പാസ്‌പോര്‍ട്ട് ഓപ്പണ്‍ ഹൗസ്: മലയാളികളടക്കം നൂറു കണക്കിന് പ്രവാസികള്‍ക്കു ആശ്വാസമായി
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ നടന്ന പാസ്‌പോര്‍ട്ട് ഓപ്പണ്‍ ഹൗസ് മലയാളികളടക്കം നൂറു കണക്കിന് പ്രവാസികള്‍ക്കു ആശ്വാസമായി. പാസ്‌പോര്‍ട്ടുകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് സൗകര്യമൊരുക്കാനും പുതിയ നിയമ ഭേദഗതികള്‍ പ്രവാസികളെ ബോധവത്കരിക്കാനുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. 850 അപേക്ഷകരാണ് എത്തിയത്. പരിപാടിയുടെ ഭാഗമായി കോണ്‍സുലേറ്റ് അധികൃതരുടെ നേതൃത്വത്തില്‍ സംഘടനാ പ്രതിനിധികള്‍ക്ക് പാസ്‌പോര്‍ട്ട് നിയമത്തിലെ ഭേദഗതി സംബന്ധിച്ച് ക്ലാസ് നടത്തി. പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ പ്രവാസികളുമായി പങ്കുവയ്ക്കലാണ് ഓപ്പണ്‍ ഹൗസിന്റെ പ്രധാന ലക്ഷ്യം. ഈ പരിപാടി തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
1980ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 15 അനുച്ഛേദങ്ങള്‍ ചുരുക്കി ഒമ്പതാക്കി എന്നതാണ് പുതിയ പരിഷ്‌കാരത്തിലെ പ്രത്യേകത. പുതിയ പരിഷ്‌കാരമനുസരിച്ച് 1989 ജനുവരി 26 ശേഷം ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാവിന്റെയും പിതാവിന്റെയും പേര് ചേര്‍ക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും ഒരാളെ ചേര്‍ത്താല്‍ മതിയാകും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. അസ്സല്‍ രേഖകള്‍ക്കൊപ്പം നല്‍കുന്ന കോപ്പികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഇന്നലെ തിരുത്തല്‍ അപേക്ഷകളുമായത്തെിയ പലരുടെയും പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമായിരുന്നു. ഇതിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനേ അധികൃതര്‍ക്ക് സാധിച്ചുള്ളൂ. അഞ്ചു വര്‍ഷത്തിനകം സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ഓപ്പണ്‍ ഫോറത്തിലൂടെ അവസരമുണ്ടായിരുന്നു. രാവിലെ മുതല്‍ അപേക്ഷകരുടെ ഒഴുക്കായിരുന്നു. പ്രവാസികളുടെ സൗകര്യാര്‍ഥം വ്യത്യസ്ത കൗണ്ടറുകളൊരുക്കി. പേര്, വിലാസം തുടങ്ങിയവയിലെ മാറ്റം, ഭാര്യയുടെ പേര് ചേര്‍ക്കല്‍, പിതാവിന്റെ പേരിലെ മാറ്റം തുടങ്ങി പല തരം മാറ്റങ്ങള്‍ക്ക് വ്യത്യസ്ത കൗണ്ടറുകളില്‍ അപേക്ഷകര്‍ക്ക് സേവനം നല്‍കി.
അപേക്ഷകരെ സഹായിക്കാന്‍ ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ സഹകരണം പരിപാടിയിലുടനീളമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."