കുട്ടനാടും കേരള കോണ്‍ഗ്രസുകളുടെ തമ്മിലടിയും; ഇന്നത്തെ യു.ഡി.എഫ് യോഗം നിര്‍ണായകം
തിരുവനന്തപുരം: കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതകളും കേരള കോണ്‍ഗ്രസുകളിലെ തമ്മിലടിയും യു.ഡി.എഫിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തിയെന്ന താക്കീതുമായി മുസ്ലിം ലീഗ് നേതൃത്വം. ഘടകകക്ഷികളായ കേരള കോണ്‍ഗ്രസുകളില്‍ ഉയര്‍ന്നിരിക്കുന്ന ഭിന്നിപ്പും കുട്ടനാട് ഉപതെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യുന്ന ഇന്നത്തെ യു.ഡി.എഫ് യോഗം നിര്‍ണായകമായി മാറും.
പ്രതിപക്ഷനേതാവിന്റെ വസതിയില്‍ ഇന്ന് രാവിലെ പത്തിനാണ് യു.ഡി.എഫ് യോഗം ചേരുന്നത്. സീറ്റിന് അവകാശവാദം ഉയര്‍ത്തി പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യു.ഡി.എഫ് യോഗം ചേരുന്നത്.
കൂടാതെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുന്നതും യു.ഡി.എഫിന്റെ കെട്ടുറപ്പിനെ സാരമായി ബാധിച്ചു. ഇടതുമുന്നണി യോഗം എന്‍.സി.പിക്ക് തന്നെ സീറ്റ് നല്കാന് തീരുമാനിച്ച് കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ യു.ഡി.എഫിലും സീറ്റിന്റെ കാര്യത്തില്‍ തീര്പ്പുണ്ടാക്കേണ്ടതുണ്ട്. കക്ഷികളിലെ തമ്മിലടി യു.ഡി.എഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കുട്ടനാടിന് വേണ്ടി അവകാശവാദം ഉന്നയിച്ച് പി.ജെ.ജോസഫും ജോസ് കെ. മാണിയും രണ്ട് ചേരികളിലായി നിലകൊള്ളുമ്പോള്‍ പാല പോലെ ഒരു പരീക്ഷണത്തിന് മുതിരേണ്ടെന്ന നിലപാടാണ് മറ്റു ഘടകക്ഷികള്‍ക്കും. സീറ്റ് ഏറ്റെടുത്ത് ജോസഫ് വാഴക്കനെ മല്‍സരിപ്പിച്ച് കുട്ടനാട് തിരിച്ചുപിടിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ താല്പര്യം.
കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്ന് ജോസഫ് ഗ്രൂപ്പിലേക്ക് ലയനത്തിന് തയാറായിരിക്കുന്ന യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂരിന് വേണ്ടി മൂവാറ്റുപുഴ വാങ്ങി കുട്ടനാട് കോണ്‍ഗ്രസിന് വിട്ടുനല്‍കാനും പി.ജെ.ജോസഫിന് നീക്കമുണ്ട്. എന്നാല്‍ കുട്ടനാട് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജോസ് പക്ഷം. ജോസ് കെ.മാണിയെ പിണക്കരുതെന്ന നിലപാട് മുസ്ലിം ലീഗിനുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ലക്ഷ്യമാക്കി ഇടതുമുന്നണി നടത്തുന്ന നീക്കങ്ങള്‍ തകര്‍ക്കണമെന്നാണ് യു.ഡി.എഫ് ലക്ഷ്യമാക്കുന്നത്. പാര്‍ട്ടി വിടുന്ന ജോണി നെല്ലൂരില്‍ നിന്ന് യു.ഡി.എഫ് സെക്രട്ടറി പദവിയില്‍ നിന്ന് നീക്കംചെയ്യണമെന്ന ആവശ്യവുമായിട്ടാണ് അനൂപ് ജേക്കബ് യോഗത്തിനെത്തുന്നത്. ഓരേസമയം ജോസഫിനെയും ജോസിനെയും അനൂപ് ജേക്കബിനെയും അനുനയിപ്പിക്കേണ്ട വെല്ലുവിളിയാണ് യു.ഡി.എഫിന് മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."