'പാന്റഴിച്ചുനോക്കി മതമേതാണെന്ന് ഉറപ്പുവരുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി, മോദി, മോദി വിളികളോടെയായിരുന്നു കല്ലേറ് 'കലാപഭൂമിയിലെ ദുരനുഭവങ്ങള്‍ വിവരിച്ച് ജേണലിസ്റ്റ് അനിന്ദ്യ
ന്യൂഡല്‍ഹി: മൗജ്പൂരിലെ കലാപഭൂമിയിലെ ദുരനുഭവങ്ങള്‍ വിവരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോ ജേണലിസ്റ്റ് അനിന്ദ്യ ചട്ടോപാധ്യായയുടെ കുറിപ്പ്. മൗജ്പൂരിലെ മെട്രോ സ്‌റ്റേഷനില്‍ മെട്രോയിറങ്ങിയതു മുതല്‍ അവിടെനിന്നു തിരിച്ചുപോകുന്നതുവരെ നേരിട്ട കാര്യങ്ങളാണ് ചട്ടോപാധ്യായ വിവരിക്കുന്നത്.
ഉച്ചയ്ക്ക് 12.15ന് മൗജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ വിചിത്രമായ കാര്യങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് അദ്ദേഹം പറയുന്നു. സ്റ്റേഷനില്‍ ഇറങ്ങിയയുടന്‍, പെട്ടെന്നുതന്നെ ഒരു ഹിന്ദു സേനാംഗം വന്ന് എന്റെ നെറ്റിയില്‍ കുറിവരച്ചു. ഇതുണ്ടെങ്കില്‍ നിങ്ങളുടെ ജോലി എളുപ്പമായിരിക്കുമെന്ന് അയാള്‍ പറഞ്ഞു. എന്റെ കാമറ കണ്ടപ്പോള്‍ തന്നെ താന്‍ ഫോട്ടോ ജേണലിസ്റ്റാണെന്ന് അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍, അയാള്‍ എന്നെ നിര്‍ബന്ധിച്ചു. നിങ്ങള്‍ ഒരു ഹിന്ദുവല്ലേ സഹോദരാ, പിന്നെന്താണ് പ്രശ്‌നമെന്നായിരുന്നു ചോദ്യം.
15 മിനുട്ട് കഴിഞ്ഞതോടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറ് തുടങ്ങി. മോദി, മോദി വിളികളോടെയായിരുന്നു കല്ലേറ്. പിന്നില്‍നിന്ന് ആകാശത്തേക്കു കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. കത്തുന്ന കെട്ടിടത്തിടുത്തേക്കു താന്‍ ചെന്നതോടെ ശിവമന്ദിറിനടുത്തുവച്ച് ചിലര്‍ തടഞ്ഞു. ഭായി, നിങ്ങള്‍ ഹിന്ദുവല്ലേ.. എന്തിന് അങ്ങോട്ടു പോകുന്നു. ഇന്ന് ഹിന്ദു ഉണര്‍ന്നിരിക്കുന്നുവെന്ന് അവരിലൊരാള്‍ പറഞ്ഞു. ഞാന്‍ ഒരു വശത്തേക്കു മാറിനിന്നു. അല്‍പം കഴിഞ്ഞ് ബാരിക്കേഡ് മാറ്റി അടുത്തേക്കു ചെന്നു. ഫോട്ടോയെടുക്കാനാരംഭിച്ചപ്പോള്‍ ഏതാനും പേര്‍ മുളവടികളും കമ്പുകളുമായി എന്നെ വളഞ്ഞു. അവര്‍ കാമറ തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, സഹപ്രവര്‍ത്തകനായ റിപ്പോര്‍ട്ടര്‍ ശക്തി ചന്ദ് മുന്നോട്ടുവന്ന് തൊട്ടുപോകരുതെന്നു പറഞ്ഞു. അതോടെ ആളുകള്‍ പിന്‍വാങ്ങി.
അവര്‍ എന്നെ പിന്തുടരുന്നുണ്ടെന്ന് അല്‍പം കഴിഞ്ഞപ്പോള്‍ മനസിലായി. യുവാക്കളിലൊരാള്‍ എന്റെ മുന്നില്‍ വന്നു. 'സഹോദരാ, താങ്കള്‍ വളരെ സ്മാര്‍ട്ടായി അഭിനയിക്കുന്നുണ്ടല്ലോ. താങ്കള്‍ ഹിന്ദുതന്നെയാണോ അതോ മുസ്‌ലിമോ' എന്നു ചോദിച്ചു. പാന്റഴിച്ചുനോക്കി മതമേതാണെന്ന് ഉറപ്പുവരുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. താന്‍ വിനീതനായ ഒരു ഫോട്ടോഗ്രാഫര്‍ മാത്രമാണെന്നു കൈകള്‍ കെട്ടിനിന്ന് അവരോട് പറഞ്ഞു. കുറച്ച് ഭീഷണിപ്പെടുത്തിയെങ്കിലും അവരെന്നെ പോകാന്‍ അനുവദിച്ചു.
നിരാശയോടെ മടങ്ങുമ്പോള്‍ എന്റെ ഓഫിസ് വാഹനം എവിടെയാണെന്ന് തിരഞ്ഞു. അത് അവിടെയൊന്നും കാണാനില്ലായിരുന്നു. ജാഫറാബാദ് ഭാഗത്തേക്ക് നൂറുമീറ്ററോളം നടന്നതോടെയാണ് ഒരു ഓട്ടോറിക്ഷ കാണാനായത്. ഐ.ടി.ഒയിലെത്തിക്കാമെന്ന് ഡ്രൈവര്‍ സമ്മതിച്ചു. ഓട്ടോയിലെഴുതിയ പേര് വീണ്ടും എന്നെ പ്രശ്‌നത്തിലാക്കുമെന്നു പിന്നാലെ തിരിച്ചറിഞ്ഞു. അതുതന്നെ സംഭവിച്ചു. നാലുപേര്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി എന്നെയും ഡ്രൈവറെയും കോളറില്‍പ്പിടിച്ച് വലിച്ചിറക്കി. മാധ്യമപ്രവര്‍ത്തകനാണെന്നും ഓട്ടോ ഡ്രൈവര്‍ നിരപരാധിയാണെന്നും അവരോട് കേണു. ഡ്രൈവര്‍ എന്നെ ഓഫിസിലെത്തിക്കുമ്പോഴും എന്റെ ഉള്ള് വിറക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍, ഇത്ര വികൃതമായ രൂപത്തില്‍ എന്റെ മതം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നു വണ്ടി തിരിച്ചെടുക്കവേ ഡ്രൈവര്‍ പറഞ്ഞെന്നും അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."