കൊട്ടിയൂര്‍ പീഡനം : പ്രതിയെ രക്ഷിക്കാന്‍ സി.ഡബ്ല്യു.സി ചെയര്‍മാനും അംഗവും ശ്രമിച്ചു
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ പീഡനത്തെ തുടര്‍ന്ന് 16കാരി പ്രസവിച്ച സംഭവത്തില്‍ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകവും അംഗം സിസ്റ്റര്‍ ഡോ.ബെറ്റിയും ശ്രമിച്ചത് പ്രതിയെ രക്ഷിക്കാന്‍.
കുഞ്ഞിനെ ഏറ്റെടുക്കാതെ നിയമവിരുദ്ധമായി വൈത്തിരിയിലെ എച്ച്.ഐ.എം ഫൗണ്ട്‌ലിങ് ഹോമിന് വിട്ട് കൊടുക്കുകയായിരുന്നു. പീഡനമെന്ന് തെളിഞ്ഞിട്ടും ഗുരുതരമായ കുറ്റം മറച്ചുവച്ചെന്നും കണ്ടെത്തി. ബാലനീതി നിയമം35 അനുസരിച്ച് എല്ലാ അന്വേഷണവും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ സി.ഡബ്ല്യു.സിയാണ് ഏറ്റെടുക്കേണ്ടത്.
എന്നാല്‍ സിസ്റ്റര്‍ ബെറ്റി ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വൈത്തിരിയിലെ എച്ച്.ഐ.എം ഫൗണ്ട്‌ലിങ് ഹോമിന് വിട്ട് കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം18 എന്ന് സറണ്ടര്‍ ഡീഡിലുണ്ട്. അങ്ങനെയെങ്കില്‍ 17വയസ് മുതല്‍ പെണ്‍കുട്ടി പീഡനത്തിനിരയായി എന്ന് വ്യക്തമാണ്.
ഈ സത്യം മറച്ച് വെച്ചു. അവിഹിത ബന്ധത്തിലാണ് കുഞ്ഞ് ജനിച്ചതെന്ന് ഡീഡില്‍ വ്യക്തമാക്കിയിട്ടും പിതൃത്വം സംബന്ധിച്ച വസ്തുതകള്‍ അന്വേഷണത്തിന് വിധേയമാക്കിയില്ല.
രണ്ടുമാസം കഴിഞ്ഞാല്‍ നിയമപരമായി സമീപിക്കുന്ന ആര്‍ക്കും ദത്തുനല്‍കാമെന്ന് സറണ്ടര്‍ ഡീഡിലുണ്ട്. ഇത് തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് വേണം കരുതാന്‍.
സറണ്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ അംഗങ്ങള്‍ ഒപ്പിടുന്നതിനുമുന്‍പ് വ്യക്തമായി അന്വേഷണം നടത്തണമെന്നാണ് ബാലാവകാശനിയമം. ഇവിടെ കുട്ടിയെ ഹാജരാക്കിയ ഫെബ്രുവരി 20ന് ഒരന്വേഷണവും നടത്താതെ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.
ശേഷം സറണ്ടര്‍ ഉത്തരവില്‍ ചെയര്‍മാന്‍ ഫാദര്‍ ജോസഫും ഒപ്പ് വെച്ചു. കുഞ്ഞിനെ സറണ്ടര്‍ ചെയ്യേണ്ടത് സി.ഡബ്ല്യു.സിക്ക് മുമ്പാകെയാണ്. രഹസ്യസ്വഭാവമുള്ള സംഭവങ്ങളില്‍ ഒരു അംഗത്തിന് മുമ്പാകെയും സറണ്ടര്‍ ചെയ്യാം.
എന്നാല്‍ സി.ഡബ്ല്യു.സി യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയാല്‍ മാത്രമേ നടപടി പൂര്‍ത്തിയാകൂ. മാതാവിന്റെ പേര് അറിഞ്ഞിട്ടും അണ്‍നോണെന്നാണ് രേഖപ്പെടുത്തിയത്. ഇതേ ദിവസം തന്നെ സി.ഡബ്ല്യു.സി യോഗം ചേര്‍ന്നെങ്കിലും വിവരങ്ങള്‍ മറ്റ് അംഗങ്ങളില്‍ നിന്നും മറച്ചുവച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്നറിഞ്ഞിട്ടും പെണ്‍കുട്ടി വലിപ്പമുണ്ടെന്ന കാരണം പറഞ്ഞ് വയസ് സംബന്ധിച്ച് അന്വേഷിച്ചില്ല. ഇത്തരം ഗുരുതര ആരോപണങ്ങളാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്.
കുറ്റക്കാര്‍ക്കെതിരേ നടപടി ഉടന്‍: മന്ത്രി
കല്‍പ്പറ്റ:16കാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച വയനാട് സി.ഡബ്ല്യു.സി ചെയര്‍മാനെയും അംഗത്തേയും തല്‍സ്ഥാനത്തുനിന്നു നീക്കുമെന്നു മന്ത്രി കെ.കെ ശൈലജ. ഇവര്‍ കുറ്റംചെയ്തതായി തെളിഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ നടപടിയുണ്ടാകും.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സാമൂഹികനീതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."