സി.ഡബ്ല്യു.സി അധികാരികള്‍ സ്ഥാനമൊഴിയണം: എസ്.വൈ.എസ്
കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ പുരോഹിതനെ സംരക്ഷിക്കുന്നതില്‍ സഭാനേതൃത്വത്തോടൊപ്പം ഒത്തുകളിച്ചുവെന്ന് സംശയിക്കപ്പെടുന്ന വയനാട് സി.ഡബ്ല്യു.സി അധികൃതര്‍ സ്ഥാനമൊഴിയണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരക്കു സംരക്ഷണം നല്‍കേണ്ട അഭയകേന്ദ്രം തന്നെ പ്രതികള്‍ക്കു കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഗൗരവത്തോടെ കാണേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
നിരവധി പെണ്‍കുട്ടികളെ വിദേശത്തേക്കു കടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരി സഭയുടെ മറവില്‍ നടത്തിയ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിസാരപ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിച്ചു സങ്കീര്‍ണമാക്കുകയും ജാഗ്രതയോടെ അന്വേഷിക്കുകയും ചെയ്യാറുള്ള ജില്ലാ സി.ഡബ്ല്യു.സിയുടെ മുന്‍കഴിഞ്ഞ പല പ്രവര്‍ത്തനങ്ങളും ഏകപക്ഷീയമായിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണു പുതിയ സംഭവവികാസങ്ങളെന്നും യോഗം വിലയിരുത്തി. ജുഡിഷ്യറിയുടെ സ്ഥാനത്തിരുന്നു മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കേണ്ട ഉത്തരവാദപ്പെട്ട ഏജന്‍സിയുടെ നിസംഗത അധികൃതര്‍ അതീവഗൗരവത്തോടെ കാണേണ്ടതാണന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇ.പി മുഹമ്മദലി, ഹാരിസ് ബാഖവി, അബ്ദുറഹ്മാന്‍ തലപ്പുഴ, അബ്ദുല്‍ ഖാദര്‍ മടക്കിമല, അബ്ദുറഹ്മാന്‍ ദാരിമി സംസാരിച്ചു. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."