ജീവനക്കാരിയുടെ പെന്‍ഷന്‍; സഹകരണ ബാങ്ക് നിയമത്തെ വെല്ലുവിളിക്കുന്നതായി മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ലോകായുക്തയും കേരള കോപ്പറേറ്റീവ് ട്രൈബ്യൂണലും സഹകരണ ഓംബുഡ്‌സ്മാനും ഉള്‍പ്പെടെയുള്ള നിയമകാര്യാലയങ്ങള്‍ ഉത്തരവിട്ടിട്ടും വയോധികയായ മുന്‍ ജീവനക്കാരിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്ത സഹകരണ ബാങ്ക് കോടതികള്‍ ഉള്‍പ്പെടെയുള്ള മേലധികാരികളെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
തങ്ങള്‍ ഇറക്കിയ നിയമപരമായ ഉത്തരവുകള്‍ ബാങ്ക് ലംഘിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ദുഃഖകരമായ സമീപനമാണ് വകുപ്പുതല അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്മിഷന്‍ വിമര്‍ശിച്ചു.
ഇരുപതിലധികം വര്‍ഷം സര്‍വിസ് സഹകരണ ബാങ്കില്‍ ജോലിചെയ്ത വയോധികക്ക് അര്‍ഹതപ്പെട്ട പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വീഴ്ചകൂടാതെ അടിയന്തിരമായി നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
പെന്‍ഷനും ആനുകൂല്യങ്ങളും മറ്റും കൃത്യമായി നല്‍കിയ കാര്യം ഉറപ്പാക്കിയ ശേഷം സഹകരണ രജിസ്ട്രാര്‍ ആറാഴ്ചയ്ക്കകം കമ്മിഷനില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
നരുവാമൂട് സര്‍വിസ് സഹകരണ ബാങ്കിനെതിരേയാണ് ഉത്തരവ്. നരുവാമൂട് വെള്ളാപ്പള്ളി സ്വദേശിനി കെ. വസന്തകുമാരി അമ്മയാണ് പരാതി നല്‍കിയത്. പെന്‍ഷനും മറ്റും ഒരു ജീവനക്കാരന്റെ മൗലികാവകാശമാണെന്ന് നിരവധി തവണ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
അര്‍ഹതപ്പെട്ട വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
1962ല്‍ ജോലിയില്‍ പ്രവേശിച്ചയാളാണ് പരാതിക്കാരി വസന്തകുമാരി അമ്മ. 1963ല്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്തി. 1984ല്‍ ബാങ്ക് അടച്ചുപൂട്ടി. 1997ല്‍ ബാങ്ക് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പരാതിക്കാരിക്ക് ജോലി നല്‍കിയില്ല. തുടര്‍ന്ന് ആനുകൂല്യങ്ങള്‍ക്കായി പരാതിക്കാരി കോപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
വിധി പരാതിക്കാരിക്ക് അനുകൂലമായിരുന്നു. എന്നാല്‍ വിധിക്കെതിരായി ബാങ്ക് റിവിഷന്‍ ഹരജി ഫയല്‍ ചെയ്തു. പക്ഷേ റിവിഷന്‍ ഹരജി തള്ളി. ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നല്‍കാന്‍ സഹകരണവകുപ്പ് പലവട്ടം ബാങ്ക് സെക്രട്ടറിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് അത് വകവയ്ക്കുകയോ വിധികള്‍ നടപ്പാക്കുകയോ ചെയ്തില്ല. തുടര്‍ന്ന് പരാതിക്കാരി സഹകരണ ഓംബുഡ്‌സ്മാന് പരാതി നല്‍കി.
പ്രസ്തുത പരാതിയും പരാതിക്കാരിക്ക് അനുകൂലമായി 2014ല്‍ തീര്‍പ്പാക്കി. പെന്‍ഷന്‍ തുക ഒരു മാസത്തിനകം നല്‍കണമെന്നായിരുന്നു ഉത്തരവ്. പ്രസ്തുത ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കണമെന്ന് 2017 ഒക്‌ടോബര്‍ 23ന് നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബാങ്കിനോട് ആവശ്യപ്പെട്ടു. ഇതും അവഗണിച്ച ബാങ്ക് പരാതിക്കാരി തങ്ങളുടെ ബാങ്കില്‍ ജോലി ചെയ്തിട്ടില്ലെന്ന് നിലപാടെടുത്തു. പരാതിക്കാരി ഇതിനു ശേഷം ലോകായുക്തയില്‍ പരാതി നല്‍കി.
ലോകായുക്ത പരാതിക്കാരിക്ക് അനുകൂലമായി ഉത്തരവിട്ടു. ബാങ്ക് അധികൃതരുടെ നിഷേധാത്മക സമീപനവും അനാവശ്യതര്‍ക്കങ്ങളും പരാതിക്കാരിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനുള്ള തന്ത്രമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷന്‍ വിലയിരുത്തി. വൃദ്ധയായ പരാതിക്കാരിയെ ആനുകൂല്യങ്ങള്‍ നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന ബാങ്കിന്റെ സമീപനം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പെന്‍ഷന്‍ സ്‌കീമില്‍ അനക്ഷ്വര്‍ ഒന്ന് പ്രകാരമുള്ള അപേക്ഷ പരാതിക്കാരി ബാങ്കില്‍ സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.1963 ഫെബ്രുവരി ഒന്ന് മുതല്‍ വിരമിക്കല്‍ തീയതിവരെ ജോലി ചെയ്തിരുന്നതായി കണക്കാക്കി ശമ്പളവും ആനുകൂല്യങ്ങളും മറ്റ് വിവരങ്ങളും ഫോറത്തില്‍ വ്യക്തമായി എഴുതി പെന്‍ഷന്‍ ബോര്‍ഡില്‍ സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കണം. ഇനിതാവശ്യമായ നിര്‍ദ്ദേശം ബാങ്കിന് നല്‍കണമെന്ന് കമ്മീഷന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."