റെക്കോര്‍ഡിന്റെ തിളക്കത്തില്‍ ലിയോണ്‍
ബംഗളൂരു: ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി നതാന്‍ ലിയോണ്‍ നിറഞ്ഞപ്പോള്‍ ചില റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരിലാക്കി. ഇന്ത്യന്‍ മണ്ണില്‍ ഒരു വിദേശ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണു ലിയോണ്‍ ബംഗളൂരുവില്‍ നടത്തിയത്. ഇന്ത്യന്‍ മണ്ണിലെ ഏറ്റവും മികച്ച നാലാമത്തെ പ്രകടനമായും ടെസ്റ്റില്‍ ഒരു ഓസീസ് താരത്തിന്റെ മികച്ച ആറാമത്തെ പ്രകടനമായും ഇതു മാറി.
8/50- ഒരു ഓസീസ് സ്പിന്നറുടെ മികച്ച രണ്ടാമത്തെ പ്രകടനം. 1920-21 കാലത്ത് ആഷസ് പോരാട്ടത്തില്‍ ആര്‍തര്‍ മെയ്‌ലി 121 റണ്‍സ് വഴങ്ങി ഒന്‍പതു വിക്കറ്റുകള്‍ വീഴ്ത്തിയതാണു മികച്ച പ്രകടനം.
8/64- ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്‌നര്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തിയ ഈ പ്രകടനമായിരുന്നു നേരത്തെ ഒരു സന്ദര്‍ശക ബൗളറുടെ മികച്ച പോരാട്ടം.
3- ലിയോണ്‍ ഇതു മൂന്നാം തവണയാണു ഇന്ത്യക്കെതിരേ എഴോ അതിലധികമോ വിക്കറ്റുകള്‍ നേടുന്നത്. 2012-13 കാലത്ത് 94 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റുകളും 2014-15 കാലത്ത് 152 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റുകളും ലിയോണ്‍ നേടിയിരുന്നു. നേരത്തെ മുത്തയ്യ മുരളീധരന്‍, ലാന്‍സ് ഗിബ്ബ്‌സ്, റായ് ലിന്‍ഡ്‌വെല്‍ എന്നിവരും രണ്ടിലധികം തവണ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
58- ഇന്ത്യക്കെതിരായ വിക്കറ്റ് നേട്ടം ലിയോണ്‍ 58ല്‍ എത്തിച്ചു. ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഓസീസ് ബൗളറായി ലിയോണ്‍ ഇതോടെ മാറി. 53 വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രെറ്റ് ലീയുടെ നേട്ടമാണു വഴിമാറ്റിയത്.
5- കരിയറില്‍ അഞ്ചാം തവണയാണ് പൂജാര, കോഹ്‌ലി, രഹാനെ എന്നിവര്‍ ലിയോണിനു മുന്നില്‍ വീഴുന്നത്. പൂജാരയും രഹാനെയും കരിയറില്‍ ആദ്യമായാണു ഒരു ബൗളര്‍ക്ക് ഇത്രയും തവണ വിക്കറ്റ് സമ്മാനിക്കുന്നത്. കോഹ്‌ലിയെ നേരത്തെ ആന്‍ഡേഴ്‌സന്‍ അഞ്ചു തവണ വീഴ്ത്തിയിട്ടുണ്ട്.
131.50- ലിയോണിനെതിരേ മുരളി വിജയിക്കാണു ഏറ്റവും മികച്ച ആവറേജ്. മറ്റൊരാള്‍ക്കും താരത്തെ കാര്യമായി വെല്ലുവിളിക്കാന്‍ സാധിച്ചിട്ടില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ പരുക്കേറ്റ് വിജയിക്ക് ബംഗളൂരുവില്‍ ഇറങ്ങാന്‍ സാധിച്ചതുമില്ല.
1977- മൂന്നോ അധിലധികമോ തവണ തുടര്‍ച്ചയായി 200 റണ്‍സിനപ്പുറം പോകാതെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചത് നേരത്തെ 1977 കാലത്തായിരുന്നു. പൂനെ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ഇപ്പോള്‍ ബംഗളൂരുവിലും ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."