ആറ്റിങ്ങലിലെ ഗാതഗതക്കുരുക്ക്
റോഡ് വികസനം ഉടന്‍; ദേശീയപാതയോരത്തെ കൈയേറ്റങ്ങളൊഴിപ്പിക്കും
ആറ്റിങ്ങല്‍: പട്ടണത്തില്‍ ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിച്ച് റോഡ് വികസനം നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പട്ടണത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനായി തിങ്കളാഴ്ച ബി. സത്യന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
നഗരത്തില്‍ പുറമ്പോക്ക് ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി റീസര്‍വ്വേ നടപടികള്‍ തുടങ്ങാനും പുറമ്പോക്ക് ഭൂമി പൂര്‍ണമായി കണ്ടുകെട്ടാനും തീരുമാനിച്ചു. ഇതിനുവേണ്ട എല്ലാ നടപടിക്രമങ്ങളും ഉടന്‍ നടപ്പാക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കുന്നതിന് പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെ ദേശീയപാതാവികസന പദ്ധതി നടപ്പാക്കും. 22 കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി ടെണ്ടര്‍ നടപടികളിലെത്തിക്കഴിഞ്ഞു. റോഡ് വികസനം നടപ്പാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കും. ഇതിനായി നഗരഹൃദയത്തില്‍ത്തന്നെ സംവിധാനങ്ങളുണ്ടാക്കാനാണ് തീരുമാനം. നഗരത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുളള വണ്‍വേ സമ്പ്രദായം ശക്തമാക്കും. നഗരത്തില്‍ ഓടുന്ന അനധികൃത ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കും. സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ജങ്ഷനില്‍ നിര്‍ത്തിയിടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. മാമത്തെ പഴയ ദേശീയ പാത ഏറ്റെടുത്തുകൊണ്ട് സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുളള ബസ് ബേ നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കും.
കാല്‍നടയാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മാമത്ത് കോക്കനട്ട് കോംപ്ലക്‌സിനു മുന്നില്‍ റോഡ് സൈഡിലെ സ്ഥലം പാര്‍ക്കിങിനായി നിശ്ചയിക്കും. നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കി ദേശീയപാതയോരത്തെ പാര്‍ക്കിംഗിന് പരിഹാരമുണ്ടാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍, റൂറല്‍ എസ്. പി. ഷെഫീന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡി. വൈ. എസ്. പി. ചന്ദ്രശേഖരപിളള, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്രീയ നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങി വിവിധ മേഖലയില്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."