സബര്‍മതി ആശ്രമത്തിലും മോദിയെ പുകഴ്ത്തി, ഗാന്ധിയെ പരാമര്‍ശിക്കാതെ ട്രംപ്
അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഓര്‍മകളുറങ്ങുന്ന സബര്‍മതി ആശ്രമത്തിലെത്തിയപ്പോഴും വാഴ്ത്തിയത് ഗാന്ധി ഘാതകനെ മഹത്വവല്‍ക്കരിക്കുന്ന പാര്‍ട്ടിയുടെ നേതാവായ മോദിയെ. സന്ദര്‍ശക പുസ്തകത്തില്‍ ഒരു വാക്കു പോലും ഗാന്ധിജിയെക്കുറിച്ചെഴുതാതെ ട്രംപ് മോദിക്കു നന്ദി പ്രകടിപ്പിക്കുകയായിരുന്നു.
എന്റെ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി മോദീ, ഈ വിസ്മയകരമായ സന്ദര്‍ശനത്തിന് നന്ദി എന്നാണ് ട്രംപ് ബുക്കില്‍ കുറിച്ചത്. ഇന്ത്യയിലെത്തിയ ട്രംപിന്റെ ആദ്യ സന്ദര്‍ശനം സബര്‍മതി ആശ്രമത്തിലായിരുന്നു. ട്രംപിനെ സ്വീകരിക്കാന്‍ മോദി നേരത്തെ തന്നെ ആശ്രമത്തില്‍ എത്തിയിരുന്നു. ട്രംപിനെയും മെലാനിയ ട്രംപിനെയും സ്വീകരിച്ച് ആനയിച്ച ശേഷം ഗാന്ധി ചിത്രത്തില്‍ മോദിയും ട്രംപും ചേര്‍ന്ന് മാലയിടുകയും ശേഷം ചര്‍ക്കയില്‍ ട്രംപും മെലാനിയയും നൂല്‍നൂല്‍ക്കുകയും ചെയ്തു.
പുറത്തിറങ്ങിയ ട്രംപിന് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകം കൈമാറി എന്തെങ്കിലും അതില്‍ എഴുതാന്‍ മോദി ആവശ്യപ്പെടുകയായിരുന്നു. ഗാന്ധിയെ കുറിച്ച് ഒരു വാക്കുപോലും കുറിക്കാത്ത ട്രംപിന്റെ നടപടി ഗാന്ധിയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സമൂഹമാധ്യമങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."