വി.എസ് ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി.എസ് ശിവകുമാറിന്റെയും മറ്റു പ്രതികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിശദ വിവരങ്ങളും സെര്‍ച്ച് റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ശിവകുമാറിന്റെ സുഹൃത്ത് ശാന്തിവിള എം. രാജേന്ദ്രനാണ് പ്രധാന കൂട്ടുപ്രതിയെന്ന് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്തും സാമ്പത്തിക ഇടപാടുള്ള ശാന്തിവിള എം. രാജേന്ദ്രന്‍ 13 ഇടങ്ങളില്‍ ഭൂമി വാങ്ങി. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 72 രേഖകളാണ് പിടിച്ചെടുത്തത്. വിദേശത്തു നടത്തിയ ഇടപാടുകളുടെ രേഖകളും കൂട്ടത്തിലുണ്ട്.
രാജേന്ദ്രന്റെ പണമിടപാട് രേഖകള്‍, ആറ് ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയും വിജിലന്‍സ് പിടിച്ചെടുത്തു.
മറ്റൊരു കൂട്ടുപ്രതി എന്‍.എസ് ഹരികുമാറിന്റെ വീട്ടില്‍നിന്ന് 25 രേഖകളും പിടിച്ചെടുത്തു. ഇയാളില്‍നിന്ന് രണ്ട് ബാങ്ക് ലോക്കറിന്റെ താക്കോലുകളും പിടിച്ചെടുത്തു. ഡ്രൈവറായ ഷൈജു ഹരന്റെ വീട്ടില്‍നിന്ന് 18 രേഖകളാണ് പിടികൂടിയത്. ശിവകുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കര്‍ തുറക്കാനുള്ള അപേക്ഷ ബാങ്കിനു നല്‍കിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ വി.എസ്. ശിവകുമാറിന്റെ ആസ്തികളില്‍ വര്‍ധന കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ശാന്തിവിള എം. രാജേന്ദ്രന്‍, എന്‍.എസ്.ഹരികുമാര്‍, ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവരുടെ സ്വത്തില്‍ 50 ശതമാനം വരെ വര്‍ധന കണ്ടെത്തിയിട്ടുണ്ട്.
ഇത് ശിവകുമാറിന്റെ ബിനാമി സ്വത്താണെന്ന നിഗമനത്തിലാണ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.
2016ലാണ് ശിവകുമാറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."