HOME
DETAILS
MAL
ഡല്‍ഹി തുറന്നുകാട്ടുന്ന സംഘ്പരിവാര്‍ ഭീകരത
backup
February 27 2020 | 01:02 AM
ഭാര്യയും മകളും മരുമകനുമൊത്ത് ഇന്ത്യയിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആകപ്പാടെ പറയാനുണ്ടായിരുന്നത് 'ജനം മുഴുവന്‍ സ്‌നേഹിക്കുന്ന, മഹാനായ മോദി' യെ കുറിച്ചായിരുന്നു. എന്നാല്‍, ട്രംപ് അഹമ്മദാബാദിലെ ജനക്കൂട്ടത്തെ കണ്ട് അര്‍മാദിക്കുമ്പോഴും ആഗ്രയില്‍ താജ്മഹലില്‍ ചെന്ന് പത്‌നി മെലാനിയയുടെ കൈമുറുകെ പിടിച്ച് സ്‌നേഹത്തിന്റെ ശാശ്വതസൗധം കണ്ടാസ്വദിക്കുമ്പോഴും തന്റെ ഉറ്റതോഴന്റെ ശിഷ്യന്മാര്‍, തലസ്ഥാന നഗരിയില്‍ പൗരത്വ നിയമ ഭേദഗതിയില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവക്കെതിരേ നിഷ്ഠൂര അക്രമങ്ങള്‍ അഴിച്ചുവിട്ട് ഭീകരതയുടെ പുതിയ മുഖങ്ങള്‍ തുറന്നിടുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയോ ആവോ? ഗുജറാത്തിലെ ചേരിപ്രദേശം മറച്ചുപിടിക്കാന്‍ വന്‍മതില്‍ കെട്ടിയ ബി.ജെ.പി ഭരണകൂടത്തിന് പക്ഷെ, യു.എസ് പ്രസിഡന്റ് നഗരത്തില്‍ തങ്ങുമ്പോള്‍ ഡല്‍ഹി കത്തിയെരിഞ്ഞതും മനുഷ്യമാംസം ചുട്ട ഗന്ധം പരന്നതും മറച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആര്‍.എസ്.എസ്, വി.എച്ച്.പി, ബി.ജെ.പി ഗുണ്ടകള്‍ വെടിവയ്പ്പ് നടത്തിയും കബന്ധങ്ങള്‍ കുന്നുകൂട്ടിയും മുസ്‌ലിംകളുടെ വീടുകളും കടകളും കത്തിച്ചാമ്പലാക്കുകയും ചെയ്തപ്പോള്‍ കലാപത്തിന്റെ പുകച്ചുരുളുകള്‍ സ്വര്‍ണത്തളിക കൊണ്ട് മൂടിവയ്ക്കാന്‍ മോദി, അമിത് ഷാ പ്രഭൃതികള്‍ക്ക് സാധിക്കുമായിരുന്നില്ല.
പൊടുന്നനവെ ഏതെങ്കിലും സംഭവവികാസത്തിന്റെ പ്രത്യാഘാതമായി പൊട്ടിപ്പുറപ്പെട്ടതല്ല തിങ്കളാഴ്ച തുടക്കമിട്ട അക്രമപരമ്പര. ഒരു പൊലിസുകാരനടക്കം ഇതിനകം 27 പേരുടെ മരണത്തില്‍ കലാശിച്ച കാപാലികത സംഘ്പരിവാറിന്റെ ആസൂത്രിത സൃഷ്ടിയാണ്. കാലേക്കൂട്ടി തീരുമാനിച്ച പ്രകാരം ഡല്‍ഹിക്ക് പുറത്തുനിന്ന് ഇറക്കുമതി ചെയ്ത ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗദള്‍ ഗുണ്ടകളാണ്, കാവി രാഷ്ട്രീയക്കാരുടെ പിണിയാളുകളായി അധഃപതിച്ച ഡല്‍ഹി പൊലിസുമായി കൈകോര്‍ത്ത് കൊടും ഭീകരത പുറത്തെടുത്തത്. അതിനു പദ്ധതിയിട്ടതും പ്രചോദനം നല്‍കിയതുമാവട്ടെ, ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പിയിലേക്ക് കാലുമാറിയ മുന്‍ എം.എല്‍.എ കപില്‍ മിശ്ര എന്ന യുവവര്‍ഗീയവാദിയും.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രണ്ടുമാസത്തിലേറെയായി തുടരുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ എടുത്തുപറയേണ്ട സവിശേഷത അതിന്റെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയാണ്. എന്നാല്‍ ഈ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കി കൊല്ലാനുമായിരുന്നു തുടക്കം മുതല്‍ മോദിസര്‍ക്കാരില്‍നിന്നും ഹിന്ദുത്വ ഭീകരവാദികളില്‍നിന്നും ശ്രമങ്ങളുണ്ടായത്. ഇതിനകം യു.പിയില്‍ 21പേര്‍ക്കും കര്‍ണാടകത്തില്‍ രണ്ടുപേര്‍ക്കും ഈ സമരാങ്കണത്തില്‍ ജീവന്‍ ബലികൊടുക്കേണ്ടിവന്നിട്ടുണ്ട്. അനിശ്ചിത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പ്രക്ഷോഭകരെ ഭീഷണിപ്പെടുത്തിയും സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ആര്‍.എസ്.എസിന് അറിയുന്ന ഏക ഭാഷയായ ഹിംസയിലൂടെ ജനാധിപത്യ വിശ്വാസികളെ നേരിടാന്‍ തീരുമാനിച്ചത്. ഈ കാട്ടാളത്തത്തിനു മോദിയുടെയും അമിത് ഷായുടെയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും പിന്തുണയും ആശീര്‍വാദവുമുണ്ടെന്നതില്‍ സംശയം വേണ്ടാ. ഹിംസയുടെ ഉപാസകരുടെ മുന്നില്‍ ഒരൊറ്റ ശത്രുക്കളേയുള്ളൂ. ന്യൂനപക്ഷങ്ങള്‍ തന്നെ!.
ചോരയില്‍ മുക്കിക്കൊല്ലല്‍
പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന്, മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും വിദേശ മുദ്ര ചാര്‍ത്തി നാട് കടത്താനുമുള്ള ഗൂഢപദ്ധതികളുമായി മോദി സര്‍ക്കാര്‍ രംഗത്തുവരുന്നുണ്ട് എന്നറിഞ്ഞത് മുതല്‍ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ പ്രഥമഘട്ടം പിന്നിടുമ്പോഴാണ് അക്രമത്തിന്റെ 'ഗുജറാത്ത് പരീക്ഷണങ്ങള്‍' നടപ്പാക്കുന്നത്. 'അന്തിമപരിഹാരം' ഇതുവഴി സാധ്യമാവുമെന്ന് ആര്‍.എസ്.എസ് മുമ്പേ പഠിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച തലസ്ഥാന നഗരിയില്‍ സംഭവിച്ചത് മുഴുവനും സംഘ്പരിവാറിന്റെ ക്രൂരമുഖമാണ് തുറന്നുകാട്ടുന്നത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം മുഖം നഷ്ടപ്പെട്ട ബി.ജെ.പി, ഒന്നാംലോകയുദ്ധത്തില്‍ തോറ്റമ്പിയ ജര്‍മനിയുടെ മനോഘടനയിലാണ്. തങ്ങളുടെ തോല്‍വിക്ക് മുഖ്യകാരണം, ന്യൂനപക്ഷങ്ങള്‍ ഏകോപിതമായി കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തതാണ് എന്ന് മനസിലാക്കിയ ബി.ജെ.പി നേതൃത്വം വ്യാപകമായ വര്‍ഗീയ ധ്രുവീകരണത്തിനുള്ള കോപ്പ് കൂട്ടാന്‍ തീരുമാനിച്ചു. കപില്‍ മിശ്ര എന്ന ബി.ജെ.പി നേതാവിന്റെ പങ്ക് ഇവിടെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ് മെട്രാസ്റ്റേഷനു സമീപത്തെ ഷഹീന്‍ബാഗ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന ദുശ്ശാഠ്യത്തോടെ, പങ്കജ് എന്ന സോഷ്യലിസ്റ്റിന്റെ ഈ മകന്‍ ട്വിറ്റര്‍ സന്ദേശം വഴി പൊലിസിനും മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ട്രംപ് ഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ മേഖലയില്‍ കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് ഇക്കൂട്ടര്‍ റോഡുകള്‍ അടക്കുന്നതെന്നും ട്രംപ് വന്നുപോകുന്നത് വരെ മാത്രമേ തങ്ങള്‍ കാത്തിരിക്കുള്ളൂവെന്നും അതിനു ശേഷം ഇവിടെ സമരപ്പന്തല്‍ കണ്ടാല്‍ ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്നൊക്കെ ഈ മനുഷ്യന്‍ താക്കീത് നല്‍കുകയുണ്ടായി.
എന്നാല്‍, സംഭവിച്ചതാവട്ടെ, ട്രംപ് ഡല്‍ഹി വിടുന്നതിനു മുമ്പുതന്നെ, വരാന്‍പോകുന്ന കലാപത്തിന്റെ മാതൃക ഇക്കൂട്ടര്‍ പുറത്തെടുത്തു കാണിച്ചുകൊടുത്തു. കാറുകളിലും ഓട്ടോറിക്ഷകളിലും സമരക്കാര്‍ക്കെതിരേ എറിയാന്‍ കല്ലുകള്‍ കാലേക്കൂട്ടി കൊണ്ടിടുന്നതിന് ദൃക്‌സാക്ഷികളുണ്ട്. വാഹനങ്ങളില്‍നിന്ന് പെട്രാള്‍ ഊറ്റി ബോംബുകള്‍ നിര്‍മിച്ച് മുസ്‌ലിംകളുടെ വീടുകള്‍ അഗ്നിക്കിരയാക്കി. രണ്ടു സമരപ്പന്തലുകള്‍ക്ക് തീ കൊളുത്തി. സമരപ്പന്തലില്‍നിന്ന് സ്ത്രീകളടക്കമുള്ളവര്‍ ചിന്നിച്ചിതറി ഓടി. പട്ടാപ്പകല്‍ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ കത്തിച്ചാമ്പലാക്കി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പൊലിസിന്റെ വെടിയുണ്ടയേറ്റാണ്. പരുക്കേറ്റ 150പേരില്‍ ഭൂരിഭാഗത്തിനും വെടിയേറ്റിട്ടുണ്ട്. ഭ്രാന്ത് മൂത്ത പട്ടിയെ തെരുവിലിറക്കിയതിന്റെ പ്രതീതിയാണ് ഡല്‍ഹി പൊലിസിന്റെ പെരുമാറ്റം ഓര്‍മിപ്പിച്ചത്.
നീണ്ട വടിയും ഹോക്കി സ്റ്റിക്കുമായി ഒരു കൂട്ടം അക്രമികള്‍ ഒരു മുസ്‌ലിമിനെ വളഞ്ഞുവച്ച് തല്ലിച്ചതക്കുന്ന ഫോട്ടോ റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടതോടെ, ലോകമറിഞ്ഞു മോദിയുടെ ഇന്ത്യയില്‍ എന്താണ് നടമാടുന്നതെന്ന്. മാധ്യമ പ്രവര്‍ത്തകരെപോലും വെറുതെ വിട്ടില്ല. വിഭജന കാലഘട്ടത്തിലെ വര്‍ഗീയ പ്രക്ഷുബ്ധതയെ ഓര്‍മിപ്പിക്കുമാറ്, ടൈംസ് ഓഫ് ഇന്ത്യയൂടെ ഫോട്ടോഗ്രഫര്‍ അനിന്ദ്യാ ചതോപാധ്യായയോട് മുസ്‌ലിമാണോ എന്നറിയാന്‍ പാന്റ്‌സിന്റെ സിബ് തുറന്നുകാണിക്കാന്‍ ആവശ്യപ്പെട്ടു!
ഈ ദുരന്തത്തിലെ ഏറ്റവും നടുക്കുന്ന വശം പൊലിസിന്റെ പക്ഷപാതിത്വമാണ്. പൊലിസും സംഘ്പരിവാറും ചേര്‍ന്നാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. എത്രത്തോളമെന്നുവെച്ചാല്‍ അശോക് നഗറില്‍ ഏതാനും തെമ്മാടികള്‍ ഓടിച്ചെന്ന് പള്ളിക്കു തീ വയ്ക്കുമ്പോള്‍ തൊട്ടടുത്ത് നാലഞ്ച് പൊലിസുകാര്‍ ചിരിയടക്കാനാവാതെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെത്ര. സംഘികള്‍ വാനുകളില്‍ ഭക്ഷണം കൊണ്ടുവന്ന് റോഡരികില്‍ നില്‍ക്കുന്ന പൊലിസുകാര്‍ക്ക് വിതരണം ചെയ്തപ്പോള്‍ ഒന്നിച്ചിരുന്ന് അത് കഴിക്കുന്ന കാഴ്ച മോദി യുഗത്തില്‍ രാജ്യത്തിന്റെ പതനം എവിടെ വരെ എത്തിയെന്ന് വിളിച്ചുപറയുന്നു. മുസ്തഫബാദിലെ അല്‍ ഹിന്ദ് ഹോസ്പിറ്റലില്‍നിന്ന് വെടിയേറ്റ് പരുക്കേറ്റ 50പേരെ ഗുരുതേജ് ബഹാദൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് വഴി തുറന്നുകിട്ടാന്‍ പാതിരാവില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്ന അനുഭവം രാജ്യചരിത്രത്തില്‍ ആദ്യത്തേവാം. ഡല്‍ഹി ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ പാതിരാവില്‍ ഒന്നര മണിക്കാണ് ഇരകളായ ഈ മുസ്‌ലിംകള്‍ക്ക് ആശുപത്രിയിലേക്കുള്ള സുരക്ഷിത വഴി ഒരുക്കിക്കൊടുക്കണമെന്ന് പൊലിസ് മേധാവികളോട് കല്‍പിക്കുന്നത്. ജനാധിപത്യ ഇന്ത്യ എന്തുമാത്രം വളര്‍ന്നു!
മതേതര ചേരിയുടെ നിസ്സംഗത;
അരവിന്ദ് കെജ്‌രിവാളിന്റെയും
മുമ്പ് മോദിയുടെ ഗുജറാത്തില്‍ സംഭവിച്ചത് തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങുതകര്‍ക്കുന്നത്. വിദ്വേഷം വിതച്ച് അക്രമം കൊയ്യുക. അതുവഴി മുസ്‌ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുക. ചോദിക്കാനോ പറയാനോ ആരുമില്ലാത്ത ഭീകരമായൊരവസ്ഥ. കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ കപില്‍ മിശ്ര പരസ്യമായി പറഞ്ഞു; ഇവിടെ നടക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധമാണെന്ന്. ഷഹീന്‍ ബാഗിനെതിരെയും ഈ മനുഷ്യന്‍ വര്‍ഗീയത തുപ്പി. ഈ സമരപ്പന്തല്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് കടന്നുവന്നതിന്റെ തെളിവാണെന്നും കൊച്ചുപാകിസ്താന്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞുവെന്നും തട്ടിവിട്ടു. തിളങ്ങുന്ന തെരഞ്ഞെടുപ്പ് വിജയവുമായി വീണ്ടും അധികാരത്തിലേറിയ കെജ്‌രിവാളിന് തലസ്ഥാന നഗരി കത്തുമ്പോള്‍ ഒന്നും ചെയ്യാനില്ലേ എന്ന ചോദ്യത്തിന്, ഇത്തരം ദുരന്തഘട്ടങ്ങളില്‍ ഈ മനുഷ്യനില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ട എന്ന ഉത്തരമായിരിക്കും കിട്ടുക. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത, 2012 തൊട്ട് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു യുവാവ് ഇത്രക്കും വര്‍ഗീയവാദിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിക്ക് അറിയാമായിരുന്നില്ലേ? മതേതര രാഷ്ട്രീയത്തെ കുറിച്ചുള്ള അവസാനത്തെ സ്വപ്നവും പൊലിയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
ഡല്‍ഹി മഹാനഗരം കത്തിയെരിയുമ്പോള്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്ന പ്രതീതിയില്‍ കെജ്‌രിവാള്‍ ഓഫിസില്‍ സ്വസ്ഥമായി ഇരിക്കുകയായിരുന്നു. പിന്നീട് പരുക്കേറ്റവരെ സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന് ആകെ പറയാനുണ്ടായിരുന്നത് ആശുപത്രിയില്‍ കിടക്കുന്നവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട് എന്നാണ്. വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കിയിട്ടു കാര്യമില്ല, പൗരന്മാര്‍ക്ക് ജീവനോടെ സ്വസ്ഥമായി കഴിയാന്‍ സാഹചര്യമുണ്ടാവണം എന്ന പ്രാഥമിക പാഠം കെജ്‌രിവാള്‍ പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. ഒരു അര്‍ധ സംഘിയായാണ് കെജ്‌രിവാള്‍ ഈ പ്രക്ഷുബ്ധ ഘട്ടത്തില്‍ പെരുമാറുന്നത്. സംഘികള്‍ തകര്‍ത്തെറിഞ്ഞ പള്ളി മിനാരത്തിന്റെ ശേഷിപ്പില്‍ നാട്ടിയ കൊടി ഹനുമാന്റേതാണ്; വിജയം കൊണ്ടാടാന്‍ കെജ്‌രിവാള്‍ ഉയര്‍ത്തിയ അതേ പതാക. തലസ്ഥാന നഗരിയില്‍നിന്ന് ഉയരുന്ന കറുത്ത പുകച്ചുരുളുകള്‍ കണ്ട് രാജ്യം ഞെട്ടുമ്പോള്‍, മുഖ്യാധാര പാര്‍ട്ടികള്‍ മാളത്തില്‍നിന്ന് തലപുറത്തെടുക്കാന്‍ ധൈര്യപ്പെടുന്നില്ല. തങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്ന നിസ്സംഗ ഭാവത്തോടെ!
ന്യൂനപക്ഷങ്ങളുടെ സുരക്ഷ തങ്ങളുടെ കരങ്ങളിലാണെന്ന് സദാ ഉരുവിടുന്ന പാര്‍ട്ടികളുടെ ഏതെങ്കിലും നേതാവിന് കലാപ കലുഷിതമായ മേഖലയിലൂടെ മാധ്യമപ്രവര്‍ത്തകരോടൊപ്പമെങ്കിലും സന്ദര്‍ശിക്കാന്‍ ധൈര്യമുണ്ടായോ? ഇല്ല. ഇരകള്‍ക്ക് വേണ്ടി വല്ലതും ചെയ്യാനൊരുങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം താങ്ങേണ്ടിവരും എന്ന കണക്കുകൂട്ടലില്‍ ഒളിച്ചിരിക്കുകയാണ് സെക്കുലര്‍ ഉത്തരീയമണിഞ്ഞ പല മഹാരഥന്മാരും. ഇവരെയൊക്കെ പണ്ടേ വേണ്ടവിധം അടയാളപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് എന്നത് മാത്രമാണ് സമാധാനം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."