HOME
DETAILS
MAL
കപില്‍ മിശ്ര, നിങ്ങളൊരു മനുഷ്യനാണോ?
backup
February 26 2020 | 03:02 AM
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കത്തുകയാണ് എന്നല്ല പറയേണ്ടത്. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് കത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ സംഘ്പരിവാര്‍ നിരന്തരം ഓര്‍മിപ്പിച്ചിരുന്നൊരു സംഭവമുണ്ടായിരുന്നു, ഗുജറാത്ത്. ഗുജറാത്ത് കലാപം. അതു ഡല്‍ഹിയിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് സംഘ്പരിവാറും കേന്ദ്രസര്‍ക്കാരുമെന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
കപില്‍ മിശ്രയെന്ന ബി.ജെ.പിയുടെ നേതാവാണ് ഈ 'കലാപ'ത്തിനു തിരികൊളുത്തിയതെന്നു നിസംശയം പറയാം. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍കൊണ്ട് കളംനിറഞ്ഞയാളാണ് കപില്‍ മിശ്ര.
ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരത്തെ നിരന്തരം വിമര്‍ശിക്കുകയും പ്രതിഷേധക്കാരെ വെടിവയ്ക്കണമെന്നും ഇന്ത്യ-പാകിസ്താന്‍ പോരാട്ടമെന്നുമൊക്കെ പ്രസ്താവിക്കുകയും അതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നേരിടുകയും ചെയ്തു. എന്നാല്‍, വിദ്വേഷ പ്രസ്താവനകള്‍ നിര്‍ത്താന്‍ അയാള്‍ തയാറായില്ലെന്നു മാത്രമല്ല, അതു നിര്‍ത്തിക്കാന്‍ നിയമപാലകരില്‍നിന്നു നടപടിയുമുണ്ടായില്ല. അതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കാണുന്നത്.
കപില്‍ മിശ്ര ആംആദ്മി പാര്‍ട്ടിക്കാരനായിരുന്നു. എന്നുമാത്രമല്ല, 2013ല്‍ ആംആദ്മിക്കു വേണ്ടി മത്സരിച്ച് പരാജയപ്പെട്ടു. 2015ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ അടുപ്പക്കാരനായിരുന്ന ഇയാള്‍ മന്ത്രിസഭയില്‍ അംഗവുമായി. അന്നും ഇയാള്‍ ബി.ജെ.പി വേദികളില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് എ.എ.പി ഇയാളെ പുറത്താക്കി. പിന്നാലെ കപില്‍ മിശ്ര ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്ന ഇദ്ദേഹം വീണ്ടും കലാപാഹ്വാനവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയുന്നതുവരെ തങ്ങള്‍ കാക്കുമെന്നും എന്നിട്ടും സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്നുമായിരുന്നു കപില്‍ മിശ്രയുടെ പ്രസ്താവന.
ഡല്‍ഹിയുടെ തെരുവുകള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്നും ഭീഷണിയുണ്ടായി. ഇതിനു പിന്നാലെയാണ് ഡല്‍ഹിയുടെ തെരുവുകളില്‍ സംഘടിത ആക്രമണങ്ങള്‍ അരങ്ങേറിയത്. പൊലിസ് നോക്കിനില്‍ക്കേ, എറിയാനുള്ള കല്ലുകള്‍ ട്രക്കുകളില്‍ കൊണ്ടുവന്ന് ഇറക്കിയും മുസ്‌ലിം വീടുകളും കടകളും ആരാധനാലയങ്ങളും തെരഞ്ഞുപിടിച്ച് അക്രമിച്ചും സംഘ്പരിവാര്‍ അഴിഞ്ഞാടിയതോടെ ഇത് ആസൂത്രിതമാണെന്ന് ഉറപ്പാകുകയായിരുന്നു. സംഘര്‍ഷം പെട്ടെന്നുതന്നെ വ്യാപിച്ചതും ഇതിനു തെളിവാണ്.
പിന്നാലെ മാധ്യമപ്രവര്‍ത്തകരെ വരെ ആക്രമിച്ചു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ റിപ്പോര്‍ട്ട് ചെയ്യാനോ അനുവദിക്കാതെ ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോഴും പൊലിസ് നോക്കിനില്‍ക്കുകയായിരുന്നു. മതമേതെന്ന് ചോദിച്ച്, മുസ്‌ലിംകളെ ആക്രമിച്ചവര്‍, മറ്റു മതക്കാരെ പ്രതിഷേധിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാത്തവരെ അക്രമിക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ഞായറാഴ്ച ഡല്‍ഹിയില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ റാലിയും നടത്തിയിരുന്നു.
ഇതിലും ഡല്‍ഹിയുടെ പല പ്രദേശങ്ങളിലും നടക്കുന്ന സമരക്കാരെ ഒഴിപ്പിക്കണമെന്ന് ഇദ്ദേഹം പൊലിസിന് അന്ത്യശാസനം നല്‍കിയിരുന്നു. മൂന്നു ദിവസത്തിനകം സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്നും പിന്നീട് നിങ്ങള്‍ പറയുന്നതു കേട്ടെന്നുവരില്ലെന്നുമായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി.
ഇതിനു പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. എന്നാല്‍, തന്റെ പ്രസ്താവനകള്‍ വിവാദമാകുകയും ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് കപില്‍ മിശ്ര രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."