെ സുതാര്യത വര്‍ധിച്ചിട്ടുണ്ട്.
വില്ലേജ് ഓഫിസുകളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള മേലധികാരികളെ അറിയിക്കണം.
തിരൂരിലെ ഒരു ഹോട്ടലിലെ മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയില്‍ നഗരസഭാ അധികൃതരോട് റിപ്പോര്‍ട്ട് തേടും. അബ്ദുല്‍റഷീദ് വെളിയങ്കോടിന്റെ പരാതിയിലാണ് നടപടി. സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ സി.സി.ടി.വി കാമറ വയ്ക്കുന്ന കാര്യം പരിശോധിക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പുറത്ത് വരിയില്‍ നിര്‍ത്തുന്നുവെന്ന പരാതി പരിഹരിക്കാനാണ് നടപടി.
പെരിന്തല്‍മണ്ണ ആര്‍.ടി.ഒ ഓഫിസില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാത്തത് സംബന്ധിച്ച് അധികൃതര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന അനില്‍ ചെന്ദ്രത്തില്‍ എന്നയാളുടെ പരാതിയില്‍ അന്വേഷണം നടത്തി വിവരങ്ങള്‍ ലഭ്യമാക്കാന്‍ കലക്ടര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറോട് നിര്‍ദേശിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ വിജിലന്‍സ് സമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."